രചന : ബി_സുരേഷ്കുറിച്ചിമുട്ടം ✍️
പുഞ്ചിരിതൂകി വിടരും മുൻപേ,
പൂമണിനിഴലായ് മാഞ്ഞുപോയി.
കനവുകളൊക്കെയും കരിന്തിരി കത്തി,
കാത്തുനിന്നോർ തൻ കരളുരുകിയാടിയുലഞ്ഞു!
തൊട്ടിലിൽ പാടിയ പാട്ടിന്ന് മൂകം,
മുറ്റത്ത് പെയ്തൊരു സ്വപ്നങ്ങളും ബാക്കി.
മണ്ണിൽ അലിഞ്ഞൊരു മഞ്ഞുതുള്ളി പോൽ,
വിണ്ണിലെ താരമായ് മാറി നീയിന്ന്!
കുഞ്ഞുടുപ്പുകളിൽ മണം തങ്ങിനിൽപ്പൂ,
കൊഞ്ചലായ് കാതിൽ അലയൊലി കേൾപ്പൂ.
കാലം കവർന്നൊരു നിൻ മുഖശ്രീയെ വിങ്ങലായ്,
ഓർമ്മതൻ ചെപ്പിൽ ഒളിപ്പിച്ചു വെയ്ക്കാം!
വിധിയുടെ വിളയാട്ടം തടുക്കുവാനാവാതെ,
വിടചൊല്ലിമാഞ്ഞു നീ പൊൻ മകളേ…
തീരാത്ത നോവിന്റെ കനലുകൾ ബാക്കി,
വിടരും മുൻപേ കൊഴിഞ്ഞുപോയൊരുപെൺ പൂവേ!
നിന്നിൽ സ്പന്ദിച്ചതൊക്കെയുമേകി നീ
നീറും മനം തന്നുമറഞ്ഞു.
എങ്കിലും ഓമലേ നിൻ തുടിപ്പുകൾ,
ഇന്നീ മണ്ണിൽനാമ്പിട്ടുയരുന്നുവല്ലോ!

