രചന : അനിൽ നീണ്ടകര ✍
പ്രിയകവി ഇടശ്ശേരിയുടെ ഓർമ്മ ദിനമാണ് ഇന്ന്. ഇടശ്ശേരിയെയും വൈലോപ്പിള്ളിയെയും ഓർത്തു കൊണ്ടെഴുതിയ ചില വരികൾ ഇന്ന് ഇവിടെ കുറിക്കട്ടെ.🌹🌹🌹
ചേനയും കാച്ചിലും പോലെയാണ്
ഇടശ്ശേരിയുടെയും
വൈലോപ്പിള്ളിയുടെയും കവിത.
കുഴിച്ചുമൂടിയാലും
മുളച്ചുപൊന്തും.
നൊമ്പരങ്ങളെ
പച്ചിലക്കുട ചൂടിച്ച്
‘കണ്ണീരുപ്പു പുരട്ടാതെ
എന്തിനു ജീവിതപലഹാരം?’
എന്നു ചേർത്തുപിടിക്കും.
സംഭ്രമക്കണ്ണിൽ
അലിവോടെ നോക്കി
‘ഇരുൾക്കുഴിമേലെ രഥയാത്ര
എന്തു രസ’മെന്നു കവിളിൽ തട്ടും.
ചെവിയിൽ തീച്ചുണ്ടമർത്തി
‘പുഞ്ചിരി കുലീനമാം കള്ള’മെന്നു
ഉള്ളുരഞ്ഞു സത്യം പൊടിക്കും.
അകമേ ചുറ്റിപ്പടർന്ന്,
ചാകാനെടുത്ത കയർകൊണ്ട്
‘വാ നമുക്കൂഞ്ഞാലാടാം’
എന്നു വെളിച്ചത്തിന്റെ
സ്ഫോടനം തീർക്കും.
അവരെഴുതുമ്പോൾ
കുഞ്ഞുറുമ്പും
കൗതുകക്കണ്ണുമായ്
പേനത്തുമ്പിൽ കാവലിരിക്കും.
