രചന : അനിഷ് നായർ✍
ഒരുമിച്ച് ഇങ്ങനെ,
എല്ലാം കണ്ടു കണ്ട്,
മിഴികൾ കുളിർന്നും,
മനസ്സ് നിറഞ്ഞും,
തമ്മിൽ പുണർന്നും,
പെയ്തു നിൽക്കുന്ന
വർഷാനന്ദങ്ങളിലേക്ക്
നമുക്ക് കൈകോർത്ത്
നടന്നു പോകാം.
ചിലപ്പോൾ,
നിശ്ശബ്ദത തന്നെയാണ്
നമ്മുടെ വാക്കുകൾ;
എന്നാൽ ചിലപ്പോഴോ,
ഈ ചിരിക്കിലുക്കങ്ങൾ
മഴത്തുള്ളികളെ
തോൽപ്പിക്കും.
അറിഞ്ഞും നിറഞ്ഞും
വഴിയിലൊളിഞ്ഞ
കുഴികളൊഴിഞ്ഞും
നാം യാത്ര തുടരും….
ഒന്നിച്ച് നനഞ്ഞ്,
ഒന്നിച്ച് നടന്നാൽ,
ഭാരം കുറഞ്ഞ
മേഘം പോലൊഴുകാമെന്ന്
കാതിലാദ്യം പറഞ്ഞതാരാണ്!
മരങ്ങളുടെ
കാൽച്ചിലമ്പൊലിയായ
ഇലക്കിലുക്കങ്ങൾ
നമ്മുടെയുള്ളിൽ വന്ന്
ജതിയുണർത്തുമെന്നും ….
മുകിലുകളുടെ
പാദസര മഴക്കിലുക്കങ്ങൾ,
അത്രമേൽ
സ്നേഹിക്കുമാത്മാക്കളെ
ലാസ്യ നടനമാടിച്ച്
ഇണചേർക്കുമെന്നും…
ഓരോ ശ്വാസവും
ഹരിതാഭയായി
നമ്മെ തളിരണിയിക്കുമെന്നും ….
ലക്ഷ്യമെങ്ങാണെന്നതല്ല,
ഒരുമിച്ചിങ്ങനെ
നടക്കുന്നതു തന്നെയാണ്
യാത്രകളുടെ വർഷാനന്ദമെന്നും,
നമ്മളിലാദ്യം പറഞ്ഞതാരാണ്!
നമ്മളിലാദ്യം പറഞ്ഞതാരാണ്!
✍️

