രചന : സന്തോഷ് മലയാറ്റിൽ ✍️
അപൂർണ്ണതയിലെ
അറ്റമില്ലാത്ത ഇരുട്ടിൽ
പെയ്തുതോരാത്ത
ഒരു കറുത്തമേഘത്തുണ്ടിൽ
നീ ഹൃദയം കൊരുത്തിടണം
പെയ്തൊഴിയും മുമ്പ്
എന്റെ പ്രണയത്താൽ
ഞാനതു നനച്ചിടും
ഒരോ മഴത്തുള്ളിയും
നമ്മുടെ സംഗമരഹസ്യങ്ങൾ
ഭൂമിയോട് പങ്കുവെയ്ക്കും.
ഉറവപൊട്ടിയൊഴുകുന്നൊരു
അരുവിയിൽ കാൽപ്പാദം
നനച്ചൊരു കാററ്
നമുക്കിടയിൽവന്ന്
നിശ്ശബ്ദമാകും.
ഒരു പാതിരാക്കാറ്റ്
പൂത്തുവിടർന്ന
മുല്ലവള്ളിയിലേക്ക്
മുടിയഴിച്ചിടും.
എന്റെ കണ്ണുകൾ
നിലാവും ,നക്ഷത്രങ്ങളും
തിരഞ്ഞ രാത്രിയിൽ
നമ്മൾ അന്യരായിരുന്നില്ല
എന്നതിന് അവസാനത്തെ
സാക്ഷി, നീർവറ്റിയ
കണ്ണുകളാകട്ടെ.

