നിങ്ങളുടെ ഹൃദയത്തിലേക്കുള്ള വഴികളിൽ
ഒറ്റയ്ക്കെന്ന് വേരോടുന്ന ആൽമരത്തറകൾ
സൂക്ഷിക്കുക…
നിറഞ്ഞ തണലിൽ തണുപ്പിറ്റ് വീഴും ഇല പ്പച്ച കരുതുക….
കാര മുള്ളിനാൽ വിരൽ മുറിഞ്ഞും
മണൽ പഴുപ്പിൽ കാൽപ്പാടുകൾ വെന്തും
രാത്രി വീഴും പോലെ വേച്ചു വെച്ചോരാൾ വരും വരെയും
നിങ്ങളുടെ ഹൃദയത്തിലേക്കുള്ള വഴികളിൽ
വിളക്കു മരത്തിന്റെ ആന്തൽ പോലെ
കാത്തിരിപ്പിന്റെ
അണയാത്ത വെളിച്ചം കാത്തു വെക്കുക…
ആൾക്കൂട്ടങ്ങളിൽ ഒറ്റപ്പെട്ടു പോയ
ആളനക്കങ്ങൾ ഇറങ്ങിപ്പോയ
നിശബ്ദത പോലെ
പലയിടങ്ങളിലായി നുറുങ്ങി പ്പോയ
വാക്കുകളന്യമായ
കൈപ്പുസ്തകവുമായി
നിങ്ങളിലേക്ക് മാത്രമെന്ന്
ആരോ ഒരാൾ വരും വരെയും
നിങ്ങളുടെ ഹൃദയത്തിലേക്കുള്ള വഴികളിൽ
പുനർജ്ജനിയൊഴുക്കുകളുള്ള
കരുതലിന്റെ ജലനൂലുകൾ പോലെ
വേരിനറ്റത്തേക്കും നില മറന്ന് പ്രവഹിക്കുന്ന
കാട്ടു ചോല കരുതുക….
വരൾച്ചയിൽ
തൊണ്ട പിളർന്നു നിൽക്കുന്ന ദാഹവുമായി
ആത്മാവുടഞ്ഞു പോയൊരാൾ
സകല കോശദ്രവങ്ങളും വറ്റി വരണ്ട് നിങ്ങളിലേക്കെത്തും വരെയും.
നിങ്ങളുടെ ഹൃദയത്തിലേക്കുള്ള വഴികളിൽ
വസന്തത്തിന്റെ ഇരട്ടയിതളുകളുള്ള പൂക്കളാൽ
മറവിയുടെ ഗന്ധം മാഞ്ഞു പോകും വിധം
അടയാളവാക്യങ്ങൾ
വിരിച്ചിട്ടേക്കുക….
പ്രണയത്താൽ
ഇന്ദ്രിയങ്ങൾ
പുകഞ്ഞ്
ചെമ്പകമേ പിച്ചിയേ
ദൈവമുല്ലയേ
എന്നുൻമാദത്താൽ
വഴി തെറ്റിയലയുന്ന
സിരകളിൽ വീഞ്ഞു പോലെ
സ്നേഹം നുരയ്ക്കുന്ന ഒരാൾ
നിങ്ങളിലേക്ക് വഴുതി വീഴും വരെയും
നിങ്ങളുടെ ഹൃദയത്തിലേക്കുള്ള വഴികളിൽ
പൗർണമി പോലെ ചിരിക്കുന്ന
സുഗന്ധവാഹിനികളായ
പാതിരാപ്പൂവുകളെ
ഒരുക്കി നിർത്തിയേക്കുക…
പകൽ കിതച്ച് വീഴും പോലെ
ഉടൽ പൊള്ളിയും
മുറിവേറ്റ നോവിനാൽ
കരൾ കലങ്ങിയും
നിങ്ങളിലേക്ക് ഒരാൾ
അടർന്നു വീഴും വരെയും
നിങ്ങളുടെ ഹൃദയത്തിലേക്കുള്ള വഴികളിൽ
ബുദ്ധന്റെ ധ്യാന മുദ്ര പോലെ
നിങ്ങളിൽ നിന്നും നിറഞ്ഞു കവിയുന്ന
നിശബ്ദതയുടെ
നാണയ ത്തുട്ടുകൾ മാറ്റി വെയ്ക്കുക…
ഉപേക്ഷിക്കപ്പെട്ട കൊട്ടാരങ്ങളിൽ നിന്നും
നിങ്ങളിലേക്ക് പന്തലിക്കാൻ
മോക്ഷമെന്ന വിധം
ഉടലുപേക്ഷിച്ചു കളഞ്ഞ ഒരാൾ വരും വരെയും
നിങ്ങളുടെ ഹൃദയത്തിന്റെ വഴികളിൽ
ഉയിർപ്പിന്റെ കുരുത്തോലകൾ തൂക്കിയിട്ടേക്കുക….💜💜

ജിഷ കെ

By ivayana