രചന : സന്തോഷ് മലയാറ്റിൽ ✍️
മകരമഞ്ഞ്
മല കയറുമ്പോൾ
ആകാശത്തെ
നക്ഷത്രകൂട്ടങ്ങൾ
വെളുത്ത മേഘങ്ങളെ
വാരിയെടുത്ത് പുതയ്ക്കും.
താഴ്‌വരയിലെ
കിതച്ചൊഴുകുന്ന
ഒരരുവിയിലേക്ക്
പാതിരാത്തെന്നൽ
കാട്ടുപൂക്കളെ കുടഞ്ഞിടും
അരുവി
ആഴങ്ങളിലെ
തെളിനീരിൽ
ഇക്കിളിയിടുന്ന
മീനുകളെ
ഉമ്മകൾ കൊണ്ട്
പൊതിയും.
കരയിലപ്പോൾ
പുലരിവെയിൽ
ദൂരേക്ക് മിഴിയെറിഞ്ഞ്
പ്രതീക്ഷയോടെ
കാത്തിരിക്കുന്ന
നിന്റെ കണ്ണിലെ
ആഴങ്ങളിൽ
പ്രണയമെഴുതും.
ഞാൻ നിറയെ പൂത്തൊരു
കടലാസുച്ചെടിയിൽ
ഒളിച്ച കാറ്റിനോട്
മഴയുടെ മറന്നുവെച്ച
ചിലങ്കകളെ കുറിച്ചുപറയും.
അതെ,
അടയാത്ത
മീൻകണ്ണുകൾ
പോലെയാണ്
പ്രണയത്തിന്റെ
വിശുദ്ധി നിറഞ്ഞ
ചില സൂക്ഷിപ്പുകൾ.

