ഒരുരാത്രിമുഴുവൻ മങ്ങാതെ കത്തുന്ന
തിരിനാളമാണല്ലൊ നക്ഷത്രമേ നീ
പരിശോഭ ചൊരിയുന്ന പാതിരാപ്പൂ
നിറമുള്ള നഭസ്സിലെ വെൺചെമ്പരത്തി
അറിയാതെയമ്പിളിപ്പെണ്ണിനെ നീ
ചിരിതൂകിയുല്ലസിപ്പിച്ചതെന്തിനായ്
തിരിയല്ല, ജ്വാലയാണഴകിൻ മകം
എരിയും തീപ്പൊരിയാണെന്നു മൊഴിഞ്ഞോ
അയലത്തെ കനിയാണു നീയെന്ന കാര്യം
അറിയുമ്പോളമ്പിളി മന്ദഹസിച്ചോ
തിരുനെല്ലിക്കാവിലെ പൂർണ്ണിമയാകാൻ
വളരും വെണ്ണിലാവിൻ്റെ കന്യാവ്രതം
പലരും തൊട്ടുതലോടിയ പഞ്ചമിപ്പെൺ
മലരിൻ്റെമാർദ്ദവം പൂർണ്ണിമയായല്ലൊ
ഇതുപോലെയാണീ ഋതുവർണ്ണനകൾ
മധുമാസരാവിൻ്റെ രോമഹർഷങ്ങൾ
ശിവരാത്രിയിൽ നിത്യവിസ്മൃതി പുൽകും
കരിപൂശിമങ്ങുംശരറാന്തൽ പോലെ
ഗുരുവായൂരിലേകാദശിയാകുമ്പോൾ
തിരുവാഭരണമാകാൻ കൊതിതോന്നും
തളിരുമ്മ നൽകാനുണരുന്നസാഗരം
ഒളിമിന്നും വേലിയേറ്റത്തിരമാലകൾ
പിടിനൽകാത്ത പേടമാനമ്പിളിക്കായ്
പിടയുന്നു, ചിരകാലസ്വപ്നം വിതയ്ക്കുന്നു
നറുവെണ്ണപോലുള്ള ചന്ദ്രകാന്തിതൻ
പവിഴം പോലുള്ള മേനിയിലുമ്മ നൽകാൻ
പതിവായി വിരിയുമീ നിശാഗന്ധി
ഒരുവേള കണ്ണടയ്ക്കാതെ കാത്തുനില്പൂ
വിരിയും സ്വപ്നങ്ങൾക്കഴകേകുവാനായ്
തുനിയും ചൗന്ദമിച്ചാന്ദിനിയെൻ മാനസി
വനമുല്ല സ്വന്തം കൈക്കുമ്പിളിൽ നല്ല
നിനവിൻ്റെ സൗരഭം വാരിവിതറുമ്പോൾ
സഹയോഗിയായെത്തുന്നു ചന്ദ്രപ്രകാശം
ഇഹലോകസൗന്ദര്യതുംഗഭാവങ്ങൾ
രതിചിന്തയെന്നും തൻ പൂക്കുല തൂക്കുന്ന
‘മതി ” യാണ്, മാനത്തെ മന്ദാരമാണു നീ

By ivayana

Leave a Reply

Your email address will not be published. Required fields are marked *