രചന : പണിക്കർ രാജേഷ് ✍️
ഇരുളിൻ്റെ മാറിലെ കുളിരായുണരുവാൻ
പനിമതി പകലിലുറക്കമാണോ?
ഇരവിൽ വിരിയുന്ന ആമ്പൽപ്പൂവിതളിനെ
കണികണ്ടുണരുവാൻ മോഹമാണോ?
തിരിതാഴ്ത്തിയാദിത്യനാഴിയിൽ വീഴവെ
തിരകൾ തിരഞ്ഞതു നിന്നെയല്ലേ?
അലകളെ മിന്നുംപുടവയുടുപ്പിക്കാൻ
അംബരമുറ്റത്ത് വരുകയില്ലേ?
പ്രകൃതിതൻചേലയ്ക്ക് ചേലായി നീയാ
പാൽനിലാക്കമ്പളം വിരിക്കയാണോ?
പകലിൻ്റെയാലസ്യമൊക്കെയും നിന്നോട്
പതിയെപ്പറഞ്ഞൊന്നുറങ്ങുവാനായ്.
അന്തപ്പുരത്തിലെ താരകറാണിമാർ
അഴകെഴുംദീപങ്ങളായിനിൽക്കേ
ചേറ്റിലെ മലർകന്യ ചെറുനാണമോടെ നിൻ
അമ്പിളിക്കലയിൽ മിഴികൊരുത്തു.

