നോവും മധുരവും ഇടകലർന്ന
ആശ്ലേഷമാണ് എന്റെ സ്‌നേഹം
വനത്തിന്റെ അഗാധ ഇരുളിൽ
നിഴലുകൾ
നിശബ്ദമായ് പുണരുന്ന
ഇടവഴികളിൽ
ഞാനവനെ കാത്തുനിന്നിരുന്നു—
പാലപ്പൂവിന്റെ മണത്തോളം മാധുര്യമുള്ള
അവന്റെ ശ്വാസങ്ങളിൽ
ഞാനെന്റെ ജീവശ്വാസം കലർത്തി
ചന്ദ്രന്റെ കാന്തിയിൽ
എന്റെ കണ്ണുകളിൽ തീയുണരുമ്പോൾ
അവന്റെ ചിരി
ഉന്മാദങ്ങളുടെ
ജാലകങ്ങൾ തുറന്നെന്റെ
രാത്രികളെ വിഴുങ്ങി
കാറ്റ്
എന്റെ മുടിയിൽ വിരലുഴിയുമ്പോൾ,
അവന്റെ പ്രണയം
തണുത്ത തടാകജലംപോലെ
എന്റെ കണ്ണുകളിൽ പതിഞ്ഞിരുന്നു
എങ്കിലും
ഞാനൊരു യക്ഷി—
രക്തത്തിൻ ദാഹവും
കാവ്യത്തിൻ മാധുര്യവും
ചേർന്നു പിറന്നവൾ
എന്റെ സ്‌നേഹം
ശാപത്തിന്റെ അരികിൽ വിരിഞ്ഞ
മഞ്ഞുമുല്ലയുടെ കിനാവുപോലെ
അവന്റെ ദൃഷ്ടി,
നക്ഷത്രങ്ങൾ പോലും കാണാത്ത
ഒരു ആഴത്തിൽ
എന്നെ ചേർത്തു പിടിച്ചു;
എന്നാൽ
അവന്റെ ഹൃദയത്തിലേക്കുള്ള വഴി
മുള്ളുവേലികളാൽ ഞാൻ
എന്നെന്നേക്കുമായി അടച്ചു
എങ്കിലും
അർദ്ധരാത്രിയുടെ ഇരുണ്ട യാമങ്ങളിൽ
ഞാൻ കാറ്റിനോട് ചോദിക്കുന്നു—
പാലപ്പൂവിന്റെ ഗന്ധമുള്ള
ഒരു ചുംബനത്തെ
നീയെവിടെ ഒളിച്ചുവെച്ചിരിക്കുന്നു__

സെറ എലിസബത്ത്

By ivayana