തികച്ചും സാങ്കൽപ്പികമായ
കായൽക്കരയിലെ കള്ള് ഷാപ്പ്;
ഷാപ്പിൽ,
കോപ്പയിലേക്ക്
സ്വയം നുരഞ്ഞൊഴുകി നിറയുന്ന
തൂവെള്ള നിറമുള്ള കള്ള്.
കായലിൽ,
കള്ള്ഷാപ്പിന്റെ അടുക്കളയൊരു
മോക്ഷ കവാടം ആണെന്ന്
മക്കളെ പറഞ്ഞൂട്ടുന്ന
കരിമീൻ മുത്തി.
ഷാപ്പിൽ…
വറചട്ടിയിലേക്കും
ക്ലാവ് പിടിച്ച പിച്ചള പാത്രത്തിലേക്കും
ഹെപ്റ്റാത്തലൺ ചെയ്ത്,
പൊള്ളി വിയർക്കുന്ന മേനിയിൽ പല്ലമരുമ്പോഴും
അനശ്വര സ്വർഗ്ഗ
സുഖലോലുപതയെ മോഹിച്ചോ
മോക്ഷത്തെയോർത്തോ
ശ്വാസമടക്കി കിടക്കുന്ന
നഗ്‌നമായ കരിമീൻ ദേഹങ്ങൾ.
കായലിൽ,
കാണാതായ കുഞ്ഞിനേ തേടി
വട്ടവും നീളവും നീന്തുന്ന അമ്മനോവ്,
അപ്പോഴും
കള്ള്ഷാപ്പിന്റെ അടുക്കളയൊരു
മോക്ഷ കവാടം ആണെന്ന്
ശേഷിച്ച മക്കളെ പറഞ്ഞൂട്ടുന്നു
കരിമീൻ മുത്തി.

രാ ഗേ ഷ്

By ivayana