രചന : ഹംസ കൂട്ടുങ്ങൽ. ✍️
ഈ കായ വറുത്തത് ഞാൻ എല്ലാർക്കും കൊടുത്തോട്ടേ ….?
എല്ലാവർക്കും കൊടുക്ക്. എൻ്റേം നാരായണീടേം പേരിൽ…
എനിയ്ക്കൊന്നു കാണണം.
എനിയ്ക്കും.
ഞാനത്ര സുന്ദരിയൊന്നുമല്ല. ഇവിടെ എന്നേക്കാൾ സുന്ദരിമാരുണ്ട്.
ഞാനും അത്ര സുന്ദരനല്ല
എന്നെ മാത്രം സ്നേഹിക്കുമോ?
പിന്നല്ലാതെ?
ദൈവമേ.. ഞാനിന്ന് ഉറങ്ങില്ല. രാത്രി മുഴുവൻ കരയും.
വായിച്ചും കണ്ടും കേട്ടും മനസ്സിൽ പതിഞ്ഞ ആ പ്രേമം വെറുതെ കടലാസിലേക്കു പകർത്തി പിന്നെയും പിന്നെയും വായിച്ചാസ്വദിച്ചു കൊണ്ടിരിക്കുമ്പൊഴാണ് കൊഴച്ചക്ക വീണതുപോലെ പുറകിലൊരു ശബ്ദം കേട്ടത്. ഒരു കണക്കിന് കഴുത്ത് തിരിച്ച് നോക്കിയപ്പൊഴാണ് അത് കെട്ട്യോള് കുഞ്ഞീവിയാണെന്ന്
മനസ്സിലായത്. അവൾ ശബ്ദമുണ്ടാക്കാതെ പുറകിൽ എത്തിയിരുന്നത് അറിഞ്ഞതേയില്ല.
“അള്ളാ… ” അത് പടച്ചോൻ പേടിക്കുന്ന ഒരലർച്ചയായിരുന്നു.
“ഏതാ ഈ നാരായണി? കാറ്റും വെളിച്ചോം കിട്ടാനാണെന്നു പറഞ്ഞ് ഈ മാവിൻ്റെ ചോട്ടീ വന്നിരുന്നിട്ട് ഇതാണ് പണീ ല്ലേ?”
” ഇത്തിരി സമാധാനം കിട്ടാനാ ഇതിൻ്റെ ചോട്ടീ വന്നിരിക്കണത്. ഇവിടേം തൊയിരം തരില്ലേ?”
” ന്നാലും എനിയ്ക്കീ ഗതി വന്നല്ലോ റബ്ബേ..?” അതു പറഞ്ഞ് കുഞ്ഞീവി നെഞ്ചത്തടിച്ചപ്പോൾ പതിഞ്ഞ ശബ്ദമേ കേട്ടുള്ളു.
“ഇതിപ്പൊ അമ്മതിരുവടീടെ എണ്ണപൂരത്തിന് എടയ്ക്ക കൊട്ടണ മാതിരി ഡും.. ഡും.. എന്നേ ആയിട്ടുള്ളു. പള്ളി പെരുന്നാളിന് നാസിക് ഡോളിൻ്റെ ഡ്രമ്മുമ്മെ ട്ടും…ട്ടും… എന്നലക്കണമാതിരി നെഞ്ചത്തടിക്കെടീ … നാലാള് കേക്കട്ടെ”
കുഞ്ഞീവി സടകുടഞ്ഞെഴുന്നേറ്റു.
“ങ്ങടെ ഒരു ശീലക്കസാലേം വെള്ളജുബ്ബേം കട്ടഞ്ചായേം പിന്നെ അഞ്ചാറ് കെട്ട് ബീഡീം. കാക്ക കുളിച്ചാ കൊക്കാകൂല മനിസാ.. “
”നീ കാരണം ഇമ്മിണി കോഴീടെ
കഴുത്തില് കത്തി വീണിട്ടുണ്ട്. നിൻ്റെ ലോകം അതാണ്. അങ്ങനെയുള്ള നിന്നോട് വിശദീകരിച്ചിട്ട് കാര്യമില്ല.”
” ങ്ങക്ക് നാണല്ലേ മനിസാ… തലേലെ പൂട മുയ്മനും കൊയിഞ്ഞ ഈ പ്രായത്തില് കണ്ണീക്കണ്ട പെണ്ണുങ്ങളുമായി..”
അവജ്ഞയോടെ കുഞ്ഞീവിയൊന്നു കനപ്പിച്ച് തുപ്പി.
ഇനിയിപ്പൊ പണ്ടത്തെപ്പോലെ ഒച്ചേം വിളീം ഉണ്ടാക്കി കത്തിയെടുത്ത് പേടിപ്പിച്ചിട്ടു കാര്യമില്ല. തനിയ്ക്കു പ്രായമായെന്നു സ്വയം അംഗീകരിച്ചേ മതിയാവൂ.
“ൻ്റെ വിധി. ല്ലെങ്കിലും ഈ പിരാന്തനെ വിട്ട് ഇനി എങ്ങോട്ടു പോവാനാ?” നനഞ്ഞ മൂക്ക് ചീറ്റിക്കൊണ്ട് കുഞ്ഞീവി അകത്തേക്കു നടക്കുമ്പോൾ…,
വേഷഭൂഷാദികൾ കൊണ്ട് മറ്റൊരാളെ അനുകരിക്കുന്നതു പോലെ അയാളുടെ ആത്മസത്തയിലേക്ക് എത്തിപ്പെടാൻ ആർക്കുമാവില്ല എന്ന് എനിയ്ക്കും തോന്നി.

