രചന : സൈരാ ബാനു ✍️
തൊട്ടുമുന്നിലുള്ള
കഴുമരത്തിന്റെ ദൂരം
മനസ്സുകൊണ്ട്
നടന്നടുക്കുവാൻ
എളുപ്പമല്ലെന്ന
തിരിച്ചറിവിലൊരു
കുറ്റവാളി…
ഉറങ്ങാത്ത രാപകലുകൾ
പറഞ്ഞുകൂട്ടുന്ന
മാനസാന്തരത്തിന്റെ
കഥകൾ കേട്ട
നാലുചുവരുകൾ…
സന്ദർശകരില്ലാത്ത
ഏകാന്തതടവറക്കുചുറ്റും
കനത്തകാവലായ്..
മൗനം തളംകെട്ടിനിന്നു
പാപത്തിന്റെ ശമ്പളം
മരണമല്ല…അതിനു
മപ്പുറമെന്തോ…
മരണമെന്ന അതിരിൽ
തൊടുവാനാവാതെ…
കുറ്റവാളിയുടെ മുറിവിൽ
വരഞ്ഞു, വരഞ്ഞു
ഉപ്പിട്ടുകൊണ്ടിരിക്കുന്ന
കാലത്തിന്റെ വികൃതി….
കൂടുമ്പോൾ…
കഴുമരത്തിലേക്ക്
നടന്നടക്കുവാൻ
തിടുക്കം കൂട്ടുന്നു
പക്ഷേ……
കൊന്നപാപം
തിന്ന് തീരണം..
എന്നൊരോർമ്മ
പ്പെടുത്തലിൽ, ആരോ….
ദയാവധം പോലും
കാത്തിരിക്കുന്നി-
ല്ലിപ്പോളവന്റെ
മനസ്സാക്ഷി പോലും..
കൊടുംപാപത്തിന്റെ
ഓർമ്മപ്പെടുത്തലെന്നോണം
പാതിരാവിന്റെ വാതിലിൽ
മുട്ടുന്ന കടവാവലിന്റെ
ചിറകടിയിൽ
കുറ്റം നടുങ്ങിത്തെറിച്ചുനിന്നു..
കുറ്റവാളിയുമാ-
രാച്ചാരും…..
കട്ടപിടിച്ചിരുട്ടിന്റെ
ആവരണമണിഞ്ഞ്
മുഖമില്ലാതെ…..
മനസ്സു മരിച്ചുപോയ
രണ്ടുപേർ..
മനസ്സുകൊണ്ട്
എന്നേ തൂക്കിലേറ്റുപോയ
അവകാശികളില്ലാതെ..
പിണ്ഡം മാത്രമായി..
കുറ്റവും ശിക്ഷയും
മണ്ണിലേക്ക്
കുഴിച്ചുമൂടപ്പെട്ടു..
ആരോരുമില്ലാതെ…
വിജനമായ കടവിൽ
ഒറ്റപ്പെട്ടുപോയ
ആത്മാവിനെയോർത്ത്
കരഞ്ഞുകൊണ്ടാകാം
ബലിക്കാക്കകൾ
അവിടെനിന്ന്
പറന്നകന്നത്…..

