രചന : പ്രിയ ബിജു ശിവകൃപ ✍
കാലമേ, കേൾക്കുന്നീലയൊ നീയെന്റെ വിലാപങ്ങൾ
അസ്ഥികൾ നുറുങ്ങിയ നൊമ്പരങ്ങൾ
ചിതറിപ്പോയ സ്വപ്നങ്ങൾ
അവശേഷിച്ച പ്രണയത്തിന്റെ
അസ്ഥികൾ കലശങ്ങളിലാക്കി
വിട്ടുപോയോരെൻ പ്രണയിനിയുടെ
ഓർമ്മകൾ മാത്രം ബാക്കിയായി
ഇനിയില്ല പരിഭവങ്ങൾ തേങ്ങലുകൾ
ആശ്ലേഷമധു പകരും ചുംബനങ്ങൾ
കുത്തിയൊലിച്ചു വന്നൊരാ ഉരുളി-
ലമർന്നു പോയൊരെൻ സ്വപ്നങ്ങൾ
കാവിലെ കൽവിളക്കുകൾ
ഒരുമിച്ചു തെളിക്കുവാനാവില്ലായിനി
തേവർ തൻ പ്രദക്ഷിണവഴികളിൽ
അടി തൊഴാനാവില്ലിനി
പാടവരമ്പിൽ ദാവണി തുമ്പുലയ്ക്കു-
മിളം കാറ്റു പോലും ശോകമായി
കുപ്പിവളയുടെ കൊഞ്ചൽ കാതോ-
ർക്കും പൂവാലിപ്പയ്യും മൂകമായി
മാനം കാണാതെ നീ സൂക്ഷിച്ചൊരാ
മയിൽപ്പീലികൾ നിന്നെ തേടുന്നുവോ
കൊഴിയുന്ന ചെമ്പക പൂക്കളും
നിന്റെ കാലൊച്ച കാതോർത്തിരുന്നു.
കാലമേ നീയെടുത്തുകൊൾകയെൻ
പ്രണയത്തിന്റെ തിരുശേഷിപ്പുകൾ
നീയതെടുത്തുവെന്നാലുമെൻ
പ്രണയാസ്ഥികൾ സ്പന്ദിച്ചിടും

