രചന : റഹീസ് മുണ്ടക്കര ✍️
അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ ആറ്റുപുഴയിലെ ഓളങ്ങളിൽ തട്ടി ചിതറുന്ന ഒരു വൈകുന്നേരം. അക്കരെയെത്താൻ വള്ളം കാത്തുനിൽക്കുകയാണ് പ്രശസ്ത സാഹിത്യകാരൻ ‘വിശ്വരൂപൻ പിള്ള’. അഗാധമായ പാണ്ഡിത്യവും അതിലേറെ അഹങ്കാരവും പിള്ളയുടെ മുഖമുദ്രയാണ്. ഒരു പഴയ വള്ളവുമായി രാഘവൻ അതാ അടുത്തു വരുന്നു.
യാത്ര തുടങ്ങി. പുഴയുടെ നടുവിലെത്തിയപ്പോൾ പിള്ള തന്റെ പാണ്ഡിത്യം ഒന്ന് പുറത്തെടുക്കാൻ തീരുമാനിച്ചു.
“എടോ രാഘവാ, താൻ ഈയിടെ ഇറങ്ങിയ ‘ഭാവുകത്വത്തിന്റെ പരിണാമം’ എന്ന പുസ്തകം വായിച്ചോ?” പിള്ള ഗമയിൽ ചോദിച്ചു.
രാഘവൻ വള്ളം തുഴയുന്നതിനിടയിൽ നിഷ്കളങ്കമായി ചിരിച്ചു: “അയ്യോ സാറേ, എനിക്ക് അക്ഷരം കൂട്ടി വായിക്കാൻ തന്നെ പാടാ. പിന്നെങ്ങനെയാ ഈ പറഞ്ഞ സാധനം വായിക്കുക?”
പിള്ള ഒന്ന് ദീർഘനിശ്വാസം വിട്ടു. “കഷ്ടം! തന്റെ ജീവിതത്തിന്റെ നാലിലൊന്ന് വെറുതെയായി!”
കുറച്ചു ദൂരം കൂടി പോയപ്പോൾ പിള്ള അടുത്ത ചോദ്യം എറിഞ്ഞു: “താൻ കാളിദാസന്റെ ശാകുന്തളമെങ്കിലും കേട്ടിട്ടുണ്ടോ? ശൃംഗാരരസത്തിന്റെ ആ കൊടുമുടി?”
രാഘവൻ തല ചൊറിഞ്ഞു: “ഇല്ല സാറേ, ഈ പുഴയിലെ മീനുകളെയും ഓളങ്ങളെയും അല്ലാതെ വേറെ ആരെയും എനിക്കറിയില്ല.”
“തന്റെ ജീവിതത്തിന്റെ പകുതിയും പാഴായിപ്പോയല്ലോ രാഘവാ!” പിള്ള സഹതാപത്തോടെ മൊഴിഞ്ഞു.
പെട്ടെന്നാണ് ആകാശം കറുത്തിരുണ്ടത്. കാറ്റും മഴയും കനത്തു. പുഴ വല്ലാതെ ഇളകിമറിയാൻ തുടങ്ങി. വള്ളത്തിലേക്ക് വെള്ളം ഇരച്ചു കയറുകയാണ്. വള്ളം ഏതു നിമിഷവും മുങ്ങാം എന്ന അവസ്ഥ!
ഇത്തവണ രാഘവനാണ് ചോദിച്ചത്: “സാറേ, സാറിന് ‘നീന്തൽ വിദ്യ’ അറിയാമോ?”
പിള്ള വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു: “അയ്യോ! അതെനിക്ക് അറിയില്ലല്ലോ രാഘവാ…”
രാഘവൻ വള്ളത്തിൽ നിന്ന് പുഴയിലേക്ക് ചാടാൻ ഒരുങ്ങിക്കൊണ്ട് ചിരിയോടെ പറഞ്ഞു:
“എങ്കിൽ സാറേ, സാറിന്റെ ജീവിതത്തിന്റെ പകുതിയല്ല, മുഴുവൻ ജീവിതവുമാണ് ഇപ്പോൾ പാഴാകാൻ പോകുന്നത്..!”
