ഒരുഗ്രാമവും എക്കാലവും
കൊലുസിട്ട ശാലീനതയാവില്ല.
ചടുലമായ നടത്തയാവില്ല.
തൊണ്ടുകളും,ഇടവഴികളുമാവില്ല.
കാട്ടുകല്ലുകളാൽ തീർത്ത
കയ്യാലകളാവില്ല.
വൈവിധ്യങ്ങളുടെ പൂക്കൾ
എത്തി നോക്കില്ല.
ഒരു ഗ്രാമവും എക്കാലവും
നിറഞ്ഞൊഴുകുന്ന പുഴകളാവില്ല.
കണ്ടൽക്കാടുകൾ തീർക്കുന്ന
ആഭരണങ്ങളാവില്ല.
കൈതക്കാടുകളുടെ
നെക്ലേസണിഞ്ഞ തോടുകളാവില്ല.
ശ്യാമനിബിഡതകളുടെ അഹങ്കാരമാവില്ല.
ഒരു ഗ്രാമവും എക്കാലവും
ഇടുങ്ങിയ ടാറിട്ട
കയറ്റിറക്കങ്ങളാവില്ല.
വഴിയോരങ്ങളിലെ
വിരളം ചായക്കടകളാവില്ല,
മുറുക്കാൻ കടകളാവില്ല.
വഴിയോരങ്ങളിലെ
ഓടിട്ട വീടുകളോ,
വൈക്കോൽ മേഞ്ഞ
കുടിലുകളോ ആവില്ല.
കൊലുസിട്ട ശാലീനതകൾ മായും,
ചടുലമായ നടത്തകൾ ഓർമ്മകളാകും.
തൊണ്ടുകളും, ഇടവഴികളും
ടാറിട്ട പുഴകളാകും.
കൈയ്യാലകൾ
ചൈനീസ് വന്മതിലുകളാകും.
ഇടുങ്ങിയ തെരുവുകൾ
ഹൈവേകളാകും.
പുഴയും തോടും വരണ്ടുണങ്ങും.
കണ്ടൽക്കാടുകളുടെ,
കൈതക്കാടുകളുടെ ആഭരണങ്ങൾ
അപഹരിക്കപ്പെടും.
തെരുവീഥികൾക്കിരുവശങ്ങളിലും
ഒട്ടിയൊട്ടി കച്ചവടസ്ഥാപനങ്ങൾ,
ലോഡ്ജുകൾ, ഹോട്ടലുകൾ,
ബാങ്കുകൾ, ബാറുകൾ,
പിന്നിൽ ഗ്രാനൈറ്റിലും
മാർബിളിലും എഴുതിയ
മണിമാളികകൾ വിളങ്ങും.
ഒരിക്കൽ വിരളമായൊഴുകിയ
വാഹനങ്ങൾ പെരുകിയിരമ്പി
രാപ്പകൽ പായും.
ഒരു ഗ്രാമവും എക്കാലവും
കൊലുസിട്ട ശാലീനതയാവില്ല.
ചടുലമായ നടത്തകളാവില്ല.
ഒരു നഗരവും ഒരിക്കലും
കൊലുസിട്ട ശാലീനതകളാവില്ലല്ലൊ?

കെ.ആർ.സുരേന്ദ്രൻ

By ivayana