രചന : മേരിക്കുഞ്ഞ് ✍
“പുതിയ കുടുംബത്തിൻ
കതിരുകളുയരുന്നു
തിരുസഭ വിജയത്തിൻ
മകുടം ചൂടുന്നു “
കെട്ടു കുർബ്ബാന കഴിഞ്ഞിരിക്കുന്നു.
അരികിൽ നിന്ന ചെക്കൻ
തന്നെയല്ലയോ അവൻ ?
ഒരു നാളൊന്നു –
മിന്നായമായികണ്ടവൻ;
പേരു ചോദിച്ചവൻ
ചൂടു പിശകിയ ചായ
മുഖം പിശകാതെ
വാങ്ങിക്കുടിച്ചവൻ !
പൂമാലയിടും നേരമാ –
മുഖമൊന്നു
ശരിക്കു നോക്കണം.
അപ്പുറത്തകത്തുനിന്ന്
കപ്യാരടച്ചിട്ട
ആനവാതിലിന്നിപ്പുറത്ത്
പള്ളി മോണ്ടകത്തു നിന്ന്
പടം പിടുത്തത്തിനായ് –
മധുമന്ദഹാസമണിഞ്ഞ്
പൂമാലയിടീക്കവേ നോക്കി;
ഒട്ടുമില്ലാ…. കണ്ട പരിചയം
പത്മിനിക്കാറിൽ മുന്നിൽ
ഡ്രൈവർക്കരികിലായ്
അറിഞ്ഞ ഭാവമില്ലാതിരിക്കു-
ന്നൊരുത്തന്നരികി –
ലേയ്ക്കാ ഹാ!
പ്രിയ ജനങ്ങളാർപ്പിട്ട്
തിക്കിത്തിരുകിക്കയറ്റി –
യിരുത്തിയപ്പോൾ തോന്നി
ഒരിളം ചൂട് !
നേർത്തൊരു നെഞ്ചിടിപ്പ് !
ആദ്യമായ്കണ്ണുടക്കിയ നാൾ അറിഞ്ഞ
അതേ നെഞ്ചിടിപ്പ്!
തീർന്നു സന്ദേഹം
അതെ !
ആളതു തന്നെ !
പണ്ടു കണ്ടു പടിയിറങ്ങവേ
തിരിഞ്ഞു നിന്നൊരു
പുഞ്ചിരി
പണയപ്പണ്ടമായ്
പൊതി കെട്ടിയേൽപ്പിച്ച്
പോയ് വരാമെന്ന്
പറയാതെ പറഞ്ഞ
ആ ഒരാൾ !
ചെക്കൻവീട്ടിലേക്കാ –
ചാരവിധി പ്രകാരം
കെട്ടിക്കേറ്റത്തിനുള്ള യാത്ര !
കുഞ്ഞിക്കാലടികൾ
പതിച്ചിട്ട മണ്ണും
കണ്ണെറിഞ്ഞ വിണ്ണും വിട്ട്
പ്രിയ ജനമേ പോകുന്നു ഞാൻ .
പത്മിനി ചിണുങ്ങി നീങ്ങുന്നു
പിൻസീറ്റിലുണ്ടളിയൻമാരും
നാത്തൂൻ മാരുമായൊരു –
നാലു പേർ വേറെയും
പറയുന്നതൊക്കെയും
തൃശ്ശൂർ കോഡുഭാഷാ തമാശ!
പത്മിനി കുലുങ്ങുന്നു-
ചിരിയുതിർത്തോടുന്നു.
കല്ല്യാണക്കാർ
തിങ്ങി നിറഞ്ഞൊരാ-
കല്ല്യാണക്കാറുകൾ
നിരനിരയായ്
പിന്നിലും മുന്നിലും.
കാഴ്ച്ചക്കാർ
കൈ വീശുന്നു.
കുഞ്ഞൂരിലാദ്യത്തെ
നസ്രാണിക്കല്ല്യാണം!
ഇനി പുതിയ മേച്ചിലിടത്തിലെത്തും
ഹോണടികൾ തുരുതുരാ …..
ചാണം മെഴുകിയപന്തൽ ;
മേലാപ്പിൽ തൂങ്ങിയാടും
വർണ്ണക്കടലാസ്സരങ്ങിൻ –
ചോട്ടിലേക്കുമണവാട്ടിയായ്
ചുളിഞ്ഞസാരി വാലും
ചുരുട്ടി
പേടിച്ചിറങ്ങി ;
കര കാണാത്ത വിശാല
മണൽപ്പരപ്പിൽ
ജ്വലിക്കു മുച്ചസൂര്യന്നു കീഴിൽ
വഴിയറ്റൊറ്റക്കു നില്ക്കും
ഏകാകിയായമ്പരന്നു
കരഞ്ഞൊരോർമ്മ!
ആ നില്പിൻ
പേരായിരുന്നു
കല്ല്യാണം.
പിന്നെ
നോവൽ വായിച്ചണിഞ്ഞ
ഉൾക്കുളിർക്കിനാവിൽ –
നിന്നുണർന്നോ – രറിവിലുണ്ടായിരുന്നു …
തേൻ നിലാവു മാത്രം
പൊഴിക്കുന്ന
പൗർണ്ണമിച്ചന്ദ്രൻ…..
പതിവായ്രാത്രി തോറും
ഉദിയ്ക്കുമെന്ന്.
ഉദിച്ചു ….
ഉദിച്ചതൊക്കെയും
ചന്തംകെട്ട നൊമ്പര
പീറച്ചന്ദ്രൻ !
ഇതെന്തു മറിമായം !
പച്ചപ്പൊരു തിരി പോലും
കാണാത്ത
മരുപ്രദേശത്ത്
പരക്കം പാഞ്ഞൂ ….മനം.
“പഠിപ്പുള്ള മുതിർന്ന പെണ്ണ്
ഉദ്യോഗസ്ഥ
മിണ്ടിപ്പോകരുത് നീ ….”
ആത്മാവിന്നിരുളകത്തു നി-
ന്നൊരു വല്ലാത്ത
പെണ്ണാരുത്തി ;
ഉറക്കം വിട്ടഴിഞ്ഞുലഞ്ഞ മുടി
മാടിക്കെട്ടിയധരത്തിൽ
വിരൽ വച്ചുരുവിടുന്നു
ഒരു ശൂന്യ
നിമന്ത്രണം
“ഇതാണ് ജീവിതം !! “
ഇന്നിതാ…
എത്തി നില്ക്കുന്നു
ആയിരം കാതം താണ്ടി
ഏറെപ്പതിറ്റാണ്ടു മുമ്പ്
തിരുസഭയണിയിച്ച
പൊൻ മകുടം
ശിരസ്സിലണിഞ്ഞുതന്നെ
മണവാളനൊത്ത മണവാട്ടിയായ്
മരുപ്പച്ച കണ്ടെത്തി –
പണിതെടുത്ത
കുളിരലകളിളകും
മാനസ സരോവരത്തിൻ
പൂ വിരിഞ്ഞ മൺകരയിൽ
സ്വർഗ്ഗ ഹംസങ്ങളേയും
നോക്കി നോക്കിച്ചിരിച്ച് …..
ആടുമേയ്ക്കും വടിയും
കോലുംപിന്നെ
സ്വന്തമാക്കിയ ചെങ്കോലും
പിടിച്ചിടച്ചിയായ്.
