പുഴയുടെ രുചിയെന്തെന്ന്
സമുദ്രത്തോടുതന്നെ ചോദിക്കണം
തനിയേയിരിക്കുമ്പോള്‍
താനേ പൊഴിയുന്ന കണ്ണീര്‍ക്കണത്തോടു
തിരക്കേണ്ടിവരും
അജ്ഞാത ദുഖങ്ങളുടെ രാസനാമങ്ങള്‍….
കൊടുങ്കാറ്റുകളുടെ നാടും വീടും
ചെറു കാറ്റുകളോടു ചോദിച്ചാലവ
പറഞ്ഞെന്നുവരും…
ഓരോ പച്ചിലയിലുമുണ്ട്
കൊടുങ്കാടുകളുടെ മേല്‍വിലാസങ്ങള്‍
ഓരോ മണല്‍ത്തരിയിലുമുണ്ടാവും
മരുഭൂമിയുടെ ഇതുവരെ മറിച്ചുനോക്കാത്ത
വെയില്‍ താളുകള്‍…
ഓരോ നാഡീമിടിപ്പിലുമുണ്ട്
മഹാവിസ്ഫോടനത്തിലെ
അടങ്ങാത്തയലയൊലികള്‍…
മാറോടണയ്ക്കുന്ന ഓരോ സ്നേഹത്തിലും കാണാം
ഭഗുരുത്വ ബലരേഖകള്‍…
പ്രപഞ്ചത്തിന്റ
ഒറ്റ സ്പന്ദനത്തില്‍ത്തന്നെ
നാം കോടിവട്ടം സ്പന്ദിക്കുന്നു
അതിന്റെ ഒരു നിമിഷത്തില്‍നിന്നും
ഒരായുസ്സുതന്നെ നാം കടമെടുക്കുന്നു…
കാലംകൊണ്ടു നാം ക്ഷതപ്പെടുത്തുന്നവയെല്ലാം
അതു നിത്യത കൊണ്ടു സുഖപ്പെടുത്തുന്നു…
നാമോ പരസ്പരം മേല്‍വിലാസങ്ങള്‍
വച്ചുമാറാവുന്നവര്‍..
നിന്നെ അഴിച്ചഴിച്ചുപോയാല്‍
എത്താതിരിക്കില്ല
തീര്‍ച്ചയായുമൊരെന്നില്‍
എന്നെ തുറന്നുതുറന്നു പോയാല്‍
കാണാം
അദ്വൈത മുദ്രയണിഞ്ഞൊരു
നിന്നെയും….

ശങ്ങൾ ജി ടി

By ivayana

Leave a Reply

Your email address will not be published. Required fields are marked *