രചന : ഷാനവാസ് അമ്പാട്ട് ✍
ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ്
എന്നാൽ ഒരു വിളവെടുപ്പ് കാലമാണ്.
സമൂഹത്തിൽ ഭരണാധികാരികളും ജന സേവകരായ രാഷ്ട്രീയക്കാരും നടപ്പിലാക്കിയ നൻമ തിൻമകൾക്കനുസൃതമായി ജനങ്ങൾ വിധിയെഴുതുന്ന കാലം.
അത് ചിലപ്പോഴൊക്കെ അവർക്ക് അനുകൂലമാകാം.മറ്റു ചിലപ്പോൾ പ്രതികൂലവും.
നിലവിൽ കേരളത്തിൽ തദ്ധ്യേശസ്വയംഭരണ തിരഞ്ഞെടുപ്പ് കഴിഞ്ഞു.
ഭരണ വിരുദ്ധ വികാരമാണ് മിക്യവാറും ഇടങ്ങളിലെല്ലാം പ്രതിഫലിച്ചത്.
തുടർ ഭരണങ്ങളിൽ മടുപ്പ് തോന്നിയാൽ ജനങ്ങൾ പലപ്പോഴും മാറി ചിന്തിക്കാറുണ്ട്.
സാധാരണയായി അത് ഭരണകക്ഷികളെ പ്രതികൂലമായാണ് ബാധിക്കുക.
ടെക്‌നോളജി വളർച്ചയുടെ പടവുകൾ താണ്ടുന്ന ഈ കാലത്ത് ജനങ്ങൾ എല്ലാ കാര്യങ്ങളും വളരെ വേഗത്തിൽ കാണുന്നവരും കേൾക്കുന്നവരും അറിയുന്നവരും ആണെന്ന കാര്യത്തിൽ സംശയം ഒന്നും വേണ്ടതില്ല.
വിദ്യാസമ്പന്നമായ കേരള സംസ്ഥാനത്ത് ജനങ്ങൾ നല്ല വണ്ണം ചിന്തിച്ചു തന്നെയായിരിക്കണം തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുത്തിരിക്കുക.
പ്രത്യേകിച്ച് വിഭാഗീഗതക്കും വർഗ്ഗീയതക്കും ജാതീയതക്കും മേലെ എല്ലാ കാലത്തും മാനുഷികതക്കും മതസൗഹാർദ്ദത്തിനും ഏറ്റവുമധികം മൂല്യം കൽപ്പിക്കുന്ന സമൂഹമാണല്ലോ കേരളീയർ.
തിരഞ്ഞെടുപ്പാകുമ്പോൾ തോൽവിയും ജയവുമൊക്കെ സാധാരണമാണ്.
സമാധാനവും വികസനവും മതസൗഹാർദ്ധവും സ്നേഹവുമുള്ള
ഒരു സമൂഹത്തെ ആണല്ലോ ബഹുഭൂരിഭാഗം ആളുകളും ഇഷ്ടപ്പെടുക.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സ്ഥിതിക്ക് ഈ കഴിഞ്ഞ തെരഞ്ഞെടുപ്പ് സെമി ഫൈനൽ ആയിരുന്നു എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം.
യുഡിഎഫ് അനുകൂല തരംഗം തന്നെയായിരിന്നു എല്ലായിടത്തും കാണാനായത്.
തിരുവനന്തപുരം നഗരം അടക്കമുള്ള കുറഞ്ഞ പ്രദേശങ്ങളിൽ ബിജെപി യുടെ വികസന രാഷ്ട്രിയത്തെയും ചിലർ മുഖവിലക്കെടുത്തിട്ടുണ്ട്.
വിലക്കയറ്റവും സാമ്പത്തിക ഞെരുക്കവും
തന്നെയാണ് ജനങ്ങളെ സാരമായി തന്നെ ബാധിച്ചത്.
മറ്റൊന്ന് കനത്ത നിലയിൽ വർദ്ധിപ്പിച്ച വിവിധങ്ങളായ നികുതികളും,ai കാമറകളും,
പെട്രോളിയത്തിനടക്കം ഏർപ്പെടുത്തിയിയിട്ടുള്ള സെസും ഹരിത കർമ്മസേനകൾ പിരിക്കുന്ന പ്ലാസ്റ്റിക് നികുതിയുമൊക്കെ ജനങ്ങൾക്ക് ഇടയിൽ വലിയ അവമതിപ്പ് തന്നെ സൃഷ്ടിച്ചിരുന്നു.
വർഗ്ഗീയ വിഷം ചീറ്റിയ ചില സമുദായ നേതാക്കളോടുള്ള അനുകൂല നിലപാടായിരിന്നു മറ്റൊന്ന്.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും
ശക്തിക്ഷയം സംഭവിച്ചാലും കമ്യൂണിസ്റ്റ് പാർട്ടികളെ എഴുതി തള്ളാനൊന്നും കേരളത്തിൽ സാധ്യമല്ല.
അടിയുറച്ച വേരുകളുള്ള ഒരു പ്രസ്ഥാനമാണത്.
ഒരു യാഥാർത്ഥ്യ കമ്യൂണിസ്റ്റിനും ആ പ്രസ്ഥാനം വിട്ട് മാറി ചിന്തിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം.
ചുരുക്കി പറഞ്ഞാൽ പശ്ചിമ ബംഗാളും, ത്രിപുരയുമൊന്നുമല്ല കേരളം എന്നർത്ഥം.
വിത്യസ്ഥമായ ചിന്തകളും നിലപാടുകളും ഭരണമാറ്റങ്ങളുമൊക്കെ ജനാധിപത്യത്തിൻ്റെ മനോഹാരിതയെയാണ് നമുക്കു കാണിച്ചു തരുന്നത്.
ജനങ്ങൾ വിശ്വാസമർപ്പിക്കുമ്പോൾ അവർക്ക് മുന്നിൽ കിടന്ന് അധികാരത്തിനായി നേതാക്കൾ പരസ്പരം വിഴുപ്പലക്കാതിരിക്കുക എന്നതാണ് അവർക്ക് ജനതയോട് ചെയ്യാവുന്നതായ ഏറ്റവും വലിയ കർത്തവ്യം.

