രചന : സിദ്ധിഖ് പട്ട ✍️
ഇന്നലെ കോയാക്കയെ കണ്ടിരുന്നു. നടക്കാൻ നന്നേ ബുദ്ധിമുട്ടിയാണ് കടയിലേക്ക് കയറി വന്നത്. എനിക്ക് പിതൃതുല്യനായ അദ്ദേഹത്തിന് എഴുപത്തിയഞ്ച് വയസ്സോളം പ്രായമുണ്ട്..
അഞ്ചാറു മാസം മുമ്പ് വരെ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും മത്തായി ചേട്ടന്റെ പറമ്പിലും വീട്ടിലുമായി ജോലിക്ക് പോയിരുന്നു..
കഴിഞ്ഞ മുപ്പത് വർഷത്തോളമായി കോയാക്ക മത്തായി ചേട്ടന്റെ പ്രിയപ്പെട്ട ജോലിക്കാരനാണ്..
ഇപ്പോൾ ഭാരപ്പെട്ട ജോലികളൊന്നും ചെയ്യാൻ കഴിയില്ലെങ്കിലും എന്താണോ അദ്ദേഹത്തിന് കഴിഞ്ഞിരുന്നത് അത് അദ്ദേഹം ചെയ്യുമായിരുന്നു. മത്തായി ചേട്ടനും അത്രയേ ആവശ്യമുണ്ടായിരുന്നുള്ളൂ..
കുറച്ചുദിവസമായി ഭാര്യ ആമിനാത്ത ഒറ്റയ്ക്കാണ് ജോലിക്ക് പോകുന്നത്..
ഭാരപ്പെട്ട ജോലികളൊന്നും ചെയ്യാൻ ആമിനത്താക്കും കഴിയില്ല. മുപ്പത് വർഷമായിട്ടുള്ള ശീലമാണ്. എങ്കിലും വെറുതെ നിന്ന് കൂലി വാങ്ങാൻ അവർ തയ്യാറല്ലായിരുന്നു. അവർ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരുന്നു. മത്തായി ചേട്ടന്റെ ഭാര്യയുടെ സമപ്രായക്കാരിയാണ് ആമിനാത്ത. അവർ തമ്മിലുള്ള ആത്മബന്ധം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ആമിനാത്ത ഇപ്പോഴും അവിടെ ജോലിക്ക് പോകുന്നത്..
കോയക്കാക്ക് കാലുവേദന കാരണം നടക്കാൻ വയ്യാതായിരിക്കുന്നു..
ഞാൻ ജനിച്ചു വളർന്ന എന്റെ ഉപ്പയുടെ തറവാട് വീടിനോട് ചേർന്നായിരുന്നു കോയാക്കയുടെ വീട്..
നീണ്ട് കിടക്കുന്ന നെൽ വയലിനോട് ചേർന്ന് കരയിൽ ഒരു മൂലയിൽ ഒരു ഓലപ്പുരയിലായിരുന്നു ഭാര്യയും മൂന്ന് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം താമസിച്ചിരുന്നത്..
ഭാസ്കരൻ നായരുടെ നാല് ഏക്കർ നെൽവയലും അതോട് ചേർന്നുള്ള ഒരേക്കർ കരയും, കരയിൽ ഒരു മൂലയിൽ ഒരു കൂരയും..
തന്റെ കൃഷിസ്ഥലങ്ങളും മറ്റും നോക്കി പരിപാലിക്കുന്നതിന് പ്രത്യുപകാരമായിട്ട് ഭാസ്കരൻ നായർ കോയാക്കയോട് അവിടെ വീട് വെക്കാൻ പറഞ്ഞതാണ്..
കുറച്ച് ദൂരെ താമസിക്കുന്ന ഭാസ്കരൻ നായർ കൃഷിയിറക്കുന്ന സമയത്തും വിളവെടുക്കുന്ന സമയത്തും അങ്ങിനെ വല്ലപ്പോഴുമൊക്കയേ കൃഷിയിടത്തിലേക്ക് വരാറുള്ളൂ..
വയലിനോട് ചേർന്ന് നിന്ന ആ ഓലപ്പുരയിലും പരിസരത്തുമാണ് എന്റെ ബാല്യത്തിന്റെ മുക്കാൽ ഭാഗവും ഞാൻ ചിലവഴിച്ചത്..
ആമിനാത്ത എന്റെ മറ്റൊരു ഉമ്മയാണ്..
എന്റെ മറ്റൊരു വീടായിരുന്നു അത്..
അവരുടെ മൂത്ത മകൾ ജമീലയുടെ കൈ പിടിച്ചായിരുന്നു കുഞ്ഞുന്നാളിൽ ഞാൻ വയലിലും തോട്ടിലുമൊക്കെ പോയിരുന്നത്..
എന്നെ കുളിപ്പിക്കുകയും കളിപ്പിക്കുകയും എനിക്ക് ഭക്ഷണം വാരി തരുകയും ഒക്കെ ചെയ്തിരുന്ന ആമിനാത്തയും അവരുടെ മൂത്തമകൾ ജമീലയും എനിക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു..
വയലിൽ നെൽകൃഷിയായിരുന്നു. റബ്ബർ തോട്ടത്തിനോട് ചേർന്ന് വയലിന്റെ വരമ്പത്ത് കമുങ്ങും വാഴയും കോയാക്കയുടെ വീട്ട് വളപ്പിൽ തെങ്ങ്, മാവ്, പ്ലാവ്, മുതലായവയുമാണ് കൃഷി ചെയ്തിരുന്നത്..
യുവാവായ കോയാക്ക രാവിലെ എഴെഴരയോട് കൂടി വയലിലേക്ക് ഇറങ്ങും..
ഞാറ് നടാനും കൊയ്യാനും മാത്രമായി വളരെ കുറഞ്ഞ ദിവസങ്ങളിൽ മാത്രമേ മറ്റു പണിക്കാർ ഉണ്ടാവാറുള്ളൂ..
ഒന്നാം ക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്ത കോയാക്ക വർഷത്തിൽ 365 ദിവസവും വയലിലേക്ക് ഇറങ്ങി..
നോയമ്പിനും പെരുന്നാളിനും ഓണത്തിനും വരെ അദ്ദേഹം കൃഷിയെ പരിപാലിച്ചു..
വരമ്പ് വെട്ടിയും വെള്ളം തിരിച്ചുവിട്ടും വളമിട്ടും കള പറിച്ചും വാഴക്കും തെങ്ങിനും കമുങ്ങിനും തടം വെട്ടിയും കിളച്ചുകൊടുത്തും അവയെ പരിപാലിച്ചു..
ആമിനാത്ത കോയക്കാക്ക് ഭക്ഷണമെത്തിച്ചും പശുവിന് പുലരിഞ്ഞും കോയാക്കയുടെ കൂടെ തന്നെ ഉണ്ടാകും…
കോയാക്കയുടെ സമപ്രായക്കാരായ എന്റെ ഉപ്പയും അടുത്തടുത്ത വീടുകളിലെ ചേക്കു കാക്കയും മൊയ്തീൻ കാക്കയും അലവി കാക്കയും അല്ലറ ചില്ലറ ദുശ്ശീലങ്ങളൊക്കെ ഉള്ളവരാണ്..
കോയാക്കക്ക് അത്തരത്തിലുള്ള ദുശീലങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടായിരിക്കാം അദ്ദേഹം വിധേയത്വം ശീലിച്ചത്..
അദ്ദേഹം അദ്ദേഹത്തിന്റെ ഭാര്യയോടോ മക്കളോടോ പോലും കോപപ്പെട്ടിരുന്നില്ല, അല്ലെങ്കിൽ അദ്ദേഹത്തിന് അതിന് കഴിഞ്ഞിരുന്നില്ല..
കൃഷി വീട്, കൃഷി വീട് അതായിരുന്നു അദ്ദേഹത്തിന്റെ രീതി..
അന്പത്തിയഞ്ചാം വയസ്സിൽ ആദ്യമായി കോഴിക്കോട് കടൽ കാണാൻ പോയ കോയാക്കയെ അതും പറഞ്ഞ് ആരൊക്കെയോ കളിയാക്കുന്നത് എനിക്ക് ഇന്നും ഓർമ്മയുണ്ട്..
പെൺകുട്ടികളെ കന്നുകച്ചവടം പോലെ വില പറഞ്ഞുറപ്പിച്ചിരുന്ന വിവാഹ കമ്പോളത്തിൽ ദരിദ്രനായ കോയാക്കയുടെ മകൾ ജമീലക്ക് ആവശ്യക്കാർ ഉണ്ടായിരുന്നില്ല..
കുറച്ചു വൈകിയാണെങ്കിലും സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത രണ്ടാം കെട്ടുകാരനും അവളെക്കാൾ 20 വയസ്സ് മൂത്തതുമായ ജബ്ബാറിനെ കൊണ്ട് ജമീലയെ വിവാഹം കഴിപ്പിച്ചു..
പണ്ടവും പണവും വാരിക്കോരി കൊടുക്കാനില്ലാത്ത അവർ ജബ്ബാറിനും ജമീലക്കുമായി 5 സെന്റ് സ്ഥലത്ത് ഒരു വീട് വെച്ച് കൊടുത്തു..
ഒന്നും രണ്ടും വയസ്സ് വ്യത്യാസത്തിൽ ജമീലക്ക് 4 പെൺകുട്ടികൾ ജനിച്ചു..
ജബ്ബാറിന് പ്രത്യേകിച്ചൊരു ജോലിയും വരുമാനവും ഇല്ലാത്തതുകൊണ്ട് അവരുടെ കാര്യങ്ങൾ കൂടുതലും നോക്കിയിരുന്നത് കോയാക്കയും ആമിനാത്തയും തന്നെയാണ്..
ഒരു പനി വരുന്നു. ന്യൂമോണിയയാകുന്നു. കരളിനെ ബാധിക്കുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന ഫാത്തിമയെയും അവൾക്ക് താഴെയുള്ള മൂന്ന് പെൺകുട്ടികളെയും തനിച്ചാക്കി അവരുടെ ഉമ്മ ജമീല മരിക്കുന്നു..
പെൺകുട്ടികൾ രക്ഷിതാക്കൾക്ക് ശാപമായിരുന്ന കാലമാണ്..
ജബ്ബാർ ജബ്ബാറിന്റെ വഴിനോക്കി പോയി..
ആ നാല് പെൺകുട്ടികളുടെയും പൂർണ്ണ ഉത്തരവാദിത്വം ആ വൃദ്ധ ദമ്പതികൾക്കായി..
അതിനിടയിൽ മൂത്ത മകന്റെ വിവാഹം കഴിഞ്ഞു. അവനും കുട്ടികളായി, ഒരു സ്ഥിര വരുമാനം ആവുന്നതിന് മുമ്പ് തന്നെ..
കോയാക്ക എന്നും രാവിലെ എഴുന്നേറ്റ് തൂമ്പയും കമ്പിപ്പാരയും ചട്ടിയും കോട്ടയും എടുത്ത് വയലിലേക്ക് ഇറങ്ങും..
ചെരിപ്പിട്ട് ശീലമില്ലാത്ത കോയാക്ക ഇട കൃഷിയായി പച്ചക്കറികളും കൃഷി ചെയ്തു..
ഭാസ്കരൻ നായർ മരിച്ചു..
നെൽകൃഷി മാറി കാമുങ് കൃഷിയായി..
ഭാസ്കരൻ നായരുടെ മക്കൾ കോയക്കാക്ക് ആ വീട് നിക്കുന്ന 5 സെന്റ് സ്ഥലം രജിസ്റ്റർ ചെയ്തു കൊടുത്തു..
ബാക്കി സ്ഥലം രണ്ടുമൂന്നു പേർക്കായി വിറ്റു..
അങ്ങനെയാണ് തെങ്ങിൻ തോട്ടങ്ങളും കമുങ്ങിന് തോട്ടങ്ങളുമുള്ള മത്തായി ചേട്ടന്റെ ജോലിക്കാരനാകുന്നത്..
ഉറുമ്പ് ധ്യാന്യ മണികൾ ശേഖരിക്കുന്നത് പോലെ ആയിരുന്നു കോയാക്കയും ആമിനാത്തയും ഓരോ നാണയത്തുട്ടും ശേഖരിച്ചത്..
കോയാക്കയുടെ മറ്റു മൂന്ന് മക്കളുടെയും വിവാഹം കഴിഞ്ഞു..
മരിച്ചുപോയ ജമീലയുടെ നാല് പെൺകുട്ടികളേയും വിവാഹം കഴിപ്പിച്ച് വിട്ടു..
കോയാക്കയുടെ ജീവിതത്തിൽ വന്ന ഒരേ ഒരു മാറ്റം, അദ്ദേഹം ചെരിപ്പിടാൻ തുടങ്ങി എന്നതാണ്..
പലയിടത്തായി സ്ഥലങ്ങളുള്ള മത്തായി ചേട്ടന്റെ പറമ്പിലേക്ക് കോയാക്കയും ആമിനാത്തയും ഒരുമിച്ചാണ് പോയിക്കൊണ്ടിരുന്നത്..
ഇനിമുതൽ കോയക്കാക്ക് പറ്റില്ല എന്നായിരിക്കുന്നു..
വർണ്ണക്കാഴ്ചകളുടെ ഈ മാസ്മരിക ലോകത്ത് മറ്റൊന്നിനും പ്രാമുഖ്യം കൊടുക്കാതെ കൃഷിയും തന്റെ കുടുംബവും ജീവവായുവാക്കിക്കൊണ്ട് ജീവിക്കുന്ന ഒരു നിഷ്കളങ്കനായ മനുഷ്യൻ..
ആരോടും ഒന്നിനോടും പരിഭവമോ പരാതിയോ ഇല്ലാത്ത ഒരു പച്ച മനുഷ്യൻ..
കലാസൃഷ്ടികളായ പൊന്തൻ മാടയിലെ മാടയേയോ കൃഷിക്കാരനിലെ കേശവൻ നായരേയോ അനുസ്മരിപ്പിക്കും വിധമായിരുന്നു കോയാക്ക എന്ന യഥാർത്ഥ കൃഷിക്കാരൻ..

