രചന : അൻവർ ഷാ ഉമയനല്ലൂർ ✍️
മർത്യലോകത്തിന്നൊരുമ ദർശിക്കുവാൻ
കഴിയാതെയീശ്വരൻ
കരൾവാടി നിൽക്കുന്നു.
ഇരുൾ വീഥിയിൽ നമ്മൾ വെളിച്ചം നിറയ്ക്കാതെ,
തിരികെട്ട മനസ്സുമായ്
തമസ്സിൽത്തുടരുന്നു.
അഹന്താ കിരീടവു,മത്യാർത്തി ശീലവും
ശിരസ്സേറ്റി,യിന്നുമായിരുളാസ്വദിക്കുന്നു.
ദീനാനുകമ്പയും ദീപ്തമാം ചിന്തയു-
മില്ലാത്തവർക്കിടയിൽ നിലയുറപ്പിക്കുന്നു.
മുറിവേറ്റ ഹൃദയങ്ങളിണക്കാതെ പിന്നെയും
മതക്കരിങ്കല്ലിനാൽ മതിലുയർത്തീടുന്നു.
ഇടയിലായീശ്വരന്നാശ്വാസ വചനമാം
മാനവരൊന്നെന്ന മഹാമന്ത്രമോർക്കുന്നു.
തിരുത്തുവാനാകാത്തയപരാധ,മീവിധം
പുലർത്തുന്ന മർത്യരോ,ടരുതെന്നരുളുന്നു
സമസൃഷ്ടി ചിന്തകൾ
മറഞ്ഞതിൽപ്പിന്നെ,നാം
ദുഷ്ടരൂപങ്ങളായ് സമഷ്ടിയെത്തകർക്കുന്നു.
മർത്യോദയത്തിൽനാമെത്തിനിൽക്കുമ്പോഴും
സത്യം ഗ്രഹിക്കുവാനാകാതെപോകുന്നു.
നിത്യശ്രീകോവിൽ തൻഹൃദയമെന്നോർക്കാതെ,
വ്യർത്ഥജന്മങ്ങളായ് പുകഞ്ഞു ജീവിക്കുന്നു.
മാറാലകെട്ടാത്ത
വ്യതിരിക്ത മനസ്സുകൾ
സമഭാവരൂപത്തിൽ നിന്നെ വായിക്കുന്നു.
ലോകമരക്ഷണം മറയുവാൻ മാത്രമെ-
ന്നറിയുവോരാർദ്രമായരുതെന്നുണർത്തിലും
ക്ഷണേദ്രോഹ ചിന്തകളുളളിൽ വർഷിക്കുവോർ
മർത്യനാശത്തിൻ മഹാഗർത്തമേകുന്നു..

