രചന : സഫി അലി താഹ ✍️
ഉള്ളിലൊരിക്കലും
പൊറുക്കാത്തൊരു
മുറിവിന്റെ തുന്നലുകൾ
അഴിച്ചെടുത്ത ദിവസമാണിന്ന്…..
ഓർമ്മകളുടെ ഉപ്പുകാറ്റ്
വീശുമ്പോൾ എവിടെയോ
നിന്നൊരു വിതുമ്പൽ
കേൾക്കാറുണ്ട്, ഞാൻ മാത്രം ‼️
ഒരിക്കലും കൈവിടില്ലെന്ന്
വിശ്വസിപ്പിച്ച് തലോടി വാക്കുകൊടുത്ത
ഞാൻപോലും ഒറ്റക്കാക്കി
മരിപ്പിച്ച ദിവസം……
ഓർക്കരുതെന്നുറപ്പിക്കുമ്പോഴൊക്കെ
മറവി തോൽപ്പിക്കുന്ന,
മുഖമോർമ്മയില്ലാത്ത
ആ വിതുമ്പലെന്നെ ആഴത്തിൽ
പിന്നെയും മുറിപ്പെടുത്തുന്നു.
അന്നുമുതലിന്നോളം ചിന്തയിലൊരഗ്നി
പർവ്വതം പേറുന്നവളെ
ഏത് പേമാരിക്കാണിനി
തണുപ്പിക്കാനാവുക?
ഏത് മഞ്ഞു കാലമാണിനി
തേടിയെത്തുക?
നഷ്ടമായ ജീവന്റെ തുടിപ്പുകൾ
തിരികെത്തരാമെന്ന് പറയുന്ന
ഒരു വസന്തകാലത്തെപോലും
ആരാണ് വിശ്വസിക്കുക?
ഋതുഭേദങ്ങളെപോലും വിശ്വസിക്കാൻ
കഴിയാത്തവളെങ്ങനെയാണ്
അടുത്ത ചുവടിനെ വിശ്വസിക്കുക?
അതേ,ഞാനിപ്പോൾ ഓർമ്മച്ചുഴികളിൽ
നിശ്ചലമായൊരാളാണ് ‼️
🖤💔
