രചന : ഗഫൂർകൊടിഞ്ഞി ✍.
എടുക്കാചരക്ക് പോലെ
കീറിപ്പിഞ്ഞിയ കുപ്പായം.
മഴവിൽ ശോഭയിൽ തുടിച്ചു നിന്ന
ബഹുവർണ്ണങ്ങൾ
കാലം കവർന്നിരിക്കുന്നു.
ചാരം പടർന്ന ആകാശം പോലെ
കരിമ്പൻ കുത്തിയിരിക്കുന്നു.
പലയിടത്തും നാണം മറക്കാൻ
കഷ്ണങ്ങൾ തുന്നിച്ചേർക്കേണ്ടിവരുന്നു.
ഉണങ്ങാത്ത മുറിവുകൾ പോലെ
അഴുക്കു പുരണ്ട് ദുർഗന്ധം വമിക്കുന്നു.
അലക്കാൻ കഴിയാത്തവിധവും
അലക്കിയാൽ വെളുക്കാത്ത വിധവും
വർഷങ്ങളുടെ പഴമയിൽ
നൂലിഴകൾ വേർപ്പെട്ട്
പൊടിഞ്ഞു പൊടിഞ്ഞു പോവുന്നു.
അഴിച്ചിടുന്ന നേരങ്ങളിൽ
കൂറക്കും പാറ്റക്കും അന്നമായി മാറുന്നു.
കീറിത്തുന്നിയ കുപ്പായം
അഴിച്ചെറിയാൻ
കാലത്തെ കാത്തിരിക്കുന്നു.

