അങ്ങേമാനത്തെ വാതിൽ തുറന്നുഞാ-
നങ്ങനെ പാറിപ്പറക്കുമ്പോൾ,
സന്തതമന്നവിടൊക്കെ സകൗതുക-
മെന്തെന്തുകാഴ്ചകൾ കണ്ടെന്നോ!
അമ്പിളിമാമനെക്കണ്ടരികത്താ-
യമ്പമ്പോ,കണ്ടു ഗ്രഹങ്ങൾ പിന്നെ!
കണ്ടൂ,നക്ഷത്രകോടികളെങ്ങെങ്ങും
കണ്ടൂ,ദിനകര ബിംബത്തെ!
എങ്ങുംതൊടാതെ പറന്നുനടന്നേ-
നങ്ങനെയന്നൊരു പക്ഷിയെപ്പോെൽ!
എത്രമനോഹരമെത്ര മനോഹര
മത്രേ,യാനിമിഷങ്ങളെല്ലാം
നക്ഷത്രംപെറ്റുപെരുകുന്നൂമാന-
ത്തിക്ഷിതിയിങ്കൽ നാം കാഴ്ചക്കാർ!
സൂര്യനും ചന്ദ്രനും സർവഗ്രഹങ്ങളും
നേരുപറഞ്ഞാൽ കാഴ്ചക്കാർ!
ഈ വിശ്വമാകെക്കറങ്ങുന്നൂ,
ഈ നമ്മളൊപ്പം കറങ്ങുന്നൂ
ആർക്കറിയാവൂ,കറക്കത്തിൻ പൊരു-
ളോർക്കി,ലനന്തമജ്ഞാതം ഹാ!
സ്വപ്നങ്ങൾകണുക നമ്മൾനിരന്തരം
സ്വപ്നമാണേതേതുമെന്നറിവൂ
നമ്മളിക്കാണുന്ന കാഴ്ചകൾ സർവവും
ചുമ്മാതെ,ചുമ്മാതെയെന്നറിവൂ!
ബോധമാണേതിനുമാധാരം
സാദരമായതൊന്നോർപ്പൂ നാം
ബോധമീ നമ്മളിലില്ലെന്നാ-
ലേതും നിശ്ശൂന്യംനിശ്ശൂന്യമല്ലോ!
സൃഷ്ടിസ്ഥിതിലയസാരങ്ങളൊക്കെയും
വ്യഷ്ടി,സമഷ്ടി വിഭാവനകൾ!
ബോധത്തിനപ്പുറമുള്ളൊരു ബോധപ്ര-
ബോധനമായിടാമായതെല്ലാം.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *