പ്രാണന്റെ നൂലിഴ വിട്ടുപിരിയുമ്പോൾ
പ്രിയപ്പെട്ടവർ ചുറ്റും വിതുമ്പുന്നു,
പാതിതുറന്ന നിൻ മിഴികളിലന്ന്
പാലായനം ചെയ്തതാര് മാത്രം?
തൊട്ടരികിലുണ്ടായിരുന്നിട്ടും നീയിന്ന്-
തൊട്ടാൽ തൊടാത്തൊരു ശൂന്യതയായ്,
നൊമ്പരക്കടലിൽ തിരയടിച്ചുയരുമ്പോൾ
നീ മാത്രം മൗനത്തിൻ കൂടാരത്തിലായി!
നെഞ്ചുതകർന്നുകരയുന്ന മാതാവും
നെടുവീർപ്പിനാൽ ഉരുകും പ്രിയതമയും,
നിന്റെ തണുത്ത നെറ്റിയിൽ ചുംബിക്കുമ്പോൾ-
നിശബ്ദത നിന്നെ പുതപ്പിക്കുന്നു!
കൂട്ടുകൂടിയോരാ മരത്തണലിലൊക്കെയും
കാറ്റുനിൻ പേര് മന്ത്രിക്കുന്നു,
നീയില്ലാത്തീ വീടിൻ ഇടനാഴികളിൽ-
നിഴലുകൾ പോലും നിലവിളിക്കുന്നു!
ചുറ്റുമെരിയുന്ന ചിതയുടെ നാളങ്ങൾ
ചുടുരക്തം വറ്റിച്ചപ്രാണൻ്റെനോവ്,
മണ്ണിന്റെയാഴത്തിലേകാന്തനായി നീ-
മടങ്ങാത്തയാത്രതൻ ദൂതനായി!
ഇന്നലെ നാം കണ്ട ചിരിയുടെ തുഞ്ചത്ത്
ഇന്നൊരുമരണത്തിൻ കയ്പും കനപ്പും,
കാലം മായ്ക്കാത്തൊരു മുറിവായി നീയൊരു-
കാറ്റിൽ ഉലയുന്ന ചാരമായി!
ഇരുളടഞ്ഞാപാതയിൽ കൂട്ടിനാരും വരാ-
നിന്നീലോകം നിനക്ക് അന്യമായി,
ഓർമ്മതൻ വിങ്ങലിൽ ബാക്കിയാകുന്നു നീ-
ഒരിക്കലും തിരികെയെത്താതൊരാൾ നഷ്ടമായിടുന്നു!

ബി.സുരേഷ്കുറിച്ചിമുട്ടം

By ivayana

Leave a Reply

Your email address will not be published. Required fields are marked *