രചന : തോമസ് കാവാലം ✍️
ജീവിതച്ചന്തയിൽ വിൽപ്പനയ്ക്കായ് വരും
ജീവനോ പാവന സ്ത്രീത്വമിന്ന്?
കൂട്ടിലടച്ചു നാം കൂട്ടായ യത്നത്താൽ
മറ്റാരും കാണാത്ത ലോകത്താക്കി .
ജാതിമത ചിന്ത കൊണ്ടുനാം സ്ത്രീകളെ
ജീവച്ഛവങ്ങളായ് മാറ്റിയില്ലേ?
കാമത്തിൻ തുമ്പിനാൽ കാഴ്ച വസ്തുക്കളായ്
കാരാഗൃഹങ്ങളിലടച്ചില്ലേ?
പൂക്കളെപ്പോലെ നാം നട്ടുവളർത്തുന്നു
പുഷ്പാർച്ചനക്കുള്ള കാലമാകെ
പുല്ലരിഞ്ഞീടുന്ന ലാഘവത്തോടെ നാം
പിന്നാമ്പുറത്തേക്ക് വലിച്ചെറിയും.
യുദ്ധങ്ങൾ ഒന്നല്ലൊരായിരമുണ്ടാകാൻ
ശ്രദ്ധിച്ചാൽ സ്ത്രീയാണ് കാരണങ്ങൾ
ബുദ്ധിയുണ്ടെന്നു കരുതുന്ന മർത്യനും
ക്രുദ്ധനായ് തീരുന്നു സ്ത്രീയ്ക്കുവേണ്ടി.
കുന്തി മണ്ഡോദരി ഗാന്ധാരി ദ്രൗപതി
എന്തും സഹിക്കുന്ന സ്ത്രീ രത്നങ്ങൾ
പാതിവ്രത്യത്തിൻ പ്രതീകം സാവിത്രിയും
പാതകാട്ടുന്നില്ലേ മർത്യനെന്നും.?
വീടിൻ വിളക്കായി നാടാകെ ഘോഷിക്കും
മാടിനെപ്പോലെ നടത്തും കൂടെ
വാടിയിലേടലർ പുഷ്പിക്കെതന്നെ നാം
വല്ലാതടർത്തിടും സ്വാർത്ഥതയ്ക്കായ്.
