രചന : സഫി അലി താഹ.✍
ഹിജാബ് ധരിച്ചാൽ സ്വർഗ്ഗത്തിൽ പോകുമോ എന്ന് ചോദിച്ചാൽ,അതുമാത്രം കൊണ്ട് സ്വർഗ്ഗത്തിൽ പോകാമെന്ന മൂഢധാരണ എനിക്കില്ലെന്നാണ് ഉത്തരം.
പിന്നെ നീയെന്തിനാണ് ഈ തട്ടം ചുറ്റുന്നത് എന്നെന്നോട് ചോദിച്ചാൽ,
ശീലിച്ചു പോയി,നമ്മൾ ശീലിച്ച ഏതൊരു കാര്യവും നമുക്കൊപ്പം ഇല്ലെങ്കിൽ നമ്മിലേക്ക് ചേക്കേറുന്ന ആത്മവിശ്വാസമില്ലായ്മയെ പുറത്താക്കാനുള്ള ആയുധമാണ് ഹിജാബ്.ശീലങ്ങളൊക്കെയും എനിക്ക് വിട്ടുനിൽക്കാൻ കഴിയാത്ത നിർബന്ധങ്ങളിൽനിന്നും ഉരുതിരിഞ്ഞവയാണ്.
വീട്ടിൽ നിൽക്കുമ്പോൾ എങ്കിലും തട്ടം ഒഴിവാക്കണമെന്ന് ചിന്തിക്കുമ്പോൾപോലും ഉള്ളിലേക്ക് ആകെ തികട്ടി വരുന്നത് തട്ടം ധരിച്ച മനുഷ്യരോട് ചിലർക്കുള്ള അസ്വസ്ഥതയോടുള്ള വിയോജിപ്പാണ് എന്റെ ഹിജാബ്.
ഒരു കൂട്ടം മനുഷ്യരെ കൂട്ടം ചേർന്ന് വർഗ്ഗീയതയുടെ ഭിത്തികൾ പണിത് ഒറ്റപ്പെടുത്തലിന്റെ കരിങ്കൽത്തൂണിൽ കെട്ടിയിടാമെന്ന വ്യാമോഹത്തിനെതിരെ ഞാൻ നൽകുന്ന പിന്തുണയാണ് ഹിജാബ്.
എന്നെയും എന്നെപോലെയുള്ള മനുഷ്യരെയും അവർക്കൊപ്പം കരുതേണ്ടവർ തന്നെ ഒറ്റപ്പെടുത്താൻ കല്പിക്കുന്ന ശബ്ദത്തിന്റെ ചീളുകൾ തെറിച്ച് മതേതത്വത്തിൽ വീണ വിള്ളൽ കണ്ട് കണ്ട് മുറിഞ്ഞുപോയ ഹൃദയം മറയ്ക്കാൻ ഇനിയൊരിക്കലും വേർപ്പെടുത്താനാകാതെ എന്നിലേക്ക് ഒട്ടിപ്പിടിച്ച മരുന്നാണ് ഹിജാബ്.
തട്ടമെന്നത് ആത്മവിശ്വാസം കൂട്ടുന്നുണ്ട്
എന്ന തിരിച്ചറിവാണ്,
ഒരു കൂട്ടം മനുഷ്യർ തട്ടമിടുന്ന മനുഷ്യരുടെ ആത്മവിശ്വാസം കണ്ട് അസ്വസ്ഥതപ്പെടുന്നതിനാൽ, അവരങ്ങനെ തന്നെ അമർഷവും വർഗ്ഗീയതയും പോരും മനസ്സിൽ പേറി സ്വസ്ഥത നഷ്ടപ്പെടുത്തുന്നു എന്ന അറിവിലെ സഹതാപമാണ്,
ഒരാളുടെയും വസ്ത്രത്തെയോ മതത്തെയോ മതചിഹ്നങ്ങളെയോ ജീവിത രീതിയേയോ ആരാധനകളെയോ ഇന്നുവരെ പുച്ഛിക്കാത്ത എന്നോടുള്ള ഇഷ്ടമാണ്,
ഇനിയൊരിക്കലും അങ്ങനെയൊന്നു ചെയ്യില്ല എന്ന എന്റെ ഉറപ്പാണ്,
പച്ചപ്പും വസന്തവും നിറഞ്ഞ ഈ ലോകത്തെ മനുഷ്യരുടെ സൗഹൃദവും സ്നേഹവും കണ്ണ് തുറന്ന് കാണാതെ, സ്നേഹത്തിന്റെ വാക്കുകൾ കേൾക്കാതെ,
സാന്ത്വനത്തിന്റെ പ്രകാശം ഏൽക്കാതെ, ഐക്യത്തിന്റെ ധൈര്യമറിയാതെ,
സഹോദര്യത്തിന്റെ ചേർത്തുപിടിക്കൽ അറിയാതെ, അവർ പിന്നെയും പിന്നെയും സ്വയം തടങ്കലിലാകുന്നത് അവരറിയുന്നില്ല എന്ന വേദനയാണ് എന്റെ ഹിജാബ്,
മനസ്സിലെ മാലിന്യം ആരുടെയെങ്കിലും മേൽ വാരിയെറിയുമ്പോൾ സ്വന്തം കയ്യും നാറുന്നുണ്ട് എന്നവരറിയുന്നില്ല,.
തിരുത്തലിന് തയ്യാറാകാത്ത മനുഷ്യരോടുള്ള മൗനമാണ് എന്റെ ഹിജാബ്.
വേർതിരിവിന്റെ കൈചൂണ്ടുന്നവരെ പിന്നെയും പിന്നെയും വാക്കുകൾകൊണ്ട് പ്രതിരോധിക്കുമെന്ന ഓർമ്മപ്പെടുത്തലാണ് ഹിജാബ്.
ചിന്തകളും മനസ്സും വിശാലമാക്കാതെ മറ്റുള്ളവരിലേക്ക് നോക്കുമ്പോൾ ഒരുതരം ജീർണ്ണിച്ച സ്വാർത്ഥതയാണ് അങ്ങനെയുള്ളവരിൽ നിറയുന്നത്.
അതുണ്ടാകാതിരിക്കാൻ മറ്റുള്ളവരുടെ വേഷമല്ല, നമ്മുടെ മനസ്സാണ് ശുദ്ധിയാക്കേണ്ടത് എന്ന അടയാളപ്പെടുത്തലാണ് എന്റെ ഹിജാബ്.

