രചന : സുരേഷ് പൊൻകുന്നം ✍️
എത്ര പെട്ടെന്നാണ് ഹൃദയങ്ങൾ
മുറിഞ്ഞു പോകുന്നത്,
ഒരു നേർത്ത കരച്ചിൽ പോലും
ഇല്ലാ,തൊരു തുള്ളി ചോര
പോലും പൊടിയാതെ,
ഹൃദയങ്ങളെ മുറിക്കാമെന്നു
നാം കണ്ടെത്തിയിരിക്കുന്നു,
ഒരു ശോകഗാനയീണം അകമ്പടിയില്ലാതെ
എത്രവേഗമാണ്
ഒരു പ്രണയപ്പുഴ വറ്റി വരണ്ടു
പോകുന്നത്,
എവിടെയാണ് ശ്വാസവും നിശ്വാസവും
നിന്നു പോയത്,
വേർപ്പുമുപ്പും വഴിപിരിഞ്ഞ
പിണക്കങ്ങളിൽ പണ്ടൊക്കെ
ഒരു കരച്ചിൽ ഉണ്ടായിരുന്നുവല്ലോ,
മൂക്ക് ചീറ്റിപ്പിഴിയൽ…
സാരിയുടെ കോന്തല കൊണ്ട്
ആരും…കാണാത്തൊരു
കണ്ണീർക്കണം..
(പ്രണയം പരാജയമാകുമ്പോൾ
കവിത ഇങ്ങനെ മതിയാകുമോ…)
പ്രണയസ്വപ്നങ്ങളെല്ലാമുടഞ്ഞു
പോയ,….യീ സായന്തനത്തിൽ
പിരിയുമ്പോളുള്ള
തിരിഞ്ഞു നോട്ടം വേണ്ടല്ലോ,
കരഞ്ഞും കലങ്ങിയും പെയ്ത മഴ….
എന്നേ….തോർന്നു പോയിരിക്കുന്നു
ശംഖുമുഖത്തെ മണൽത്തരികൾ
ചിരിക്കുമായിരിക്കും….
നിന്റെ പാദപതനങ്ങൾ
ഇനി ഉണ്ടാവുകയില്ലല്ലോ…..
അവ ചിരിക്കട്ടെ……
പിൻബഞ്ചിലേക്ക് മാറ്റിയിരുത്തിയ
കുട്ടിയെപ്പോലെ ഞാനും…
അപമാനിതൻ…
കുനിയും ശിരസ്സ്…
പ്രണയത്തിൽ ഒരു വിജയി മാത്രമേ
ഉളളൂ…
രണ്ടു പേർക്കും ഒരിക്കലും
വിജയിക്കാൻ പറ്റില്ല…
🙏🙏🙏🙏🙏
മിടിപ്പുനിലച്ച ഹൃദയത്തോടൊപ്പം
ഞാനും യാത്രയാകുന്നു.
🙏🙏🙏🙏🙏
