രചന : മധുശങ്കർ മീനാക്ഷി ✍️
ഈ കാറ്റിൽ
ഞാനുണ്ടെന്നുറപ്പ്…
ഈ മഴയിൽ, ഉച്ചവെയിലിൽ,
മഞ്ഞിൽ, വേനലിൽ.!
വസ്ത്രം മാത്രമേ
മാറുന്നുള്ളൂ..
അപൂർവമായി ചെരിപ്പും.!
അകത്ത് പിറന്നപടി
ഉണർന്നിരിപ്പുണ്ട് ഞാൻ.!
തണുപ്പില്ല, ചൂടും മഴയും എന്നെ
പൊള്ളിക്കുന്നേയില്ല.!
ഈ കാറ്റിന്
ഇന്നലെക്കണ്ട
ചിറകുണ്ടെന്ന് ഒരുറപ്പുമില്ല…
ഇന്നലെവരെ പെയ്ത മഴയേയല്ല,
കുടചൂടിച്ച് മാറ്റിനിക്കുപോയ വെയിലല്ല,
ഇടവഴികളിൽ മുട്ടിയുരുമ്മി നടക്കാൻ
അനുവാദം തന്ന മഞ്ഞല്ല,
ദാഹജലംതേടിയെത്തിയ
വേനൽപ്പക്ഷികൾ അല്ലേയല്ല.!
അടുക്കളയിൽ
അടുപ്പുമാത്രമുണ്ടിപ്പോഴും
ചുട്ടുപഴുത്ത് കിടക്കുന്നു.!
ജനലിനപ്പുറത്താണോ
ഇപ്പുറത്താണോ
എന്റെ വീട്.?
