രചന : കെ.ആർ.സുരേന്ദ്രൻ ✍️
പ്രണയത്തിൻ
പനിനീർപ്പൂവായണയും
നീ ചില നേരങ്ങളിൽ.
അതേ നീ ഹിംസയുടെ
റിവോൾവർ ചൂണ്ടി
പാഞ്ഞടുക്കും
മറ്റു ചില നേരങ്ങളിൽ.
പെരുമഴയായ്,
കൊടുങ്കാറ്റായി
ആർത്തലച്ചെത്തും
എന്നിൽ നീ
ചില നേരങ്ങളിൽ.
അതേ നീ ഏഴഴകിന്റെ
മഴവില്ലായെത്തി
മോഹിപ്പിക്കും
ചില നേരങ്ങളിൽ.
സമാധാനത്തിന്റെ
ഒലീവിൻ ചില്ലകൾ
കൊക്കിൽത്തിരുകി
പ്രാവായി എന്നിൽ പറന്നെത്തും നീ,
ചില നേരങ്ങളിൽ.
അതേ നീ
അശാന്തിയുടെ,
ഹിംസയുടെ പരുന്തായ്
പറന്നടുത്ത് ഭയപ്പെടുത്തും
ചില നേരങ്ങളിൽ.
ഗ്രീഷ്മ സൂര്യന്റെ
തീക്ഷ്ണ പ്രണയമായെത്തി
എന്നിൽ ചുംബനങ്ങൾ
ചാർത്തി പൊള്ളിക്കും
നീ ചില നേരങ്ങളിൽ.
അതേ നീ വസന്തത്തിന്റെ
സുഗന്ധം പരത്തി
മൃദുചുംബനങ്ങളായി പടരും
ചിലനേരങ്ങളിൽ….
ശാലീനതയുടെ
പാദസരക്കിലുക്കമായെത്തി
നാണം കുണുങ്ങി നില്ക്കും
എന്മുന്നിൽ നീ
ചില നേരങ്ങളിൽ.
അതേ നീ
മഹാനഗരത്തിന്റെ
മദാലസ യുവതിയായി
മന്ദഹസിച്ച്
വശീകരിക്കാനെത്തും
നീ എന്മുന്നിൽ
ചില നേരങ്ങളിൽ……
സൗമ്യ ശാന്തയായ
സ്ഫടിക ജലാശയമായി
നീലാകാശത്തെ
വെളിപ്പെടുത്തി നിൽക്കും
നീ എന്മുന്നിൽ
ചില നേരങ്ങളിൽ.
അതേ നീ കൂലംകുത്തി
കലങ്ങിയൊഴുകി
പുഴയായൊഴുകും നീ
എന്മുന്നിൽ
ചില നേരങ്ങളിൽ…..

