രചന : അഫ്സൽ ബഷീര്‍ തൃക്കോമല✍️
ബ്രിട്ടീഷ് വിരുദ്ധ പോരാളിയായിരുന്ന ചക്കിപറമ്പൻ മൊയ്തീൻ കുട്ടി ഹാജിയുടെയും കുഞ്ഞായിഷു മ്മയുടെയും മകനായി പഴയ മലബാർ ജില്ലയിലെ നെല്ലിക്കുത്തിലെ സമ്പന്ന തറവാടായ ചക്കി പറമ്പത്ത് എ:ഡി 1870(ഹിജ്‌റ 1287) ലാണ് വാര്യം കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം. മാതാപിതാക്കളുടെ കുടുംബങ്ങൾ പാരമ്പര്യമായി ബ്രിട്ടീഷ് വിരുദ്ധ നിലപാട് വെച്ച് പുലർത്തുന്നവരായിരുന്നു.
കോഴിക്കോട് രാജ്യം നിലവിൽ ഉണ്ടായിരുന്നപ്പോൾ സാമൂതിരി രാജാവ്മായി അടുത്തബന്ധം പുലർത്തിയിരുന്ന കച്ചവട കുടുംബമായിരുന്നു ചക്കി പറമ്പത്തുകാർ. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന ഭൂസ്വത്തുക്കളും, സ്ഥാനമാനങ്ങളും കൈമുതലായ ഈ തറവാട്ടുകാർ കോഴിക്കോട് രാജ്യത്തു ബ്രിട്ടീഷ് സർക്കാരിനെതിരെ അരങ്ങേറിയ 1894 മണ്ണാർക്കാട് ലഹളയെ തുടർന്ന് കുടുംബാംഗങ്ങളിൽ പലരും കൊല്ലപ്പെടുകയും നാട് കടത്തപ്പെടുകയും ചെയ്തു. അന്തമാനിലേക്ക് നാടുകടത്തപ്പെട്ടവരിൽ കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവും ഉൾപ്പെട്ടിരുന്നു.
പ്രതികാരമായി ഭീമമായ തുക ഹാജിയുടെ കുടുംബത്തിൽ നിന്നും ഈടാക്കിയ ബ്രിട്ടീഷ് അധികാരികൾ കുടുംബ സ്വത്തുക്കളും ഇരുനൂറു ഏക്കർ വരുന്ന കൃഷിഭൂമിയും കണ്ട് കെട്ടി. അദ്ദേഹത്തിൽ ജന്മനാ ഉണ്ടായിരുന്ന സാമ്രാജ്യത്വ വിരുദ്ധ വികാരം പതിന്മടങ്ങാക്കി വർദ്ധിപ്പിക്കാൻ ഇത് കാരണമായി. ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾ കാരണം രണ്ടാമതും നാടുവിടേണ്ടി വന്ന ഹാജി 1905 മടങ്ങി വന്നെങ്കിലും ജന്മനാട്ടിൽ പ്രവേശിക്കാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകാത്തതിനെ തുടർന്ന് മക്കയിലേക്ക് പോയി.
1914 ലാണ് പിന്നീട് ഹാജി മടങ്ങി വരുന്നത്. തിരിച്ചു വന്ന കുഞ്ഞഹമ്മദ് ഹാജിയെ മലബാറിൽ പ്രവേശിക്കാൻ സർക്കാർ അനുവദിച്ചില്ല. പിന്നീട് ജന്മ ഗ്രാമമായ നെല്ലിക്കുത്തിൽ കയറരുത് എന്ന നിബന്ധനയിൽ വിലക്ക് നീക്കി. തിരികെ വന്ന് കച്ചവടം പുനഃരാരംഭിച്ച ഹാജി സ്വപ്രയത്നത്താൽ വീണ്ടും സമ്പന്നനായി മാറി. പിതാവിന്റെ വസ്തു വകകൾ തിരിച്ചു പിടിക്കാനും ബ്രിട്ടീഷുകാരെ കെട്ട് കെട്ടിക്കാനുമുള്ള പ്രതികാരവാഞ്ജ ഉള്ളിൽ അടക്കി പിടിച്ചായിരുന്നു അദ്ദേഹത്തിൻറെ ജീവിതം. നാളുകൾക്കു ശേഷം സ്വന്തം ഗ്രാമത്തിൽ പ്രവേശിക്കാനുള്ള അനുമതി സർക്കാരിൽ നിന്നും ലഭിച്ചെങ്കിലും 1916-ൽ മലബാർ ജില്ല കലക്ടർ ഇന്നിസിനെ കരുവാരകുണ്ടിൽ വെച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ വീണ്ടും അറസ്ററ് ചെയ്യപ്പെട്ടു. തെളിവുകൾ ലഭ്യമാകാതിരുന്നതിനെ തുടർന്ന് പിന്നീട് വിട്ടയക്കപ്പെട്ടു.
കച്ചവടം കൂടുതൽ മെച്ചമായതോടെ പൊതുരംഗത്ത് സജീവമായി .
കച്ചവടത്തിൽ ലഭിക്കുന്ന സമ്പത്ത് ദരിദ്രർക്കും കുടിയാന്മാർക്കും കീഴാളർക്കും അധസ്ഥിതർക്കും വീതം വെക്കുന്നതിനു ഹാജിക്ക് മടിയുണ്ടായിരുന്നില്ല. മൗലൂദ് , റാതീബ്, പടപ്പാട്ട് സംഘടിപ്പിച്ചും അന്നദാനം നടത്തിയും, കോൽക്കളി ,ദഫ് ,കൈകൊട്ടി കളി എന്നിവയുടെ സംഘാടകനുമായി കുഞ്ഞഹമ്മദ് ഹാജി പ്രശസ്തനായി. , മലയാളം , ഇംഗ്ലീഷ് അറബി ,ഉർദു ഭാഷാ ഉൾപ്പടെയുള്ള വിവിധ ഭാഷകളിലുള്ള പാണ്ഡിത്യവും , സ്വതസ്സിദ്ധമായ സംസാര രീതിയും ജന്മി കുടിയാൻ പ്രശ്നങ്ങളിലും, സാമൂഹിക മതാചാര തലങ്ങളിലുമുള്ള സജീവ സാന്നിധ്യം എന്നിവയൊക്കെ കീഴാളർക്കിടയിലും മാപ്പിളമാ ർക്കിടയിലും ഹാജിക്ക് സ്വാധീനം വർദ്ധിപ്പിച്ചു.
“സുൽത്താൻ കുഞ്ഞഹമ്മദ്” എന്നായിരുന്നു ഹാജി അറിയപ്പെട്ടിരുന്നത്. അന്നത്തെ ഡെപ്യൂട്ടി കലക്ടർ സി. ഗോപാലൻ നായർ ഹാജിയെ കുറിച്ച് പറഞ്ഞത്:” ഹിന്ദുക്കളുടെ രാജാവും മുഹമ്മദീയരുടെ അമീറും ഖിലാഫത് സേനയുടെ കേണലുമായിട്ടായിരുന്ന വാരിയൻ കുന്നൻ ചമഞ്ഞിരുന്നത്” എന്നാണ്. ജന്മി ബ്രിട്ടീഷ് വിരുദ്ധനായ ഹാജിക്ക് കിട്ടുന്ന സ്വീകാര്യത സർക്കാരിനെ ഭയപ്പെടുത്തിയിരുന്നു. അനുനയിപ്പിക്കാനായി ബ്രിട്ടീഷ് അധികാരികൾ നഷ്ട്ടപ്പെട്ടത്തിലധികം സമ്പത്തും, ഭൂസ്വത്തുക്കളും, അധികാര സ്ഥാനമാനങ്ങളും വാഗ്‌ദാനം ചെയ്‌തെങ്കിലും ഹാജി അത് സ്വീകരിച്ചില്ല.ബോംബയിലെ ജീവിതത്തിനിടെ ഗാന്ധിജിയുടെ ആശയങ്ങളിൽ കുഞ്ഞഹമ്മദ് ഹാജി ആകൃഷ്ടനായിരുന്നു .
1908ൽ മഞ്ചേരി രാമയ്യർ മുഖേന കോൺഗ്രെസ്സിലെത്തുന്നതും അങ്ങനെയാണ്.1920 ജൂലായ് 18 ന് മലബാർ ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കപ്പെട്ടതോടെ ഹാജിയുടെ പ്രവർത്തന മേഖല ഖിലാഫത്തു പ്രസ്ഥാനത്തോടൊപ്പമായി .1920 ആഗസ്റ്റ് മാസത്തിൽ ഗാന്ധിജിയും, ഷൗക്കത്തലിയും സംബന്ധിച്ച കോഴിക്കോട് കടപ്പുറത്തെ അമ്പതിനായിരത്തോളം പേർ പങ്കെടുത്ത യോഗത്തിൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ, കൊന്നാര മുഹമ്മദ് കോയ തങ്ങൾ, കുമരംപുത്തൂർ സീതിക്കോയ തങ്ങൾ, ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങൾ എന്നിവർ പ്രതേക ക്ഷണിതാക്കളായി സംബന്ധിച്ചു. ഖിലാഫത്ത് പ്രവർത്തനങ്ങൾ ഏറനാട്ടിലും വള്ളുവ നാട്ടിലും സജീവമായി നടക്കാൻ തുടങ്ങിയത് ഇതിനു ശേഷമാണ്.
മാപ്പിളമാർ ബ്രിട്ടീഷ് സർക്കാരിനെതിരെ യുദ്ധത്തിന് ഒരുങ്ങുന്നുണ്ടെന്നും ചേരൂർ മഖാം സന്ദർശനം അതിനു മുന്നോടിയാണെന്നും, മമ്പുറം പള്ളികളിൽ ആയുധ ശേഖരം ഉണ്ടെന്നും അത് പിടിച്ചെടുക്കണമെന്നും ബ്രിട്ടീഷ് സർക്കാർ ഉത്തരവിട്ടതിനെ തുടർന്ന് ആഗസ്ത് 19ന് ബ്രിട്ടീഷ് പട്ടാളം മമ്പുറം കിഴക്കേ പള്ളി റൈഡ് ചെയ്തു. ആയുധങ്ങൾ ഒന്നും കണ്ടെടുക്കപ്പെട്ടില്ലെങ്കിലും കാര്യങ്ങൾ അതോടെ കൈവിട്ടു പോയി. ഇതാണ് മലബാർ കലാപത്തിൻറെ മൂല കാരണം .
വെള്ളപ്പട്ടാളം മമ്പുറം മഖാം പൊളിച്ചെന്നും കിഴക്കേ പള്ളി മലിനമാക്കിയെന്നുമുള്ള വ്യാജ വാർത്ത പരക്കെ പരന്നു. വളരെ പെട്ടന്ന് ആയിരക്കണക്കിനാളുകൾ . കാരണമന്വേഷിക്കുവാൻ എത്തി .തടിച്ചു കൂടിയ ജനക്കൂട്ടത്തിനു നേരെ പട്ടാളം വെടി വെച്ചതോടു കൂടി ജനക്കൂട്ടം അക്രാമകസക്തരായി പട്ടാളത്തെ എതിരിട്ടു. പട്ടാളം പിന്തിരിഞ്ഞോടി. ഇതോടെയാണ് ലഹള ആരംഭിക്കുന്നതും അദ്ദേഹത്തിന്റെ കീഴിൽ വിപ്ലവ സർക്കാർ രൂപീകരിക്കപ്പെടുന്നതും.പട്ടാളവും പോലീസും ബ്രിട്ടീഷ് അധികാരികളും പാലായനം ചെയ്തതോടെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ 200 വില്ലേജുകൾ കേന്ദ്രീകരിച്ചു സ്വാതന്ത്ര്യ രാജ്യ പ്രഖ്യാപനം നടന്നു.
“മലയാള രാജ്യം “
എന്നാണ് സ്വന്ത്രത്യ രാജ്യത്തിനു അദ്ദേഹം നൽകിയ പേര്.1921 ആഗസ്റ്റ് 25-ന് കുഞ്ഞഹമ്മദ് ഹാജി അങ്ങാടിപ്പുറത്ത് വിപ്ലവ സർക്കാരിന്റെ കീഴിൽ സൈനിക പരിശീലന കേന്ദ്രം ആരംഭിച്ചു .കുമ്പിൾ കഞ്ഞി, കാണഭൂമി എന്നിവ അവസാനിപ്പിച്ചും കുടിയാന്മാരെ ഭൂഉടമകളാക്കിയും രാഷ്ട്ര പ്രഖ്യാപനം നടന്നു. ഒരു വര്ഷം നികുതിയിളവ് നൽകി, വയനാട്ടിൽ നിന്നും തമിഴ് നാട്ടിലേക്കുള്ള ചരക്കു നീക്കത്തിന് നികുതി ഏർപ്പെടുത്തി. ബ്രിട്ടീഷ് രീതിയിൽ തന്നെയായിരുന്നു ഹാജിയുടെയും ഭരണം. ബ്രിട്ടീഷുകാരെ പോലെ കലക്ടർ, ഗവർണർ, വൈസ്രോയി, രാജാവ് എന്നിങ്ങനെയായിരുന്നു ഭരണ സംവിധാനം.
കുഞ്ഞഹമ്മദ് ഹാജിയുടെ ഈ പരിശ്രമം വിജയകരമായി ഏറെക്കാലം നടന്നില്ല. ആലി മുസ്ലിയാർ അറസ്റ് ചെയ്യപ്പെട്ടു. മുസ്ലിയാരുടെ അറസ്റ്റിനു ശേഷം ഭരണ ചുമതല അദ്ദേഹം ഏറ്റെടുത്തു.പള്ളിക്ക് മുമ്പിൽ പന്നിയുടെ ശവം കൊണ്ടിട്ടപ്പോൾ ഒരുമിച്ചു കൂടിയ ജനത്തെ തടഞ്ഞത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭരണ നൈപുണ്യം വെളിവാക്കുന്നുണ്ട്. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ബ്രിട്ടീഷ്-ജന്മി ദല്ലാളന്മാർ ചെയ്തതാണെന്ന് ഓർമ്മപ്പെടുത്തി പിന്നീട് ഉണ്ടായേക്കാവുന്ന നീക്കങ്ങൾക്കും ഹാജി തടയിട്ടു. അമ്പലത്തിനുള്ളിൽ പശു കിടാവിൻറെ ജഡം കൊണ്ടിട്ടപ്പോഴും ഇതേ ജാഗ്രത ഹാജി കാട്ടി. മേലാറ്റൂരിലെ നായർ ജന്മിമാർ ഖിലാഫത്ത് പ്രവർത്തന ങ്ങളോട് അനുഭാവം പുലർത്തിയവരായിരുന്നു.ബ്രിട്ടീഷ് പക്ഷക്കാർ ഖിലാഫത്ത് വേഷത്തിൽ അവരെ അക്രമിക്കാനിടയുണ്ട് എന്ന ഭീതിയിൽ മേലാറ്റൂരിൽ ശക്തമായ പാറാവ് ഏർപ്പെടുത്താൻ ഹാജി നിർദ്ദേശിച്ചിരുന്നതും എടുത്തു പറയേണ്ടതാണ് .
എന്നാൽ 1922 ജനുവരി 13ന് മലപ്പുറം തൂക്കിടി കല്ലേരിയിൽ വെച്ച് ഹാജിയേയും രണ്ട് പോരാളികളേയും മാർഷൽ കോടതി വിചാരണ ചെയ്യുകയും മൂന്നുപേരേയും വെടിവെച്ച് കൊല്ലാൻ വിധിക്കുകയും ചെയ്തു . വിധി കേട്ട കുഞ്ഞഹമ്മദ് ഹാജി പറഞ്ഞു “എന്റെ നാടിനു വേണ്ടി രക്തസാക്ഷിയാവാൻ അവസരം തന്നതിന് രണ്ട് റക്അത്ത് നിസ്കരിച്ചു ദൈവത്തോട് നന്ദി പ്രകാശിപ്പിക്കാനുള്ള ഒഴിവ് തരണം”
1922ജനുവരി 20 ഉച്ചയ്ക്ക് മലപ്പുറം-മഞ്ചേരി റോഡിൻറെ ഒന്നാം മൈലിനടുത്ത വടക്കേ ചരിവിൽ (കോട്ടക്കുന്ന്) ഹാജിയുടെയും രണ്ട് സഹായികളുടെയും വധശിക്ഷ നടപ്പാക്കി. കോട്ടും തലപ്പാവും ധരിച്ച് കസേരയിൽ ഇരുന്ന ഹാജിയുടെ രണ്ടുകൈകളും പിന്നോട്ട് പിടിച്ചു കെട്ടിയ ശേഷം കസേരയടക്കം ദേഹവും വരിഞ്ഞുമുറുക്കി.
“നിങ്ങൾ കണ്ണ് കെട്ടി പിറകിൽ നിന്നും വെടി വെച്ചാണല്ലോ കൊല്ലാറ്. എന്നാൽ എന്റെ കണ്ണുകൾ കെട്ടാതെ, ചങ്ങലകൾ ഒഴിവാക്കി മുന്നിൽ നിന്ന് വെടിവെക്കണം. എൻറെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകൾ വന്നു പതിക്കേണ്ടത് എൻറെ നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം, ഈ മണ്ണിൽ മുഖം ചേർത്ത് മരിക്കണം”എന്ന് ഹാജി ആവശ്യപ്പെട്ടു. അന്ത്യാഭിലാഷം അംഗീകരിച്ചു കണ്ണ് കെട്ടാതെ നെഞ്ചിലേക്ക് വെടിയുതിർത്ത് ഹാജിയുടെ വധ ശിക്ഷ ബ്രിട്ടീഷ് പട്ടാളം നടപ്പിൽ വരുത്തി. മറവു ചെയ്താൽ പുണ്യപുരുഷന്മാരായി ചിത്രീകരിച്ചു നേർച്ചകൾ പോലുള്ള അനുസ്മരണങ്ങൾ ഉണ്ടാകുമെന്ന ഭയം കാരണം ഹാജിയുടേതടക്കം മുഴുവൻ പേരുടെയും മൃതദേഹങ്ങൾ വിറകും മണ്ണെണ്ണയും ഒഴിച്ച് കത്തിച്ചു കളഞ്ഞു.
കൂട്ടത്തിൽ വിപ്ലവ സർക്കാരിന്റെ മുഴുവൻ രേഖകളും അഗ്നിക്കിരയാക്കി. ഇനി ഒരിക്കലും വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ഓർമ്മകൾ തിരിച്ചു വരരുത് എന്ന് സാമ്രാജത്വ തീരുമാനം നടപ്പിലാക്കാൻ കത്തിത്തീർന്ന ചാരത്തിൽ ബാക്കിയായ അസ്ഥികൾ വരെ സൈന്യം പെറുക്കിയെടുത്ത് കൊണ്ട് പോയി. അതുകൊണ്ടൊന്നും ലോകത്തിനു മുൻപിൽ അദ്ദേഹത്തിന്റെ ഓർമകൾ നിലനിർത്തുന്നതിന് ഒരു ഭാംഗവുമുണ്ടായിട്ടില്ല. ഭരണ കൂട ഭീകരതക്കെതിരെയും സമൂഹത്തിലെ അനീതിക്കും അക്രമത്തിനുമെതിരെയുള്ള അതി ശക്തമായ ചെറുത്തു നിൽപ്പ് .ജീവിത സാഹചര്യങ്ങളെല്ലാം ഉണ്ടെന്കിലും സഹ ജീവികൾക്ക് വേണ്ടി നില കൊള്ളേണ്ടതും രാജ്യത്തെ പൗരന്മാരുടെ പ്രശ്നങ്ങളെ ഏകോദര സഹോദരങ്ങളെ പോലെ ഒറ്റ കെട്ടായി നേരിടേണ്ടതിന്റെ ആവശ്യ കഥയും .മരണം വരെ പോരാട്ട വീര്യം നിലനിർത്തിയത് ഒക്കെയും അദ്ദേഹത്തെ വീര പുരുഷനാക്കുന്നു . വർത്തമാന കാലത്തു വാര്യൻ കുന്നത് കുഞ്ഞഹമ്മദ് ഹാജി യുടെ പ്രസക്തി വലുതാണ്.
ഇന്ത്യ മഹാ രാജ്യത്തു ഇന്ന് തെരു വീഥികളിൽ സമരത്തിൽ നിൽക്കുന്ന ജനതയ്ക്ക് വിപ്ലവ വീര്യം പകരുന്നത് അദ്ദേഹത്തെ പോലെയുള്ള ധീര രക്ത സാക്ഷികളുടെ ഓർമകളാണ് .രാജ്യത്തെ പൗരന്മാരെ മതത്തിന്റെ പേരിൽ പുറത്താക്കാൻ ശ്രമിക്കുന്നവർ വാര്യൻ കുന്നത് കുഞ്ഞഹമ്മദ് ഹാജിയെ പോലെയുള്ളവർ ഇന്ത്യയിലുണ്ടായിരുന്നു എന്നെങ്കിലും ഓർക്കുക .ഇല്ലെങ്കിൽ ഈ രാജ്യം ഒരിക്കലും തിരിച്ചു വരാനാകാത്ത തരത്തിൽ അരാജകത്വത്തിലേക്ക് പോകും .അദ്ദേഹത്തിന്റെ ചരിത്രത്തെ വക്രീകരിച്ചു ഭിന്നിപ്പിന് ശ്രമിക്കുന്നവർ മൂഢന്മാരുടെ സ്വർഗത്തിലാണ് .കാരണം മലയാളി എല്ലാ കാലത്തും തെറ്റ് ദൂരീകരിച്ചു സത്യം കണ്ടെത്തുന്നവരാണ് .
“ഇത് മുസൽമാന്മാരുടെ രാജ്യമാക്കാൻ ഉദ്ദേശ്യമില്ല. എനിക്കു മറ്റൊന്നു പറയാനുണ്ട്. ഹിന്ദുക്കളെ ഭയപ്പെടുത്തരുത്. അവരുടെ അനുവാദമില്ലാതെ അവരെ ദീനിൽ ചേർക്കരുത്. അവരുടെ സ്വത്തുക്കൾ അന്യായമായി നശിപ്പിക്കരുത്. അവരും നമ്മേപ്പോലെ കഷ്ടപ്പെടുന്നവരാണ്.
ഹിന്ദുക്കളെ നമ്മൾ ദ്രോഹിച്ചാൽ അവർ ഈ ഗവണ്മെൻറിൻറെ ഭാഗം ചേരും അതു നമ്മുടെ തോൽവിക്ക് കാരണമാവും. ആരും പട്ടിണി കിടക്കരുത്. പരസ്പരം സഹായിക്കുക. തൽക്കാലം കൈയിലില്ലാത്തവർ ചോദിച്ചാൽ, ഉള്ളവർ കൊടുക്കണം. കൊടുക്കാതിരുന്നാൽ ശിക്ഷിക്കപ്പെടും. കൃഷി നടത്തണം. അതുകൊണ്ട് കുടിയാന്മാരെ ദ്രോഹിക്കരുത്. പണിയെടുക്കുന്നവർക്ക് ആഹാരം നല്കണം. അവർ വിയർപ്പൊഴുക്കി അധ്വാനിക്കുന്നതിന്റെ ഫലം അവർക്കും അവരുടെ കുടുംബത്തിനും ലഭിക്കണം. വേണ്ടിവന്നാൽ നാടിനുവേണ്ടി യുദ്ധം ചെയ്ത് മരിക്കാൻ നാം തയ്യാറാണ്. ഇൻശാ അല്ലാഹ് “

