രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍️
മാനസ മൈന
കിലുക്കാംപെട്ടി പോലെ
കിണുങ്ങിയിളം കാറ്റ്
ഇന്നെന്റെ ചാരത്തു
വന്നുനിന്നു
മാനത്തെക്കാർമുകിൽ
മാടിവിളിച്ചത്
നാണിച്ചവൾ കാതിൽ
പറഞ്ഞുതന്നു
നാണംവിരിഞ്ഞപ്പോൾ
നുണക്കുഴി തെളിഞ്ഞപ്പോൾ
കാറ്റിനു ചന്തം
നിറഞ്ഞുവന്നു
നോക്കിനിൽക്കെയവൾ
ഒന്നും പറയാതെ
പാറിപ്പറന്നെങ്ങോ
പോയ്മറഞ്ഞു
മാനത്തെക്കാർമുകിൽ
മറഞ്ഞുവല്ലോ എന്റെ
മാനസമൈന
കരഞ്ഞതെന്തേ
കാറ്റെന്നെത്തഴുകാതെ
ഓടിമറഞ്ഞപ്പോൾ
ഓർമ്മകൾ വിലപിച്ചു
പോയതാണോ….?

