രചന : ദിവാകരൻ പി.കെ. പൊന്മേരി ✍️
എന്നും പൊട്ടിച്ചിരികളാലും ഒച്ചയനക്കങ്ങളാലും ശബ്ദമുഖരിതമായിരുന്നു ‘കിളിക്കൂട്’. ചുമരിൽ വടിവൊത്ത അക്ഷരങ്ങളിൽ, തേക്ക് തടിയിൽ ‘കിളിക്കൂട്’ എന്ന് കൊത്തിവെച്ച മുല്ലക്കര ദാമോദരന്റെ വീട് ഇന്ന് ശ്മശാനമൂകതയിലാണ്. കാറ്റത്ത് ആടിയുലയുന്ന ആ വീട് ഒരു നൊമ്പരമായി മാറിയിരിക്കുന്നു.
ദാമോദരനും ലതയ്ക്കും രണ്ട് പെൺകുട്ടികളാണ്. സുന്ദരികളായ മക്കൾക്ക് ഒന്നിനും ഒരു കുറവും ദാമോദരൻ വരുത്തിയിരുന്നില്ല. ആ സന്തോഷ ജീവിതം മറ്റുള്ളവർക്ക് അസൂയയുണ്ടാക്കുന്നതായിരുന്നു. എന്നാൽ പുരനിറഞ്ഞുനിൽക്കുന്ന മൂത്ത മകളെക്കുറിച്ച് ലതയ്ക്ക് എന്നും ആധിയായിരുന്നു.
”നിങ്ങൾക്കെന്താണ് മനുഷ്യാ ഒരു കുലുക്കവുമില്ലാത്തത്? എന്നും കളിച്ചും ചിരിച്ചും കഴിഞ്ഞാൽ മതിയോ? രണ്ട് പെൺകുട്ടികളാണെന്ന് ഓർമ്മ വേണം,” ലതയുടെ പരാതികൾ പതിവായിരുന്നു. അപ്പോഴൊക്കെ നടൻ ശ്രീനിവാസനെ അനുകരിച്ച് ദാമോദരൻ പറയും: “കുട്ടികൾ ഉണ്ടാവുമെന്ന് വിചാരിച്ചിരുന്നോ? എന്നിട്ടെന്തായി, രണ്ട് സുന്ദരിക്കുട്ടികൾ ഉണ്ടായില്ലേ
പക്ഷേ ലത വിട്ടുകൊടുക്കില്ലായിരുന്നു. “ആരെങ്കിലും കയ്യും കണ്ണും കാണിച്ച് ഇറക്കിക്കൊണ്ടുപോവുമ്പോഴേ നിങ്ങൾ അറിയൂ.” അപ്പോൾ മകൾ ഇടപെടും: “എന്റെ അച്ഛാ, എനിക്ക് കിട്ടാനുള്ളതെല്ലാം വാങ്ങിച്ചിട്ടേ ഞാൻ പോകൂ.” ഇത്തരം കൊച്ചു കൊച്ചു തർക്കങ്ങളും പൊട്ടിച്ചിരികളുമായി ആ വീട് എന്നും ഉണർന്നിരുന്നു.
ദാമോദരന് തന്റെ തുച്ഛമായ വരുമാനം ഒന്നിനും തികയില്ലെന്ന് ബോധ്യമുണ്ടായിരുന്നു. മനസ്സുരുകുന്ന ആ വേദന പുറത്തുകാണിക്കാതെ അയാൾ ഗൾഫിലേക്ക് തിരിച്ചു. തുടക്കത്തിൽ കുഴപ്പമില്ലായിരുന്നെങ്കിലും പിന്നീട് ശമ്പളം കിട്ടാതെ ബുദ്ധിമുട്ടിലായി. വീട്ടുകാരെ അതറിയിക്കാതെ കടം വാങ്ങിയും പട്ടിണി കിടന്നും അയാൾ നാട്ടിലേക്ക് പണമയച്ചു. റൂമിലെ മറ്റുള്ളവരുടെ ഔദാര്യം കൊണ്ട് കിട്ടുന്ന ഉണക്ക കുബ്ബൂസായിരുന്നു അയാളുടെ വിശപ്പടക്കിയിരുന്നത്.
ഇതിനിടയിൽ നാട്ടിൽ ലത ജോലിക്ക് പോകാൻ തുടങ്ങി. അതോടെ ചെലവുകൾ കൂടുകയല്ലാതെ കുറഞ്ഞില്ല. ദാമോദരന്റെ അവസ്ഥ കൂടുതൽ വഷളായി. ഒടുവിൽ വാടക കൊടുക്കാൻ പോലും പണമില്ലാതെ ടെറസ്സിലെ ചൂടിൽ കിടന്നുറങ്ങേണ്ടി വന്നു. എന്നിട്ടും മകളുടെ കല്യാണത്തിനായി സ്വർണ്ണം സ്വരൂപിച്ച് അയാൾ നാട്ടിലയച്ചു.
കല്യാണത്തലേന്ന് സഹപ്രവർത്തകനായ മുരളി ദാമോദരന്റെ അടുത്തെത്തി. സങ്കടം സഹിക്കവയ്യാതെ മുരളി ആ വാർത്ത അറിയിച്ചു: “ദാമോദരേട്ടാ, ലത ഒരുത്തനോടൊപ്പം ഒളിച്ചോടി. സ്വർണ്ണവും പണവും എല്ലാം കൊണ്ടുപോയി. വാട്സാപ്പ് കൂട്ടായ്മയിലൂടെ പഴയ സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടിയതാണത്രേ. കല്യാണം മുടങ്ങി…”
ആ വാക്കുകൾ ദാമോദരന്റെ കാതുകളിൽ വണ്ടുകളുടെ മൂളലായി മാറി. കണ്ണുകളിൽ ഇരുട്ട് പടർന്നു. തന്റെ വിയർപ്പും രക്തവും നൽകി പടുത്തുയർത്തിയ ‘കിളിക്കൂട്’ തകർന്നടിയുന്നത് അയാൾ അറിഞ്ഞു. ഒരു പൊട്ടിക്കരച്ചിലോടെ ചുമരിൽ തല ചേർത്ത് അയാൾ ഊർന്നിരുന്നു. മുരളി ആ ചുമലിൽ കൈവെച്ച് ആശ്വസിപ്പിച്ചു: “കരഞ്ഞോളൂ ദാമോദരേട്ടാ, എല്ലാ സങ്കടങ്ങളും അലിഞ്ഞില്ലാതാവട്ടെ.”
ശുഭം.
വിദേശത്തെ ചുട്ടുപൊള്ളുന്ന വെയിലിൽ ഉരുകിത്തീർത്തത് ആർക്കോ വേണ്ടിയായിരുന്നുവെന്ന തിരിച്ചറിവ് അയാളെ തളർത്തി. മണലാരണ്യത്തിലെ കാറ്റിൽ തന്റെ സ്വപ്നങ്ങൾ ഒന്നൊന്നായി പറന്നുപോകുന്നത് അയാൾ നിസ്സഹായനായി നോക്കിനിന്നു. ചില ഒളിച്ചോട്ടങ്ങൾ ബാക്കിയാക്കുന്നത് ഒരു ആയുസ്സിലെ മുഴുവൻ കണ്ണീർ മാത്രമാണ്.

