രചന : സ്മിത ചെന്താമരാക്ഷൻ ✍️
ഒരു കുടുംബം പരസ്പര വിശ്വാസത്തിലും സ്നേഹത്തിലും അധിഷ്ഠിതമായിരിക്കണം. എന്നാൽ താഴെ പറയുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അത് ‘വിഷലിപ്തമായ’ (Toxic) ഒന്നായി മാറുന്ന സാഹചര്യമുണ്ട്. കുടുംബം എന്ന സുരക്ഷിത തണലിൽ ഇരുന്നുകൊണ്ട് ഇത്തരം കടുത്ത നിയന്ത്രണങ്ങളും നുണകളും നേരിടേണ്ടി വരുന്ന സ്ത്രീകൾ അതീവ ഗുരുതരമായ സാഹചര്യമാണ് നേരിടുന്നത്. ഒരു വ്യക്തിയുടെ സ്വാഭാവികമായ വളർച്ചയെയും സമാധാനത്തെയും ഇത് പൂർണ്ണമായും തകർക്കുന്നു. ക്രമേണ അവരെ depression ലേക്കോ മരണത്തിലേക്കൊ തള്ളി വിടുന്നു.
▪️പൂർണ്ണമായ നിയന്ത്രണം: – ഓരോ ചെറിയ കാര്യത്തിനും പങ്കാളിയുടെ അനുവാദം ചോദിക്കേണ്ടി വരുന്നതും, സ്വന്തം പണത്തിനോ സമയത്തിനോ മേൽ യാതൊരു അവകാശവും ഇല്ലാതിരിക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്. ഇത് അറിയാതെ ഇതിന് കീഴ്പ്പെട്ട് ജീവിക്കുന്ന സ്ത്രീകൾ ഏറെയാണ്.
▪️നുണകളുടെ കൊട്ടാരം: – വിശ്വാസവഞ്ചനയും കള്ളങ്ങളും പതിവാക്കിയ ഒരാൾക്കൊപ്പം ജീവിക്കുന്നത് ഒരു ചതിക്കുഴിയിൽ നിൽക്കുന്നതിന് തുല്യമാണ്. സത്യം തിരിച്ചറിയാൻ പോലും കഴിയാത്ത വിധം അവർ സ്ത്രീകളെ ആശയക്കുഴപ്പത്തിലാക്കുന്നു (Gaslighting). ഇത് സ്ത്രീകളെ വൈകാരികമായി മനസികമായും ശാരീരികമായും തകർത്തു കളയും.
▪️കണക്ക് ബോധിപ്പിക്കൽ: – ക്രിമിനൽ കുറ്റം ചെയ്ത ഒരാളെപ്പോലെ സ്ത്രീകൾ നിരന്തരം ചോദ്യം ചെയ്യപ്പെടുന്നത് അവരുടെ ആത്മാഭിമാനത്തെ (Self-respect) വേരോടെ പിഴുതെറിയുന്നു.
▪️വൈകാരിക പീഡനം: – പുറമെ കാണുന്ന മുറിവുകളേക്കാൾ ആഴമേറിയതാണ് വാക്കുകൾ കൊണ്ടും അവഗണന കൊണ്ടും ഏൽക്കുന്ന മാനസികാഘാതം നിർവചനീയമാണ് .
▪️സ്വകാര്യതയുടെ അഭാവം: ഫോൺ പരിശോധിക്കുന്നതും, സുഹൃത്തുക്കളോടോ ബന്ധുക്കളോടോ സംസാരിക്കുന്നത് തടയുന്നതും ഒരാളെ ഒറ്റപ്പെടുത്താനുള്ള തന്ത്രമാണ്.
അതീവ ഗൗരവകരമായ ഒരു സത്യമാണത്. ശ്വാസം മുട്ടിക്കുന്ന നിയന്ത്രണങ്ങളും, നിരന്തരമായ നുണകളും, ഓരോ ചലനത്തിനും കണക്ക് ബോധിപ്പിക്കേണ്ടി വരുന്ന അവസ്ഥയും ഒരു സ്ത്രീയെ മാനസികമായി തളർത്തുന്നത് സ്വാഭാവികമാണ്. ഈ സാഹചര്യം ഒരു സ്ത്രീയെ ആത്മഹത്യയിലേക്കൊ, മാനസിക വിഭ്രാന്തിയിലേക്കോ തള്ളിയിടുന്നത് സ്വാഭാവികം മാത്രം.
▪️ആത്മവിശ്വാസം തകരൽ (Low Self-esteem): നിരന്തരമായ കുറ്റപ്പെടുത്തലുകളും നിയന്ത്രണങ്ങളും കേട്ടു മടുക്കുമ്പോൾ, താൻ എന്തിനും അയോഗ്യയാണെന്നും ഒറ്റപ്പെട്ടവളാണെന്നും അവൾക്ക് തോന്നിത്തുടങ്ങുന്നു.
▪️ഡിപ്രഷൻ (Depression): പുറത്തുപറയാൻ കഴിയാത്ത സങ്കടങ്ങളും വീടിനുള്ളിലെ ശ്വാസംമുട്ടലും ആഴത്തിലുള്ള വിഷാദത്തിലേക്ക് നയിക്കുന്നു. സന്തോഷം നൽകുന്ന കാര്യങ്ങളിൽ നിന്ന് അവൾ പതിയെ പിൻവാങ്ങുന്നു.
▪️ഭീതിയും ഉത്കണ്ഠയും (Anxiety): ഏതു നിമിഷവും ചോദ്യം ചെയ്യപ്പെടുമെന്നോ, അടുത്ത നുണ എപ്പോഴായിരിക്കും കേൾക്കേണ്ടി വരിക എന്നോ ഉള്ള ഭയം അവരെ എപ്പോഴും ജാഗ്രതയുള്ളവരാക്കുന്നു (Hyper-vigilance).
▪️ഒറ്റപ്പെടൽ (Isolation): മറ്റുള്ളവരോട് സംസാരിക്കുന്നത് നിയന്ത്രിക്കപ്പെടുമ്പോൾ സങ്കടം പങ്കുവെക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ വരുന്നു. ഈ ഏകാന്തതയാണ് ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകളിലേക്ക് പലരെയും എത്തിക്കുന്നത്.
▪️സഹായം ചോദിക്കാനുള്ള മടി: കുടുംബത്തിനകത്തെ പ്രശ്നങ്ങൾ പുറത്തുപറഞ്ഞാൽ അന്തസ്സ് പോകുമോ എന്ന ഭയമോ, ആരും വിശ്വസിക്കില്ല എന്ന പേടിയോ അവരെ നിശബ്ദരാക്കുന്നു.
ഇതൊരു അന്ത്യമല്ല എന്ന് തിരിച്ചറിയുകയാണ് പ്രധാനം. ഇത്തരം സാഹചര്യങ്ങളിൽ നിന്ന് പുറത്തുകടക്കാൻ നിരവധി വഴികളുണ്ട്. ഒരാളുടെയും അധികാരത്തിന് കീഴിൽ ഒടുങ്ങിപ്പോകേണ്ടതല്ല ഒരു സ്ത്രീയുടെ ജീവിതം. തന്റെ ജീവിതത്തിന്മേൽ അവൾക്ക് മാത്രമാണ് അധികാരം. ആത്മഹത്യ ഒരു പരിഹാരമല്ല, മറിച്ച് സ്വയം വീണ്ടെടുക്കുക എന്നതാണ് ഏറ്റവും വലിയ വിജയം.

