ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

ദാഹിച്ച്, ദാഹിച്ച് ഒടുവിൽ ഭൂമിക്ക് കിട്ടിയ ദാഹജലം
മഴത്തുള്ളികളായ് പെയ്തിറങ്ങിയപ്പോൾ
അത് നിലയ്ക്കാത്ത പ്രവാഹമായി.
ഉരുൾ പൊട്ടി, അലറി വിളിച്ച് പ്രളയമായ് ആർത്തിരമ്പി.
അണക്കെട്ടുകളും ഷട്ടറുകളും തകർത്ത്, അനേകരെ അനാഥരാക്കി,
പിഞ്ചു കുഞ്ഞിന്റെ ഉടൽ പറിച്ചെടുത്ത്, വലിച്ചെറിഞ്ഞ്,
കരൾ കരിക്കുന്ന കാഴ്ചകൾ സമ്മാനിച്ച്,
പിന്നെയും കെടുതികൾ വിതറി മുമ്പോട്ട് കുതിച്ചു.
പല വഴികളിൽ, പല ലക്ഷ്യങ്ങളും പേറി പോയവർ
കഥയറിയാതെ ചിന്നിച്ചിതറി.
വൈകിക്കിട്ടിയ ദാഹജലം ആവോളം കുടിച്ച്
ഭൂമിയുടെ അകത്തളങ്ങളിൽ തണുപ്പ് ആഴ്ന്നിറങ്ങി.
ആമാശയങ്ങളിൽ നീർക്കെട്ട് ബാധിച്ചു.
ഉന്മാദ ഭാവം പൂണ്ടു.
അടിഞ്ഞു കൂടിയ അഴുക്ക് ജലം
പുറന്തള്ളാനാകാതെ അന്ധാളിച്ചു.
അച്ഛനെയും അമ്മയെയും ബന്ധുക്കളെയും സഹോദരങ്ങളെയും
നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ
തണുത്തുറഞ്ഞ ഭൂമിയ്ക്ക് മുകളിൽ നിന്ന് കൊണ്ട്
അമ്പരപ്പും ഭയവും കലർന്ന സ്വരത്തിൽ
ആശ്രയത്തിനായ് അലറി വിളിച്ച് കരഞ്ഞു.
അവരുടെ കണ്ണുനീർത്തുള്ളികൾ വീണ്
ഭൂമിയുടെ മുകൾപ്പരപ്പിൽ വീണ്ടും ചൂട് പരക്കാൻ തുടങ്ങി.
അവ, നീരാവിയായ് ആകാശത്തിലേക്കുയർന്നു.
കാർമേഘങ്ങൾ വീണ്ടും ഉരുണ്ട് കൂടാൻ തുടങ്ങി,
ആർത്ത് പെയ്യാനുള്ള തയ്യാറെടുപ്പോടെ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *