രചന : എം ബഷീർ ✍️
ഒന്നുമില്ല നമുക്കിടയിൽ
വിരഹവേനലിൽ വറ്റിപ്പോയ
ഒരു കടലിന്റെ ഓർമ്മയല്ലാതെ
ഒന്നുമില്ല നമുക്കിടയിൽ
മരിച്ചുപോയ വസന്തത്തിന്റെ
മൺകൂനയിൽ
വാടാതെ കാത്തുകിടക്കുന്നൊരു
പൂവിന്റെ നിറമല്ലാതെ
കത്തിത്തീരാത്തൊരു
കവിതയുടെ കെടാ ചിതയല്ലാതെ
ഭ്രാന്തുപിടിച്ചൊരു നിലാവിന്റെ
ചിറകിനെ ചുറ്റിയ ചങ്ങലയല്ലാതെ
ഒന്നുമില്ല നമുക്കിടയിൽ
ഒടിഞ്ഞുപോയൊരു
മരച്ചില്ലയുടെ ഓർമ്മയിലേക്ക്
കൂടുതിരഞ്ഞെത്തുന്നൊരു
പക്ഷിയുടെ വിഷാദഗീതമല്ലാതെ
കൊഴിഞ്ഞുപോയ ഇലയുടെ
ഓർമ്മകൾ തുന്നിയ പട്ടുടുപ്പിട്ട്
നൃത്തം ചെയ്യുന്ന
കാറ്റിന്റെ കാലിലെ ചിലമ്പൊച്ചയല്ലാതെ
ഒന്നുമില്ല നമുക്കിടയിൽ
ഒന്നിക്കാതെ പോയ
രണ്ടുസ്വപ്‌നങ്ങൾക്കിടയിൽ
പാറിത്തളർന്നൊരു മിന്നാമിന്നിച്ചിറകിലെ
ഒരു തുള്ളി വെളിച്ചമല്ലാതെ
പറയാൻ മറന്ന
രണ്ടു വാക്കുകൾക്കിടയിലെ
മൗനവാളിൻ തുമ്പിൽ നിന്നിറ്റു വീഴുന്ന
ഒരൊറ്റത്തുള്ളിച്ചോര തൻ
പിടച്ചിലല്ലാതെ
മറ്റൊന്നുമില്ല നമുക്കിടയിൽ
മറവിയോടേറ്റുമുട്ടിത്തീർന്നു പോയ
രണ്ടോർമ്മകളുടെ
അജ്ഞാത ദേഹങ്ങളല്ലാതെ.
