രചന : അഡ്വ: അനൂപ് കുറ്റൂർ ✍
കുലടയ്ക്കുണ്ണാൻ മണ്ണിൽ കഞ്ഞി
കുഴി കുത്തിയ കണ്ടകരെല്ലാം
കിഞ്ചനരായി കുടിലും കെട്ടി
കണ്ണുമുന്തി ഇരുപ്പാണിന്നയ്യോ !
കലത്തിലായൊന്നും തിന്നാനില്ല
കർഷണമൊന്നും ചെയ്യാനാവാതെ
കലവിയിൽ തിന്നു മുടിച്ചതോർത്ത്
കോരികയെല്ലാം കാലിയെന്നായി.
കോട്ടയിലാകെ ജന്മകളന്നവർ
കോളാമ്പിലായി മുറുക്കി തുപ്പി
കൂട്ടം കൂടിവെടിവട്ടമാക്ഷേപവും
കൃപയില്ലാത്തവർതെണ്ടുന്നിന്ന് !
കുഴി കുത്തിയിലയിട്ടവരെല്ലാം
കാലം തന്നൊരു കണക്കിലായി
കുടി വെള്ളം പോലും ചെളിയായി
കാവൽ നായതു മാത്രം കൂടെ.
കൊന്നു താഴ്ത്തിയ കണ്ടച്ചേറിൽ
കൊയ്തു മെതിച്ച കണിമണികൾ
കേദാരകെടുതിയിലൊന്നൊന്നായി
കാലം കെട്ടു പിഴച്ചു കരിഞ്ഞുപ്പോയി.
കുലടകളേ കൊന്ന കാവിലെല്ലാം
കിണ്ടിയെടുത്തവർ പൂജയ്ക്കായി
കഴുവേറ്റാനായുള്ളോരു കാഴ്ചയിൽ
കാരണമറിയാതെ അടിയും കിട്ടി.
കുലനാശം വന്നൊരു വൃത്താന്തത്തിൽ
കുംഭ നിറയ്ക്കാൻ വകയില്ലാതായി
കേറി കൂടിയ കുടിലുകളിലെല്ലാമങ്ങു
കടിയിറക്കിയ കർമ്മോച്ഛിഷ്ടങ്ങൾ.
കണ്ടകികൾക്കോ ഉടുതുണിയില്ല
കഴുത്തേലെല്ലാം ചിരട്ടാഭരണം
കൈവല്യത്തിനായി ഗണികകളായി
കുക്ഷികളാകെ പാൽക്കടലായി.
കുശലതയാലുള്ള ആഢംബരങ്ങൾ
കൂത്തരങ്ങിൽ ഒഴിഞ്ഞൊരു തേപ്പിൽ
കുണപം പോലായി കോലം കെട്ടും
കുത്തഴിഞ്ഞൊരു പോക്കായുന്തി!
കുലശ്രേഷ്ഠതയെല്ലാം അസ്തമിച്ചു
കുമാർഗ്ഗമായോരു ആക്ഷേപങ്ങൾ
കുന്ന് പോലെ കുമിഞ്ഞൊരു വിത്തം
കുഴിയിൽ മൂടിയ കുറവിലവറ്റകൾ.
കന്മഷമെല്ലാം കരിമഷിക്കണ്ണിൽ
കുറവിനാലെ കുളിയില്ലാതായയ്യോ
കറ പിടിച്ചൊരു വെള്ളപ്പാറ്റകളെല്ലാം
കരിവാളപ്പോലെ കറുത്തവരായി.
കുഴികുത്തിയ കൈകളെല്ലാം
കുഴിക്കഞ്ഞിക്കായി പിച്ചതെണ്ടി
കിട്ടിയ ചില്ലറ വിശപ്പാറ്റുവാനില്ല
കഷണിക്കുന്നൊരു കഷ്‌ടക്കാലം.
കുഴികുത്തിയ മുറ്റമതെല്ലാം
കൂറകൾ കയറി പാർക്കുന്നിന്ന്
കല്പിതമായ ശിക്ഷയും മതിയായി
കാലൻ കയറി പടയണി തുള്ളി.
കെട്ടാമറിയകൾ പുര നിറയുമ്പോൾ
കുട്ടികളുള്ളതു കെടുതികളായി
കണ്ണീരും കൈയ്യും നെഞ്ചത്തടിയും
കലാശകൊട്ടുംദുരിതപ്പേമാരിയും.
കണ്ടു മടുത്തവർ മിണ്ടാട്ടം മുട്ടി
കുംഭ നിറയ്ക്കാൻ മണ്ണും തിന്നു
കൈയ്യിൽ കിട്ടിയ കയറേൽ തൂങ്ങി
കൊല്ലാകൊലയാലെല്ലാമലിയും.
