രചന : ദിവ്യ സി ആർ ✍️
അസ്വസ്ഥതകളുടെ
വെയിൽ നാവുകളെന്നെ
ചുറ്റിവരിയുമ്പോഴൊക്കെയും
ഞാനാ മടിത്തട്ടിലിടം തേടും.
നിശ്ശബ്ദതകളുടെ
കൂരമ്പുകളെന്നിൽ
തുളച്ചിറങ്ങുമ്പോഴൊക്കെയും
ഞാനാ താരാട്ടിന്നീണം തേടും.
വിഹ്വലതകളുടെ
ഒരായിരം കടന്നലുകൾ
ഒന്നിച്ചാക്രമിക്കുമ്പോഴൊക്കെയും
ഞാനാ നെഞ്ചോടു ചേർത്തെന്റെ
നിശ്വാസ പ്രകമ്പനങ്ങൾ പടർത്തും.
ഒടുവിലാ വിറയാർന്ന
വിരലുകളെന്റെ നെറുകയിൽ
തീർത്ഥമാകുമ്പോൾ;
അടർന്നു തുടങ്ങുന്ന
മിഴിത്തുള്ളികളിൽ
ഞാനഭയം തേടുന്നു..!

