നിനക്കൊരു മാറ്റവുമില്ലപെണ്ണേ…
പഴയ ചിരിയും
ഓട്ടവും ചാട്ടവും ആ കുട്ടിത്തവുമെല്ലാം
ഉടയാതെ ഇന്നോളം
എങ്ങനെ സൂക്ഷിച്ചുവെന്ന്
നീ ചോദ്യമെറിയുമ്പോൾ ….
എൻ്റെ ചങ്കിലൊരു പിടപ്പായിരുന്നു….!
മറുചിരിയിൽ മറുപടിയൊതുക്കി
ഒരാലിംഗനത്തോടെ
നമ്മൾ പിരിയുമ്പോൾ
നിൻ്റെ വാക്കുകളിൽ
കുടുംബഭാരം ചുമക്കുന്ന
ആവലാതികളുടെ കൊടുങ്കാറ്റായിരുന്നു …!
നിൻ്റെ മുഖത്ത് വിഷാദഛായയായിരുന്നു
നീ സന്തോഷവതിയാണെന്നും നിനക്കു സുഖമാണെന്നും
നിൻ്റെ മുഖത്തു നിന്നും വായിച്ചെടുക്കാമെന്ന്
എൻ്റെ മുഖത്തേക്കുറ്റു നോക്കിക്കൊണ്ടു നീ പറയുമ്പോൾ ……
എൻ്റെ നെഞ്ചിടിപ്പിൻ്റെ
താളം പെരുമ്പറയായ്
പരിണമിക്കുന്നുണ്ടായിരുന്നു….!!
എൻ്റെ ആകാശത്ത് മഴക്കാറു മൂടുമ്പോഴൊക്കെ…..
വെൺ മേഘങ്ങൾ വാരിയെറിഞ്ഞ് ……
ക്രിത്രിമ നക്ഷത്രങ്ങളെ
നിറക്കാൻ ഞാൻ
പാടുപെടുകയായിരുന്നു ..
എൻ്റെ ആകാശത്തേക്ക്
ആര് നോക്കുമ്പോഴും
മഴക്കാറു കാണാൻ പാടില്ലെന്നും
നക്ഷത്രങ്ങൾ പുഞ്ചിരിച്ചു
നിൽക്കണമെന്നുമാണ്
ഞാൻ ആഗ്രഹിച്ചത് …!
ഹൃദയാന്തരങ്ങളിൽ
ഒരു വസന്തകാലത്തിൻ്റെ
ഒരിക്കലും നിലയ്ക്കാത്ത
സംഗീതമുണ്ട് ….!
കഴിഞ്ഞ കാല ഓർമ്മകളൊന്നും
മാഞ്ഞുപോകാതെ
സൂക്ഷിച്ചു വെക്കാൻ
ഈ ഇരുൾക്കാട്ടിലും
ഒരു മൺചിരാത്
മിഴി ചിമ്മാതെ കാവലുണ്ട്
അകതാരിൽ
ആരോ നിറച്ചു വെച്ച ഏതോ മാസ്മരിക താളമുണ്ട്….!
ഉള്ളിലെ നിറമുള്ള
കൗമാര ഭാവനകൾക്ക്
ഒരിക്കലും യൗവ്വനമോ
വാർധക്യമോ ബാധിക്കില്ല പെണ്ണേ…..!
പേമാരി കനത്ത്
കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുമ്പോഴും……
ഒരു പൂവിരിഞ്ഞു കണ്ടാൽ മതി ചുണ്ടിലൊരു
ചിരി വിടരാനെന്ന് ചാരെ
ചേർന്നിരുന്നവർ കളി പറയുന്നതൊക്കെ
നേരാണ് പെണ്ണേ……
ഒരു പൂവിരിഞ്ഞു കണ്ടാൽ മതി ഈയുള്ളവൾക്ക്
ചുണ്ടിലൊരു ചിരി വിടരാൻ …..!
ഉള്ളിലൊരു വിഷാദച്ചുഴി
രൂപം പ്രാപിക്കുമ്പോഴും…..
എല്ലാം മറന്നതുപോലെ ജീവിക്കാൻ
ഞാൻ പഠിച്ചു കഴിഞ്ഞു പെണ്ണേ……
തളർത്താനായ് എന്നിലേക്ക്
തിരയടിച്ചു കയറി വരുന്ന
സങ്കടക്കടലിനെയെല്ലാം ഹൃദയത്തിൽ തടയണ കെട്ടി നിർത്തും….!!
ഏകാന്തതയുടെ
ഗന്ധം പരക്കുമ്പോഴാണ്
ആ നോവുകടലിനെ മറ്റാരുമറിയാതെ ഒഴുക്കിക്കളയുന്നത് …..!!

By ivayana

Leave a Reply

Your email address will not be published. Required fields are marked *