ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

ഇരുൾ ചക്രവാളങ്ങളിൽ
മിഴിനട്ടിരിക്കുന്ന പ്രതീക്ഷകൾ
ഒടുങ്ങിയ ജീവിതങ്ങളെ
ഊതികത്തിക്കാനെത്തുന്ന മനുഷ്യരുടെ
കുഴിമാടങ്ങൾ ഇനിയുമെത്ര
നിർമ്മിക്കും നിങ്ങൾ …??
ഹേ ജനാധിപത്യ വാദികളെ..
സ്ത്രീപക്ഷ മുന്നേറ്റങ്ങളിലെ
അസ്വസ്ഥതയിൽ
പിഞ്ചു കുഞ്ഞുങ്ങളുടെ മുളപൊട്ടാത്ത
ഗർഭപാത്രങ്ങളിൽ ത്രിശൂലമിറക്കുന്ന
കൽപ്രതിമകളുടെ കാവൽക്കാരെ
വളർത്തുന്നത് ആരാണ് …??
സ്പാർട്ടക്കാസിൽ നിന്നും
റോമിലേക്കുളള വഴികളിൽ
ചത്തളിഞ്ഞ ശവങ്ങളെ
കൊത്തിവലിക്കുന്ന കഴുകനെ
പോലും പേടിപ്പെടുത്തുന്ന
മരിച്ച പോരാളികളുടെ
തുറന്നു പിടിച്ച കണ്ണുകളെ
മറന്നോ നിങ്ങൾ….??
തോൽക്കില്ലെന്നു പറഞ്ഞ
മനുഷ്യരുടെ ജീവനറ്റ ജഢങ്ങളെകണ്ട്
സ്വസ്ഥരാകുന്ന പീഢകന്മാർ
കാശ്മീർ ,ഉനാവ്, ഡെൽഹി ,വാരണാസി
ഹൈദ്രബാദ്, ബംഗളൂർ.,.
കേരളത്തിലും
വംശ വെറി പൂണ്ട
മൃഗങ്ങളുടെ മറ്റൊരു ഇര കൂടി..
രാമനാരായണൻ ഭയ്യാർ
തെരുവുകളുടെ നിരത്തുകളിൽ നിറയുന്ന
ദൈവവിളിയലർച്ചകൾ ഇവിടെയും
പശുക്കളേക്കാൾ വിശേഷാവകാശങ്ങളില്ലാതെ
തെരുവിലറക്കപ്പെടുന്ന
മനുഷ്യരെ അവർ നിർമ്മിക്കും
റോമിലേക്കുള്ള വഴികളെക്കാൾ
ഡെൽഹിയിലേക്കുള്ള വഴികളിൽ
മനുഷ്യമാംസംഅഴുകി നാറുന്നുണ്ട്
മനുഷ്യനാണോ ബംഗ്ലാദേശിയാണോ എന്നുള്ള
ചോദ്യം ഇപ്പോഴുമവിടെ മുഴങ്ങുന്നുണ്ട്..
എവിടെയും വെറുപ്പിന്റെ
രാഷ്ട്രീയ കുന്തമുനകളിൽ
കോർക്കപ്പെടുന്നവർ എന്നും
നിരക്ഷരരും, നിരാലംബരുമാണതു ചരിത്രം
കവിയെ,
കവിതയെ, നിലവിളികളെ
ഭയക്കുന്ന ഭരണകൂടങ്ങൾ
ആഭ്യന്തര പരാജയത്തിന്റെ
തുടർച്ചകളെ സൃഷ്ടിക്കും
മുളപൊട്ടാത്ത
ഗർഭപാത്രങ്ങളിൽ ത്രിശൂലമിറക്കുന്ന
കൽപ്രതിമകളുടെ കാവൽക്കാരെ വളർത്തുന്നതും
ജനാധിപത്യത്തിന്റെ മരണമാണ്
സത്യം സത്യമായി പറയട്ടെ
ഗൂഗിളിൽ സേർച്ച് ചെയ്യപ്പെടുന്ന
പുരാതന കാല ചരിത്രങ്ങൾ
നെറ്റ് കണക്ഷനുകൾ
റദ്ദുചെയ്യപ്പെട്ടാലും
വീണ്ടെടുക്കപ്പെടുമെന്നത്
നിങ്ങൾ മറക്കരുത് 🙏🙏🙏

സിന്ധു എം ജി

By ivayana

Leave a Reply

Your email address will not be published. Required fields are marked *