കൈതപ്പൂമണമൊഴുകും
കൈത്തോട്ടുവരമ്പത്ത്
കൈതവമില്ലാതെ
കളിച്ചുനിന്നു.
കതിർക്കുല ചായുന്ന
വയൽവരമ്പത്തൂടെ
കമനീയകാന്തി
നുകർന്നു നീങ്ങി
കനകം വിളയുന്ന
മണ്ണിന്റെയാർദ്രത
കാല്പാദം മുകർന്നു
പുളകം കൊണ്ടു
പുന്നെല്ലു കൊറിയ്ക്കുവാ-
നെത്തിയ പൈങ്കിളി
യീണത്തിലൊരു വയൽ-
പ്പാട്ടു പാടി
തെങ്ങോല ചാമരം
വീശുന്ന വയലോര –
ത്തെന്തു കുളിർമ
നടന്നുനീങ്ങാൻ !
തെന്നിളനീർക്കുട –
മേന്തുന്ന കേരങ്ങൾ
പുണ്യം പകർന്നു
നിറഞ്ഞുനിന്നു .
വയൽപൂക്കൾ ചിരിയ്ക്കുന്ന
ഹരിതാഭ കണ്ടകണ്ടിട്ടു
വാനത്തു വർണ്ണ
മുകിൽ നിറഞ്ഞു
കൈതപ്പൂവൊരുങ്ങുന്ന
കൈതോലക്കൂട്ടത്തിൽ
കള്ളിക്കുയിലിന്റെ
കുരവ കേട്ടു.

എംപി ശ്രീകുമാർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *