രചന : മരിയ തോപ്പിൽ.✍️
ഹേ, വെളിച്ചമേ! നിൻജ്യോതിസ്സാ-
ലെൻ പ്രഭാവമേറുന്നു…
നിഴലില്ലാതെ നീ പിറക്കില്ലെ-
ന്നാരുമേ ചൊല്ലിയില്ലിന്നോളവും!
ഇന്നെന്റെ സത്തയിലൊരു നിഴലായ്…
നിഗൂഢതകളെ പിന്തുടരും
പ്രതിച്ഛായായി നീ,
ഗോപനം ചെയ്തന്നെ
വിട്ടൊഴിയാത്തൊരു തണലായ്….
എന്തിനു നീയെന്നെയനുഗമിച്ചിടുന്നു?
മന്ദഹസിച്ചു നീയെൻ കാതുകളി-
ലിഴഞ്ഞെത്തുന്നു പിന്നെയും?
ഏകാന്തരാത്രികൾ, നോവുകൾ, തോൽവികൾ…
ഒക്കെയും
കേവലം നിഴലുകളാവുമോ?
ഒരു വാസരം….
നിഴലിൽനിന്നു പലായനം ചെയ്തൊ-
രിരുൾ മുറിയിലൊളിച്ചു ഞാനും…
നിഴലില്ല, നിലാവില്ല,
എനിക്കു ഞാൻപോലുമന്യയായാദ്യം!
തിരികെ നടക്കവേ, പിന്നെയും
നിഴലെന്റെ പിന്നിലായ്….
അറിയാതെ മന്ദഹസിതയായ്…..
അറിയുന്നു…
ശങ്കകൾ നിഴലുകളിലെന്തിനായ്?
ഞാനിപ്പോഴും പകൽപൂരത്തിലല്ലയോ!
