സ്വപ്നഗ്രാമാർദ്രമാം കൂട്ടുകുടുംബമായ്
സ്നേഹച്ചിറകുമായ് പാറിപ്പറന്നകം
നന്മോദയങ്ങളാമോർമ്മതൻ ചില്ലയി-
ലൂഞ്ഞാലുകെട്ടിയാടുന്നെന്റെ ബാല്യകം.

എത്രയോ സ്നേഹസ്മരണകൾ ഗ്രാമീണ-
ചിത്രപതംഗങ്ങളായെത്ര നന്മകൾ
നെല്ലോലമേലേ മറിഞ്ഞയാ, പുലരികൾ
സൗമ്യമായോമനിക്കുന്നെത്ര മനസ്സുകൾ.

പൂന്താനപ്പാനകളോതുമെൻ മുത്തശ്ശി
പൂപോലുണർത്തിയന്നാർദ്രമായ് ബാല്യകം
പൂമെത്തയിൽ ശയിച്ചില്ലയെന്നാകിലും
പൂർണ്ണേന്ദുപോലേകിയാദ്യമാ,യാ വരം.

തേനൂറി നിൽക്കുമാ, സ്മരണാ സരണിയി-
ലാമോദമായിക്കളിച്ച കാലങ്ങളിൽ
ഗ്രാമീണ ചിത്രങ്ങളെന്നപോലെത്രപേർ;
ഹൃത്തിലില്ലായിരുന്നെങ്കിലും കദന നീർ.

നല്ലരൂപങ്ങളല്ലായിരുന്നെങ്കിലും
വർണ്ണാഭമായിത്തിളങ്ങിയാ ബാല്യകം
എല്ലാം സമപ്രായരെല്ലാം പുലരികൾ
തങ്ങളിൽ ഭേദമില്ലായിരുന്നനുപമം.

വയലുകൾ താണ്ടി നടന്നന്നു ചൂണ്ടയാൽ
തേടിപ്പിടിച്ചൂ പരൽമീൻ കുരുന്നുകൾ
ഓടിക്കളിച്ചു മദിച്ചു രസിച്ച നാൾ
ഓർമ്മയിൽപ്പോലുമുണർത്തുന്നു പുലരികൾ.

ഗ്രാമീണതയാലുണർന്നൂർജ്ജ വർണ്ണമാ-
യോരോ വസന്തമായാരാമ സാമ്യകം
സന്ധ്യാംബരത്തിനോടൊപ്പമന്നാർദ്രമായ്
ദൈവാർദ്ര ചിന്തയാ,യാ ബാല്യമാനസം.

കാലമാം തൂവൽ കൊഴിഞ്ഞതേ രൂപത്തിൽ
വന്നെത്തിയിന്നതേയോമൽ സ്മരണകൾ
ഗ്രാമസ്വരൂപമായ് നിൽക്കുന്നഭയമാ-
യുദയം പകർന്നതാം ഗ്രാമഗ്രന്ഥാലയം.

ഗ്രാമ്യതേ, നിന്നിലലിഞ്ഞതില്ലായിരു-
ന്നെങ്കിലില്ലായിരുന്നീ ഗ്രാമ്യ കവിവരൻ;
ബാല്യമേ, നീതന്നയാർദ്ര സ്മരണയാ-
ണോരോ പുലരിയായുണരുന്ന കവിതകൾ…
💖🌷💖🌷💖🌷💖

അൻവർഷാ ഉമയനല്ലൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *