രചന : ഷാജി പേടികുളം✍
തണുവാർന്ന കൈകളാൽ
പുലരി തഴുകവേ
എൻ തനു കുളിരുകോരുന്നൂ.
പൂവിൻ ദലങ്ങളിൽ മി
ന്നിത്തുളുമ്പുന്നു
കുഞ്ഞു സൂര്യൻ പോലെ
ഹിമകണങ്ങൾ
കുരുവിക്കുരുന്നുകൾ
തേനുണ്ടു പാടുമീ
ഹൃദയരാഗം കേട്ടു
മഞ്ഞലയിൽ
നീന്തിത്തുടിച്ചീറൻ
ചേല വാരിപ്പുതച്ചൊരു
കുഞ്ഞു കാറ്റെന്നെ
തഴുകീടവേ
കിഴക്കൻ മലയിൽ
ചെങ്കുങ്കുമപ്പൊട്ടിൻ്റെ
ചെഞ്ചാറു വീണു
പരക്കുമ്പോൾ
മഞ്ഞല പുൽകിയ
പുൽക്കൊടിത്തുമ്പുകൾ
ആയിരം സൂര്യനുദിച്ചപോലെ.
കൊട്ടും കുരവയും
താളമേളങ്ങളോടൊത്തൊരു
കന്യക താലമേന്തി
വരവേൽക്കയാണീ
പുലരി തൻ പൊൻപ്രഭ
പുതുജീവിതത്തിൻ്റെ
നാൾ വഴിയിൽ
ഉണരുവിൻ കൂട്ടരേ
ഉണരുവിൻ നിങ്ങൾ
പകലോൻ്റെ വരവു
കണ്ടാനന്ദിപ്പിൻ

