ചായക്കടയിൽ…
ഓഫീസിൽ…
അങ്ങാടിയിൽ…
ബസ് സ്റ്റോപ്പുകളിലും സ്റ്റാൻ്റുകളിലും റെയിൽവേ സ്‌റ്റേഷനുകളിലും….
ചുരത്തിനുമുകളിൽ നിന്ന് കെ എസ് ആർ ടി സി ബസ്സിൻ്റെ വിൻഡോയിലൂടെ പിറകോട്ട് മറയുന്ന മഞ്ഞുമൂടിയ പച്ചപ്പുകളിൽ ഓർമ്മകൾ പകുക്കുകയായിരുന്നു ഞാൻ! പക്ഷെ ലക്കിടിയെത്തിയിട്ടും മഴ മുഴക്കമായ് പെയ്തിട്ടും നിങ്ങളെൻ്റെ മുഖത്ത് നോക്കിയില്ല. ഒന്നും മിണ്ടിയില്ല. വെറുതെയെങ്കിലും ഒന്ന് പുഞ്ചിരിച്ചില്ല. കോഴിക്കോട് ബസ് സ്റ്റാൻ്റിലെ വിങ്ങുന്ന ചൂടിൽ നിന്നും വൈത്തിരിയിലെ വിറയ്ക്കുന്ന തണുപ്പിലേക്ക് പ്രകൃതിയാകെ മാറിയെങ്കിലും നിങ്ങളുടെ വിരലുകൾ അവസാനമില്ലാതെ അതേ തോണ്ടൽ തുടരുകയാണ്.

ഇടയ്ക്ക് ഞാൻ നിങ്ങളെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. കാര്യമായി എന്തെങ്കിലുമാണ് നിങ്ങൾ തോണ്ടിയെടുക്കുന്നതെന്ന് എനിക്ക് തോന്നിയില്ല. ആദ്യമില്ലാത്ത എന്തോ ഒന്നിൽ നിന്ന് തുടങ്ങി ഇനിയെന്തെന്ന് ഉറപ്പില്ലാത്ത മറ്റേതോ ഒന്നിലേക്കുള്ള അവസാനമില്ലാത്ത വിരലനക്കങ്ങൾ മാത്രമായി എവിടെയും കാഴ്ചയുറക്കാതെ നിങ്ങൾ അലച്ചിൽ തുടരുകയാണ്.
നിങ്ങളെന്താണ് വാട്‌സാപ്പിൽ തിരഞ്ഞു കൊണ്ടിരിക്കുന്നത്?
എന്താണ് നിങ്ങൾ ഷെയർ ചെയ്യുന്നത്?
ഫേസ്ബുക്കിൽ നിങ്ങളെപ്പോഴെങ്കിലും പോസ്റ്റിയിട്ടുണ്ടോ?
എന്താണ് സാമൂഹിക മാധ്യമങ്ങളിലെ നിങ്ങളുടെ വാളുകളിലുള്ളത്?
ഫിൽറ്ററിൽ തിളങ്ങുന്ന നിങ്ങളുടെ ഒരു ഫോട്ടോ?
ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് 14 വർഷം എന്ന അടിക്കുറിപ്പോടെയിട്ട വെഡ്ഡിംഗ് ആനിവേഴ്‌സറിയുടെ ചിത്രം ?

ഹാപ്പി ബെർത്ത്ഡെ ഫോർ മി എന്നെഴുതിയ നാൽപതാം പിറന്നാൾ ചിത്രം?
ഫുൾ A പ്ലസ് നേടിയ മകൾക്കുള്ള കൺഗ്രാറ്റ്സ് മോളൂ?
ന്യൂഇയറിനും ഓണത്തിനും പെരുന്നാളിനും ക്രിസ്തുമസിനും കിട്ടുന്ന ആൾക്ക് വായിക്കാൻപോലും നേരം കിട്ടാത്തവിധം കൂട്ടമായ് അയച്ച ഫോർവേഡ് വാട്സാപ് മെസ്സേജുകൾ
ആർക്കൊക്കെ നിങ്ങൾ ലൈക് ചെയ്തു?
ഏതൊക്കെ പോസ്റ്റുകളിൽ നിങ്ങൾ കമൻ്റ് ചെയ്തു.
സാമൂഹിക പ്രാധാന്യമുള്ള എത്ര വിഷയങ്ങളിൽ നിങ്ങൾ അഭിപ്രായം രേഖപ്പെടുത്തി?
ഒന്നും അഭിപ്രായം പറഞ്ഞില്ലെങ്കിലും ഗൗരവതരമായ എത്ര പോസ്റ്റുകൾ നിങ്ങൾ ഷെയർ ചെയ്തു?

മലയാളിയുടെ സോഷ്യൽ മീഡിയ ജീവിതം ഏതാണ്ട് 2 പതിറ്റാണ്ട് പിന്നിടുമ്പോൾ ഈ ചോദ്യങ്ങൾ സ്വയം ചോദിക്കുന്നതും ഒരു കണക്കെടുപ്പ് നടത്തുന്നതും നമ്മളെങ്ങനെയാണ് സൈബറിടങ്ങളിൽ പെരുമാറിക്കൊണ്ടിരിക്കുന്നത് എന്ന് സ്വയം തിരിച്ചറിയാൻ സഹായകമായിരിക്കും.
മലയാളിയുടെ സൈബർ ജീവിതശൈലിയിൽ വികാസോന്മുഖമായ ഒരു മാറ്റം ആവശ്യമുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
കേരളത്തിൽ, ഇന്റർനെറ്റ് ഉപയോക്താക്കളിൽ വലിയൊരു ശതമാനം പേർക്കും Facebook അക്കൗണ്ട് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.പ്രാഥമികമായി message ആപ്പ് ആണെങ്കിലും സോഷ്യൽമീഡിയ നെറ്റ് വർകിങ് സൗകര്യങ്ങൾ കൂടിയുള്ള വാട്സാപ് ഉപയോഗിക്കുന്നവരുടെ കണക്കിലും കേരളത്തിൻ്റെ ശതമാനം ഉയർന്നതാണ്. യുവതീയുവാക്കൾക്കിടയിൽ Instagram നോടാണ് പ്രിയം. ഇതിനർത്ഥം കേരളത്തിലെ പ്രായപൂർത്തിയായ വലിയൊരു വിഭാഗം ആളുകളും ചുരുങ്ങിയത് ഒരു സാമൂഹിക മാധ്യമത്തിലെങ്കിലും സാന്നിദ്ധ്യമുള്ളവരാണ് എന്നതാണ്.

എന്നാൽ ഇവിടെ പ്രസക്തമായ മറ്റൊരു ചോദ്യമുണ്ട്. സോഷ്യൽ മീഡിയയിൽ അക്കൗണ്ടുള്ള മലയാളികളെല്ലാം അവ ഉയർത്തിക്കൊണ്ടുവരുന്ന ഏതെങ്കിലും വിഷയങ്ങളിൽ ഇടപെടുന്നവരാണോ?
സോഷ്യൽ മീഡിയയിൽ ഓരോ സമയത്തും രൂപപ്പെട്ടു വരുന്ന ഓരോരോ ശബ്ദമുണ്ട്, അത് സമൂഹത്തിന്റെ മുഴുവൻ ശബ്ദമാണെന്നാണോ നിങ്ങളുടെ വിചാരം?
ചില അനൗപചാരിക സൂചനകൾ പ്രകാരം നേരിട്ടുള്ള ജീവിതത്തിലെയും സോഷ്യൽ മീഡിയയിലെയും സംഭാഷണങ്ങളിലെ പങ്കാളിത്തം നമുക്കൊന്ന് താരതമ്യം ചെയ്തുനോക്കാം. യഥാർത്ഥ ജീവിത സാഹചര്യങ്ങളിലെ സംഭാഷണങ്ങളിൽ ഏകദേശം 20 മുതൽ 30 ശതമാനം വരെ ആളുകൾ സജീവമായി പങ്കെടുക്കുമ്പോൾ സോഷ്യൽ മീഡിയയിൽ അത് 1 മുതൽ 5 ശതമാനം വരെയാണ്. സജീവമല്ലെങ്കിലും നേരിട്ടുള്ള ജീവിത സംഭാഷണങ്ങളിൽ ഇടയ്ക്കൊക്കെ പങ്കാളിത്തമുള്ളവർ ഏകദേശം 40 മുതൽ 60 ശതമാനം വരെയാണ്.സോഷ്യൽ മീഡിയയിൽ ഇടയ്ക്കൊക്കെ ലൈകും കമൻ്റുമായി ഇടപെടുന്നവരാകട്ടെ ഏകദേശം 5 മുതൽ 20 ശതമാനത്തോളമാണ്. കാര്യമായൊന്നിലും ഇടപെടാത്തവർ യഥാർത്ഥ ജീവിത സംവാദങ്ങളിൽ ഏകദേശം 20 ശതമാനം മുതൽ 40 ശതമാനം വരെയാണെങ്കിൽ സോഷ്യൽ മീഡിയയിൽ അത് ഏകദേശം 60 മുതൽ 90 ശതമാനം വരെയാണ്!

ഡിജിറ്റൽ സാമൂഹിക ശാസ്ത്രത്തിൽ Jakob Nielsen ൻ്റെ പങ്കാളിത്ത അസമത്വം (Participation Inequality ) എന്ന സങ്കൽപ്പനത്തെ അടിസ്ഥാനമാക്കി പറഞ്ഞാൽ സോഷ്യൽ മീഡിയയിലെ ഭൂരിഭാഗം ആളുകളും വെറും കാണികളാണ് . ഒന്ന് മുതൽ അഞ്ച് ശതമാനത്തോളം വരുന്ന വളരെ ചെറിയൊരു വിഭാഗമാണ് സംഭാഷണങ്ങൾ സൃഷ്‌ടിക്കുകയും നയിക്കുകയും ചെയ്യുന്നത്. അതായത്, നമ്മൾ കാണുന്ന പോസ്റ്റുകളും നീണ്ടുനീണ്ട് പോകുന്ന കമന്റ് ത്രെഡുകളും ഒരു ചെറിയ വിഭാഗത്തിന്റെ ശക്തവും സജീവവുമായ സോഷ്യൽ മീഡിയ സാന്നിദ്ധ്യത്തെയാണ് അടയാളപ്പെടുത്തുന്നത്. താരതമ്യേന സജീവവും ഒപ്റ്റിമൈസ്ഡുമായി ഗണിക്കുന്ന ശബ്‌ദങ്ങളെ അൽഗോരിതങ്ങൾ ആംപ്ലിഫൈ ചെയ്യുകയാണ് സോഷ്യൽ മീഡിയയിൽ. അപ്പോൾ ഇത് സമൂഹത്തിൻ്റെ മൊത്തം ശബ്‌ദമാണെന്ന തോന്നൽ നമ്മളിൽ ജനിക്കുന്നു.
ഇവിടെ ഒരു നിമിഷം നമുക്ക് നമ്മുടെ പഴയ മലയാളി സാമൂഹിക ജീവിതത്തിൻ്റെ പരിച്‌ഛേദമായ ചായക്കടകളിലേക്ക് തിരിഞ്ഞുനോക്കാം.

ചായക്കട സംഭാഷണങ്ങളിൽ എല്ലാവരും ഒരുപോലെ സംസാരിച്ചിരുന്നില്ല. ചിലർ വാദം തുടങ്ങി വച്ചു. ചിലർ നയിച്ചു. ചിലർ ഇടയ്ക്കിടെ വന്നും പോയും സംസാരിച്ചു. പലരും കേട്ടിരുന്നു. എന്നാൽ ആരും പൂർണ്ണമായും നിശ്ശബ്ദരായിരുന്നില്ല.
മുഖാമുഖം ഉണ്ടായതിനാൽ, നിശ്ശബ്‌ദനായ ഒരാൾക്ക് ഏതെങ്കിലും ഘട്ടത്തിൽ സംഭാഷണത്തിലേക്ക് കടക്കേണ്ടതായ സന്ദർഭങ്ങൾ കടന്നുവരുമായിരുന്നു. ഒരു ചിരി, ഒരു ചെറിയ പ്രതികരണം, ഒരു ചോദ്യമെങ്കിലും ചോദിക്കാതെ നിങ്ങൾക്ക് എണീറ്റ് പോരാനാവില്ല. മനുഷ്യരുടെ സാന്നിധ്യം തന്നെ പങ്കാളിത്തത്തെ ഉണർത്തുന്നു. Social Facilitation എന്ന സങ്കല്പനത്തിലൂടെ നമുക്കിത് വിശദീകരിക്കാൻ കഴിയും.

പക്ഷേ Elisabeth Noelle-Neumann എന്ന രാഷ്ട്രതന്ത്ര ശാസ്ത്രജ്ഞ വർഷങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച Spiral of Silence ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഉച്ചത്തിൽ ശബ്‌ദിക്കുന്നവരുടെ ലോകത്ത് ശബ്ദിക്കാതിരിക്കുന്നവരുടെ അദൃശ്യവൽക്കരണം-
എവിടെനിന്നെന്നറിയാത്ത K-കൾക്കിടയിൽ നിങ്ങളുടെ ശബ്ദം ചെറുതായി തോന്നുന്നു. അഭിപ്രായം പറഞ്ഞാൽ പരസ്യപ്പെടുമോ ചൊറയാകുമോ വിമർശിക്കപ്പെടുമോ ട്രോൾ ചെയ്യപ്പെടുമോ പൊങ്കാലയിടുമോ എയറിലാക്കുമോ എന്നൊക്കെയുള്ള ആശങ്കയുണ്ടാകുന്നു. അതിനാൽ ഭൂരിഭാഗം പേരും നിശ്ശബ്ദത തിരഞ്ഞെടുക്കുന്നു.
ഇവിടെ വലിയൊരു വ്യത്യാസം വ്യക്തമാണ്:ചായക്കടയിൽ കേൾക്കുന്നവൻ ഒരു ഘട്ടത്തിൽ സംസാരിക്കുന്നവനാകാൻ എളുപ്പമാണ്.സോഷ്യൽ മീഡിയയിൽ കേൾക്കുന്നവൾ എന്നും കേൾക്കുന്നവളായി തന്നെ തുടരുന്നു.

അതേസമയം, സോഷ്യൽ മീഡിയ ഒരു നേരംവെളുക്കാത്ത ഗ്രാമത്തിലെ പരിമിത ഭൂമിശാസ്ത്ര അതിരിലുള്ള ഒരു ചായക്കടയിലെ സംവാദ സാധ്യതയേക്കാൾ നമുക്ക് ചിന്തിക്കാനാവുന്നതിനേക്കാൾ വിശാലമായ തുറസ്സുകൾ തുറന്നു തരുന്നു എന്നതാണ് അതിൻ്റെ ഏറ്റവും വലിയ ഇന്ദ്രജാലം! അപ്പോഴും അതൊരു സമൂഹത്തിലെ മനുഷ്യരെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകുന്നില്ല – ആളുകളുടെ ഉപബോധ , അബോധ തലങ്ങളെ ആകർഷിച്ചേക്കാവുന്ന വിഷയങ്ങളുടെ ഒരു വിപുലീകരണ(Amplifying) ഉപകരണമാണ്.
വളരെ കുറച്ച് ആളുകളുടെ ശബ്ദത്തെ വളരെ ഉച്ചത്തിലാക്കി കേൾപ്പിക്കുകയാണത് ചെയ്യുന്നത്.

അപ്പോൾ നമുക്ക് തോന്നുക
എല്ലാവരും സംസാരിക്കുന്നത് പോലെയാണ്.
യാഥാർത്ഥ്യം ചിലർ മാത്രം സംസാരിക്കുന്നു എന്നതാണ്; നമ്മളെല്ലാം കേൾക്കുന്നു.ലൈംഗിതയെക്കുറിച്ച് ശരിയായ വിവരമില്ലാത്ത ഒരാൾക്കും എൻഗേജുകൾ സൃഷ്‌ടിച്ച് ലൈംഗികതയുടെ ഇൻഫ്ലുവൻസറായി മാറാം എന്നതാണ് സോഷ്യൽ മീഡിയ തുറന്നു തരുന്ന അതിവിചിത്രമായ സാധ്യത! ലൈംഗിതയെകുറിച്ചുള്ള ഒളിഞ്ഞോ തെളിഞ്ഞോ ഉള്ള ചർച്ചകൾ ലൈകും, കമൻ്റും , പൊങ്കാലയുമൊക്കെയായി പെട്ടെന്ന് അൽഗോരിതങ്ങൾ താണ്ടുന്നു. സോഫ്‌റ്റ് പോൺ റീലുകൾ AI ക്രിയേറ്റഡ് ആണെങ്കിൽ പോലും വ്യൂസ് M കൾ കടക്കുന്നു. സിനിമാ രാഷ്‌ട്രീയ ഗോസിപ്പുകൾ അതിവേഗം അതിരുകൾ കടന്ന് വൈറലാകുന്നു.

സുസ്ഥിരമായ സംതൃപ്‌തി തരുന്ന ശരിയായ വിവരങ്ങൾക്കും വികാസോൻമുഖമായ സ്വാധീനങ്ങൾക്കും സോഷ്യൽ മീഡിയയിൽ ശ്രദ്ധ കിട്ടുന്നില്ല എന്നല്ല ഈ പറഞ്ഞതിനർത്ഥം. മൗലികവും അമൂല്യവും വ്യത്യസ്‌തങ്ങളുമായ അനേകം കണ്ടൻ്റുകൾ സോഷ്യൽ മീഡിയ വിതരണം ചെയ്യുന്നുണ്ട്.പക്ഷേ അവ നമ്മിലേക്ക് എത്തിച്ചേരണമെങ്കിൽ നമ്മുടെ ആഭിമുഖ്യങ്ങളും സോഷ്യൽ മീഡിയയിലെ പെരുമാറ്റങ്ങളും ഇടപെടലുകളും ഉദ്ദേശ്യലക്ഷ്യത്തോടെ ആവേണ്ടതുണ്ട്.അൽഗോരിതങ്ങൾക്ക് പേഴ്സണലൈസ് ചെയ്യാൻ നമ്മളെ തിരിച്ചറിയപ്പെടേണ്ടതുണ്ട്.

ഇനി ആ ചോദ്യത്തിലേക്ക് വരാം: എന്താണ് നിങ്ങൾ ഏത് നേരോം തോണ്ടിക്കൊണ്ടിരിക്കുന്നത് ?
കാരണം സോഷ്യൽ മീഡിയയിൽ നിങ്ങൾ ഒരു ശബ്ദമേയല്ല – ലക്ഷ്യമില്ലാത്ത വിരലനക്കങ്ങളുടെ അവസാനമില്ലാത്ത വൃത്തമാണ്. അറിഞ്ഞോ അറിയാതെയോ നിങ്ങളോടൊപ്പം കൂടിയ അസന്തുലിതമായ മനസ്സിൻ്റെ ചലനങ്ങളാണ് ആ വിരലനക്കങ്ങൾ. ഓരോ ശ്രമത്തിലും സന്തോഷം നൽകുന്ന എന്തെങ്കിലും പുതിയത് കിട്ടിയേക്കുമെന്ന ഉപബോധ മനസ്സിൻ്റെ അനിശ്ചിതമായ പ്രതീക്ഷയാണ് ഓരോ തോണ്ടലിലുമുള്ളത്. സാങ്കേതികമായി പറഞ്ഞാൽ നിങ്ങൾ ഒരു Variable Ratio Reinforcement ലൂപ്പിൽ കുടുങ്ങിയിരിക്കുകയാണ്. ഇത് ചൂതാട്ടത്തിന്റെ ആവത്തന സ്വഭാവവുമായി സാമ്യമുള്ളതാണ്. തോണ്ടി തോണ്ടി ചിലപ്പോൾ ഒന്നും കിട്ടാതെയും, ചിലപ്പോൾ ചെറിയ ആനന്ദം ലഭിച്ചും, തലച്ചോറിൽ ‘ഡോപമിൻ ലൂപ്’ സജീവമാവുന്നു; ഈ ലൂപിൽ പെട്ടാൽ പിന്നെയത് നിർത്താൻ തന്നെ ബുദ്ധിമുട്ടാകും. യഥാർത്ഥത്തിൽ പ്രചോദനത്തിനും പ്രതീക്ഷക്കും തേട്ടത്തിനുമായി തലച്ചോറിൽ ഉറവ പൊട്ടുന്ന അമൂല്യമായ ഹോർമോണാണ് ഡോപമിൻ.

സാങ്കേതിക ഗവേഷകയും ചിന്തകയുമായ Linda Stone ൻ്റെ Continuous Partial Attention എന്ന സങ്കല്പനം ഇവിടെ ശ്രദ്ധേയമാണ് -The mind is always scanning, never settling. നിങ്ങൾ എല്ലായിടത്തും പരതുന്നുണ്ട്, പക്ഷേ എവിടെയും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല.പലപ്പോഴും ഇത് ബോറടി, ആശങ്ക, ഏകാന്തത എന്നിവയിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഒരു നിശ്ശബ്ദ മാർഗ്ഗമായിട്ടാണ് തുടങ്ങുന്നത്. പിന്നീട് അത് കിട്ടാത്ത സന്തോഷത്തിനുവേണ്ടിയുള്ള ശീലം(Behaviour) തന്നെയായി മാറുന്നു. പക്ഷേ, ഇതിലൂടെ നിങ്ങൾ യഥാർത്ഥ ജീവിതത്തെ അനുഭവിക്കുന്നതിനുപകരം, അതിനെ പുറത്തുനിന്ന് മാത്രം കാണുന്ന പൊള്ള മനുഷ്യനായി മാറുന്നു. അസംതൃപ്തിയിൽ നിന്ന് അസംതൃപ്തിയിലേക്ക് വീണ്ടും വീണ്ടും വീണുകൊണ്ടിരിക്കുന്നു.

നമ്മുടെ സൈബർ ജീവിത സംസ്കാരത്തെ വിശകലനം ചെയ്യാനും മനസ്സിലാക്കാനും പുനർവിചിന്തനം ചെയ്യാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടായാലേ ഒരു ക്രിയാത്മക സോഷ്യൽ മീഡിയ സമൂഹമായി നമുക്ക് മാറാൻ കഴിയൂ. സമ്പൂർണ്ണ സാക്ഷരത കാര്യക്ഷമമായി കൈവരിച്ച, വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും സാമൂഹിക വികസനത്തിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനമെന്ന നിലയിൽ കേരളം സോഷ്യൽ മീഡിയ സാക്ഷരത കൂടി കൈവരിക്കേണ്ടത് കാലത്തിൻ്റെ ആവശ്യമാണ്.

നമ്മുടെ സാമൂഹിക മാധ്യമ ജീവിതത്തെ നിർണ്ണയിക്കുന്ന ആ ചോദ്യം നിങ്ങളുടെ ഇടപെടലുകൾക്കായി ഇവിടെ ബാക്കിയാവുന്നു:
നമ്മൾ കേൾക്കുന്ന ശബ്ദങ്ങളെ പിന്തുടരുന്നവരായി മാത്രം ഇനിയും തുടരണോ?
അതോ കൂടുതൽ ചിന്താപരവും ഉത്തരവാദിത്തമുള്ളതുമായ സംഭാഷണങ്ങൾ സൃഷ്ടിക്കുന്നവരായി മാറണോ?
ഈ തോണ്ടലൊന്ന് നിർത്തി എൻ്റെ മുഖത്തേക്ക് നോക്കുക;
ഉത്തരം നിങ്ങളുടെ വിരലുകളിലാണ്!

കെഎം മുസ്തഫ

By ivayana

Leave a Reply

Your email address will not be published. Required fields are marked *