രചന : സിന്ധു എം ജി ✍️
ഞങ്ങളെന്ന രാഷ്ട്രത്തെ
മതം, ഭാഷ, വേഷ, ഭക്ഷണത്താൽ
വിഭജിക്കപ്പെടുമ്പോൾ
നെഞ്ച് ചൂള പോലെ
കത്തുന്നത് നിങ്ങൾ നിർവ്വചിക്കുന്ന
ദേശസ്നേഹത്താലല്ല..
ഞങ്ങളുടെ രാജ്യസ്നേഹം
നിന്റെ വ്യാഖ്യാനങ്ങൾക്കപ്പുറമാണ്
നിനക്കറിഞ്ഞുകൂടാത്ത
സ്നേഹത്തിന്റെ അർത്ഥാ –
ന്തരന്യാസങ്ങൾ
ബഹുസ്വരതയുടെ
ലയതാളങ്ങളാൽ
നിഹിതമാണ്
ദേശത്തിന്റെ മൂവർണ്ണപതാക
ചെറുകാറ്റിലുലയുമ്പോൾ
തോക്കുകളുന്നം പിടിയ്ക്കുന്ന
കരങ്ങൾ വിറയ്ക്കുന്നതും
കണ്ണുകളിൽ ഭയം നിറയുന്നതും
ഞങ്ങളറിയുന്നുണ്ട്
അതുപോലെ തന്നെയാണ് രാജ്യത്തിനകത്തെ
മതവർഗീയവാദികളുടെ
ദേശവിരുദ്ധവിചാരങ്ങളെ
ഞങ്ങൾ നോക്കി കാണുന്നതും
അപരങ്ങളാൽ നിബിഡമായ
ആഗോളമാനവരുടെ
സ്വാതന്ത്യ സ്വപ്നങ്ങളെ
നീയൊക്കെ ഭയക്കുന്നത്
ജനാധിപത്യ
നിഷേധത്താലാണ്
നിരക്ഷരന്മാരുടെ
ബോധം നീ ആയിരിയ്ക്കുന്നത്
കൊണ്ടാണ് അക്ഷരങ്ങളെ
ഭയക്കുന്ന മതാന്ധതയിൽ
നിറയ്ക്കപ്പെട്ട
ആൾക്കൂട്ട ഭ്രാന്തൻമാരെ
സൃഷ്ടിയ്ക്കുന്നത്..
ഞങ്ങൾ ഫാസിസത്തെ
ഭയക്കാത്തത്
ജനാധിപത്യവാദികളായതിനാലാണ്
സാഹോദര്യത്തിലും, നീതിയിലും
വിശ്വസിയ്ക്കുന്നത് കൊണ്ടാണ് …”
