രചന : അൻസൽന ഐഷ ✍
അന്ധകാരത്തിൻ നിഴൽ
വീണ കണ്ണുകൾ
വിടർന്നിരുന്നിട്ടും
ശൂന്യമായ നോട്ടത്തിനാൽ
നിശ്ചലമായിരുന്നു.
മൂളിപ്പറക്കുന്ന വണ്ടുകൾ
തലയ്ക്കുള്ളിലെന്നപോലെ
അങ്ങോട്ടുമിങ്ങോട്ടും
ഇളക്കിയാട്ടി
അസ്വസ്ഥതകൾക്ക്
അടിയറവു പറഞ്ഞു..
ശ്വാസമെടുക്കാൻ പേടിച്ചരണ്ടെന്നു
തോന്നും വിധം
ഊർദ്ധം വലിക്കുന്നുണ്ട്
നാസാരന്ധ്രങ്ങളും.
എന്തിനെന്നറിയാതെ
വെപ്രാളപ്പെടുന്നു മനസ്സും.
മുന്നിൽ കാണുന്ന പ്രതിബന്ധങ്ങൾ
അന്യന്റെ കുശുമ്പിന്റെ
ബാക്കിയെന്നറിഞ്ഞിട്ടും
പ്രതികരിക്കാനാവാതെ
കണ്ണുമടച്ചു ചെവിയും
കൊട്ടിയടച്ചു
കൂനിയിരിക്കുന്നതെന്തിനാണോ?
വായ കൂട്ടിയടച്ചു
താഴിട്ടു പൂട്ടിയതെന്തിനാവും
ഭയമാണോ ഉള്ളിൽ
അതോ എന്തും സഹിക്കാൻ
വ്രതമെടുത്തതാണോ?

