രചന : സുരേഷ്നായർ മങ്ങാട്ട് ✍
ഒരുഡയറി വാങ്ങി,
പേനയും.
പേരും വിലാസവും
നമ്പരും കുറിച്ചു.
ആദ്യപേജിലൊരു
കരയുന്ന കുഞ്ഞിന്റെ
ചിത്രം പതിപ്പിച്ചു,
അടുത്ത പേജിൽ
ചിരിയ്ക്കുന്ന
കുഞ്ഞിന്റെയും.
പിന്നെ കുറച്ചു
പേജുകളിൽ
ശൂന്യതയെഴുതി
മറച്ചു.
കുറച്ചു പേജുകളിൽ
പിച്ച വച്ചു നടന്നു,
നിലത്തു വീണു.
കുസൃതികളും
പള്ളിക്കൂടവും
പ്രണയവും
പ്രതീക്ഷയും
കാഴ്ചകളും
വരച്ചു വച്ചു.
സൂര്യനെയും
മഴയെയും
സ്വപ്നങ്ങളെയും
പലവർണ്ണങ്ങളിൽ
വരച്ചു ചേർത്തു.
അറിയാത്ത വഴികളും
തെറ്റിയ വഴികളും,
അടയാളപ്പെടുത്തി.
വിവാഹം, ഭാര്യ,
കുഞ്ഞുങ്ങൾ,
എല്ലാം ചിത്രങ്ങളായി
ഒട്ടിച്ചു ചേർത്തു.
വിശപ്പിന്റെയും
വരുംകാലത്തിന്റെയും
മരണങ്ങളുടെയും
ജനനങ്ങളുടെയും
പേജുകൾ
മടക്കിവച്ചു.
നഷ്ടങ്ങളും
നേട്ടങ്ങളും
വിവിധ വലിപ്പത്തിൽ,
വർണ്ണങ്ങളിൽ,
എഴുതി ച്ചേർത്തു.
അവസ്സാനപേജിൽ
കറുത്ത മഷി
പടർത്തി,
മടക്കി വച്ചു.
പുറം ചട്ടയിൽ,
ആത്മകഥയെന്നെഴുതി,
ആത്മാവിനെയതിൽ
തളച്ചുവച്ചു.

