രചന : റഫീഖ്. ചെറുവല്ലൂർ ✍️
അങ്ങിനെയുമൊരു ജീവിത സായൂജ്യം!
അനുയോജ്യനായൊരു കോമളനാം
വരനെത്തേടിക്കണ്ടെത്തി,
നിനക്കവനിന്നു നിന്റെ പാതിയുമായ്.
എങ്കിലും പ്രിയമകളേ,
നീയെനിക്കെന്നുമെൻ പൊന്നോമന.
തളിരിളം മോണ കാട്ടിച്ചിരിച്ചും,
കുഞ്ഞിളം കാൽപാദങ്ങളാലിടറി നടന്നും,
തിളങ്ങും കുഞ്ഞുടുപ്പുടുത്തു നൃത്തം ചെയ്തും
നീ വളർന്ന മായാത്ത ചിത്രങ്ങൾ
മനസ്സിൻ ഭിത്തിയിൽ സദാ
തിളങ്ങി നിൽക്കുമെപ്പോഴും.
ആദ്യസന്താനമായ് നീ തന്ന
ജീവിതസന്തോഷങ്ങൾ,
നെഞ്ചിൽനിന്നടർത്തി മാറ്റി
പടിയിറങ്ങിയ നോവിന്റെയാഴങ്ങൾ
മഷിയുണങ്ങാതെയെഴുതി
ഹൃദയതാളുകളിൽ നിറയെ
സൂക്ഷിക്കുന്നുണ്ടെപ്പോഴും.
ഇനിയും വാഴ്ക നീ നിന്നിടങ്ങളിൽ,
വാടാത്ത സ്നേഹത്തണലിൽ,
പ്രണയത്തിൻ പൂക്കാലമായീടുക.
കടൽദൂരമിക്കരെയാണെങ്കിലും
മനമുറങ്ങാതെയച്ഛനുണ്ടിവിടെ,
സ്വപ്നങ്ങൾക്കു കാവലാളായെന്നും.
