അമേരിക്കൻ ഡ്രീം പോലെയല്ല, ജര്‍മ്മനിയിലേക്ക് വിമാനം കയറും മുബ് അറിയണം, വീഡിയോയുമായി യുവാവ്
ജർമ്മനിയില്‍ ജോലി ചെയ്യുന്ന ഒരു അന്താരാഷ്ട്ര വിദ്യാർത്ഥി ഷെയർ ചെയ്തിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
ജർമ്മനിയിലെ ജീവിത യാഥാർത്ഥ്യം ഇതാണ് എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. അമേരിക്കൻ സ്വപ്നത്തിന് പിന്നാലെ പോകുന്നതിനേക്കാള്‍ ഏറെക്കാലത്തേക്ക് സ്ഥിരതയോടെ നില്‍ക്കണമെങ്കില്‍ ജർമ്മനി തിരഞ്ഞെടുക്കുന്നതാണ് നല്ലത് എന്നാണ് യുവാവ് പറയുന്നത്.

ഇങ്ങനെയാണ് മീസം അബ്ബാസിന്റെ പോസ്റ്റില്‍ പറയുന്നത്; നിങ്ങള്‍ ഒരു മുഴുവൻ സമയ ജോലിക്കാരനായിരിക്കാം, മാന്യമായ ശമ്ബളവുമുണ്ടായിരിക്കാം, കൃത്യമായി നികുതി അടയ്ക്കുന്നുണ്ട് പക്ഷേ മാസാവസാനം കയ്യില്‍ ബാക്കിയുണ്ടാവുന്നത് വെറും €150-200 (15,781-21,041) മാത്രമായിരിക്കും. ജർമ്മനിയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരും അടുത്തിടെ വന്നവരും അറിഞ്ഞിരിക്കേണ്ടുന്ന ചില കാര്യങ്ങള്‍ ഇവയാണ്,
മാസം €3,000 ഗ്രോസ് ശമ്ബളം ലഭിക്കുന്ന ഒരാളുടെ കാര്യം ഉദാഹരണമായി എടുത്താല്‍:
കയ്യില്‍ കിട്ടുന്ന തുക ടാക്സും ഇൻഷുറൻസും കഴിഞ്ഞ് ഏകദേശം €2,100 ആയിരിക്കും.

വാടക ഒരു ഇടത്തരം നഗരത്തില്‍ വണ്‍-ബെഡ്‌റൂം ഫ്ലാറ്റിന് €800-1,200.
ഭക്ഷണം/ഗ്രോസറി എന്നിവയ്ക്ക് €250-350.
യാത്രയ്ക്ക് €150-250.
യൂട്ടിലിറ്റികള്‍ (വൈദ്യുതി, ഹീറ്റിംഗ്, ഇൻ്റർനെറ്റ്) വരുന്നത് €150-200.
മൊബൈല്‍ ഫോണ്‍ €20-40.
ചുരുക്കത്തില്‍, അത്യാവശ്യം മാന്യമായി ജീവിച്ചു പോയാല്‍ കയ്യില്‍ വലിയൊരു തുക മിച്ചം പിടിക്കാൻ പ്രയാസമാണ്.
എന്നാല്‍, ജർമ്മനിയുടെ മറ്റ് ചില പ്രത്യേകതകള്‍ ഇതൊക്കെയാണ്;
ഉയർന്ന നികുതിയാണെങ്കിലും മികച്ച ആരോഗ്യ പരിരക്ഷ, തൊഴിലില്ലായ്മാ വേതനം, പെൻഷൻ എന്നിവ ഇവിടെ ഉറപ്പാണ്. ശക്തമായ നിയമങ്ങള്‍ ഉള്ളതിനാല്‍ പെട്ടെന്ന് ജോലി പോകും എന്ന പേടി വേണ്ട. സമാധാനപരമായ ജീവിതം സാധ്യമാണ് പക്ഷേ അതിന് വില നല്‍കേണ്ടി വരും.

പെട്ടെന്ന് പണക്കാരനാകാൻ കഴിയില്ല, എങ്കിലും ചികില്‍സാ ചിലവുകള്‍ കാരണം നിങ്ങള്‍ പാപ്പരാകുകയുമില്ല.ഇവിടെ നിങ്ങള്‍ സമ്ബാദിക്കുന്നത് സാമ്ബത്തിക ഭദ്രതയാണ്, അല്ലാതെ വലിയ സമ്ബത്തല്ല. ആഡംബര ജീവിതത്തിനും അപ്പുറം, സാവധാനത്തിലുള്ളതും എന്നാല്‍ സുരക്ഷിതവുമായ വളർച്ചയാണ് ജർമ്മനി വാഗ്ദാനം ചെയ്യുന്നത്. അമേരിക്കൻ സ്വപ്നം പോലെ വേഗത്തിലുള്ള ഒരു വളർച്ച ഇവിടെ പ്രതീക്ഷിക്കരുത്. ഇനി ഇത് നിങ്ങള്‍ക്ക് അനുയോജ്യമാണോ എന്ന കാര്യം. സുരക്ഷ, മികച്ച വിദ്യാഭ്യാസം, വർക്ക്-ലൈഫ് ബാലൻസ് എന്നിവയാണ് ലക്ഷ്യമെങ്കില്‍ അതെ എന്നാണുത്തരം. കുറഞ്ഞ നികുതി, വേഗത്തിലുള്ള വളർച്ച, വലിയ സമ്ബാദ്യം എന്നിവയാണ് ലക്ഷ്യമെങ്കില്‍ അല്ല.

ഒപ്പം പുതുതായി വരുന്നവർക്കുള്ള കുറച്ച്‌ നിർദ്ദേശങ്ങളും യുവാവ് പങ്കുവച്ചിട്ടുണ്ട്. ഇങ്ങോട്ട് മാറുന്നതിന് മുൻപ് തന്നെ മാന്യമായ പാക്കേജ് ചോദിച്ചു വാങ്ങുക. മ്യൂണിക്ക് പോലുള്ള നഗരങ്ങളിലെ ചിലവ് ലീപ്സിഗ് പോലുള്ള സ്ഥലങ്ങളേക്കാള്‍ വളരെ കൂടുതലായിരിക്കും. നല്ല ജോലിക്കും ഉയർന്ന ശമ്ബളത്തിനും ജർമ്മൻ ഭാഷ നിർബന്ധമാണ്. ആനുകൂല്യങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്തുക. സോഷ്യല്‍ മീഡിയയിലെ വീഡിയോകളില്‍ കാണാത്ത ജർമ്മനിയുടെ യഥാർത്ഥ മുഖമാണിത്. സുരക്ഷിതമായ ഒരു ഭാവി ആഗ്രഹിക്കുന്നവർക്ക് ജർമ്മനി എന്നും ഒരു മികച്ച ഇടം തന്നെയാണ് എന്നും യുവാവ് ഓർമ്മിപ്പിച്ചു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *