പ്രിയപ്പെട്ടവരെ, മലയാളസാഹിത്യത്തിൽ അനശ്വരയായ സാഹിത്യകാരി മാധവിക്കുട്ടിയുടെ ജന്മവാർഷികദിനമായ ഇന്ന് (മാർച്ച് 31) നാമേവരും സ്നേഹാദരവോടെ,ആരാധനയോടെ സ്മരിക്കുന്ന ആ കഥാകാരിയെക്കുറിച്ചുള്ള കുറച്ചുകാര്യങ്ങൾ എന്റെ വീക്ഷണത്തിലൂടെ ഞാനിവിടെ നിങ്ങൾക്കായി സമർപ്പിക്കുന്നു🙏 നിങ്ങളേവരും വായിക്കുമെന്ന വിശ്വാസത്തോടെ🙏
ലേഖനം

പ്രണയം…
ജീവനുള്ളവയിലെല്ലാം കുടികൊള്ളുന്ന ഉൽകൃഷ്ടമായ
ഒരുവികാരം.അനിർവചനീയമായൊരനുഭൂതി.
മനുഷ്യരിൽ മാത്രമല്ല പക്ഷിമൃഗാദികളിലും സസ്യലതാദികളിലും ദിവ്യമായ ഈ വികാരം അന്തർലീനമായിട്ടുണ്ട്.
പ്രണയമെന്ന ശ്രേഷ്ഠമായപദം നമ്മുടെ മനസ്സിലേക്ക് കടന്നുവരുമ്പോൾ സ്മൃതിപഥത്തിൽ തെളിയുന്നൊരു കമനീയരൂപമുണ്ട്. പ്രൗഢിയും തേജസ്സുമുള്ള പ്രണയത്തിൻ്റെ രാജകുമാരിയുടെമുഖം . മലയാളസാഹിത്യത്തിലെന്നും നിറഞ്ഞുനില്ക്കുന്ന ഈ
അതുല്യപ്രതിഭയുടെ തൂലിക
ഏറെയും ചലിച്ചത് പ്രണയത്തിൻ്റെ, കാല്പനികമായ ലോകത്തിലൂടെയാണ്.
മാതൃഭൂമി മാനേജിംഗ് എഡിറ്റർ
ശ്രീ. വി.എം.നായരുടേയും നാലപ്പാട്ട് ബാലാമണിയമ്മയുടേയും പുത്രിയായി 1934 മാർച്ച് 31 ന് പുന്നയൂർക്കുളത്തു ജനിച്ച കമലയെന്ന മലയാളത്തിന്റെ സ്വന്തംമാധവിക്കുട്ടി സാഹിത്യനഭസ്സിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചത് പ്രണയത്തിൻ്റെ ഭാവതലങ്ങൾ അതിശക്തമായി ആവിഷ്ക്കരിച്ചു കൊണ്ടാണ്.
മാധവിക്കുട്ടി വായനക്കാരുടെ ഹൃദയത്തിൽ പ്രതിഷ്ഠിതമായത് പ്രണയത്തിൻ്റെ, കാല്പനികതയുടെ രാജകുമാരി
എന്നനാമത്തിലാണ്.
പതിനാറായിരത്തിലധികം കഥകളെഴുതിയ അവരുടെ
മിക്കകഥകളിലും ലൈംഗികത സ്പർശിച്ചിരുന്നുവെന്നുള്ള ധ്വനി വായനാലോകത്തു ഉയർന്നുവന്നിരുന്നു.
സദാചാരവാദങ്ങളുടെ പൊള്ളത്തരങ്ങളെ പൊളിച്ചെഴുതിയ മാധവിക്കുട്ടി, സദാചാരത്തിനു മൂല്യമുണ്ടോ
എന്നചോദ്യത്തിന് , ഇല്ലഎന്ന്
തുറന്നടിച്ച്പറഞ്ഞ ഉശിരുളള എഴുത്തുകാരിയാണ്.
അങ്ങനെ
തുറന്നുപറയാൻ എല്ലാവർക്കും കഴിഞ്ഞിരുന്നില്ല. അന്നും ഒരുപക്ഷെ ഇന്നും.
സങ്കുചിതമായ സാമൂഹ്യവ്യവസ്ഥിതിയിൽനിന്നുകൊണ്ട്, എൻ്റെ പ്രണയം ഇങ്ങനെയാണ്,
ഞാൻഇങ്ങനെയാണെന്ന്
സാമൂഹികവ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ട് തൂലികചലിപ്പിക്കാൻ ധൈര്യം കാണിച്ച കഥാകാരിയെ പ്രണയത്തിൻ്റെ രാജകുമാരിയെന്നു വിശേഷിപ്പിക്കുമ്പോൾ, അവരുടെ വാക്കുകളിലൂടെ പ്രവഹിച്ച പ്രണയത്തിൻ്റെ അദൃശ്യമായ മാസ്മരികഭാവം തൊട്ടറിയാൻ മലയാളത്തിനു കഴിഞ്ഞിട്ടുണ്ടോയെന്ന് ഇനിയും വിലയിരുത്തേണ്ടതുണ്ട് .
പ്രണയത്തെപ്പറ്റി പലരും
തുറന്നുപറയാൻ മടിക്കുമ്പോൾ ചങ്കൂറ്റത്തോടെ
തന്റെപ്രണയം വ്യക്തമാക്കിയപ്പോൾ മുഖംമൂടിയണിഞ്ഞ സദാചാരലോകം അവരെ പരിഹാസത്തോടെ, പുച്ഛത്തോടെ വിമർശിച്ചു. പക്ഷേ പ്രണയത്തെ
ദിവ്യമായികണ്ട കഥാകാരി
തൻ്റെനേർക്കുവന്ന വിമർശനങ്ങളെ സധൈര്യംനേരിട്ടു.
കാരണം
അവർമനസ്സിലാക്കിയിരുന്നു ഈ കപടസദാചാരവാദികളുടെ ഉള്ളിലും ആഴത്തിൽ കുടികൊള്ളുന്നുണ്ട് പ്രണയമെന്നവികാരമെന്ന് .
പകൽമാന്യതയുടെ മൂടുപടത്തിനുള്ളിൽ ഭദ്രമായി ഒതുക്കിപ്പിടിച്ചിരിക്കുന്ന ജ്വലിക്കുന്ന പ്രണയാഗ്നിയെ ഇക്കൂട്ടർ
കണ്ടില്ലന്ന്നടിക്കുകയും പ്രണയമെന്ന
മാനവികവികാരത്തെ നഖശിഖാന്തം ചെറുത്തുതോൽപ്പിക്കുവാനായി
രംഗത്ത്വരികയും ചെയ്തു.
ഇരുമനസ്സുകളുടെ ലയനമാണ് പ്രണയമെങ്കിൽ, മാധവിക്കുട്ടിയുടെ വാക്കുകളിലൂടെ പറയുമ്പോൾ
” നിന്നെ എനിക്ക് പ്രണയിക്കണമെങ്കിൽ നിൻ്റെഅനുവാദം പോലും വേണമെന്നില്ല.” അതാണ് പ്രണയത്തിലുള്ള ഏറ്റവുംവലിയ അവകാശം.
ഈസത്യം മലയാളത്തിന് മനസ്സിലാക്കിക്കൊടുത്തു മാധവിക്കുട്ടി തൻ്റെ എഴുത്തുകളിലൂടെ.
സത്യമല്ലേ,എനിക്ക് മറ്റൊരാളെ പ്രണയിക്കണമെങ്കിൽ, അയാൾപോലുമറിയാതെ പ്രണയിക്കാം.
ആ അവകാശം ലോകത്തിലുള്ള ഒരു ഉടമ്പടിക്കുമില്ല. അത് പ്രണയത്തിന്‌മാത്രമേ ഉള്ളൂ.
പ്രണയമെന്ന വികാരത്തെ ഇത്രയും അർത്ഥഗർഭമായി എഴുതിബോധിപ്പിച്ച മറ്റൊരു കഥാകാരി ഇല്ലെന്നു തന്നെ പറയാം.
നീർമാതളത്തിൻ്റെ സൗന്ദര്യവും പ്രണയത്തിൻ്റെ സുഗന്ധവും നൈർമ്മല്യതയും കൈമുതലാക്കിയ നഷ്ടപ്രണയത്തിൻ്റെ നീലാംബരിയായ ആമി.
മലയാളത്തിൻ്റെ യുവത്വങ്ങൾക്ക് ഇങ്ങനെ ഒരവകാശമുണ്ടെന്ന് പറഞ്ഞുകൊടുത്ത് ധൈര്യംപകർന്ന് പ്രണയിക്കാൻപഠിപ്പിച്ച ഒരേയൊരു എഴുത്തുകാരി.
അവരുടെ കഥകളിലെല്ലാം തന്നെയുള്ള സ്ഥായിയായഭാവം പ്രണയമാണ്. തീവ്രമായ, ആർദ്രമായ, ലോലമായ പ്രണയം.
മാധവിക്കുട്ടിക്കു മുൻപും ശേഷവും ഇവിടെ നീർമാതളം പൂത്തിട്ടുണ്ട്.
പക്ഷേ മാധവിക്കുട്ടി ജീവിച്ചിരുന്നകാലത്ത് പൂത്ത നീർമാതളത്തിന്റെ പ്രണയസുഗന്ധം പിന്നീടൊരിക്കലും മലയാളസാഹിത്യത്തിൽ ഉണ്ടായിട്ടില്ല.
വെറുപ്പും വൈരാഗ്യവും
തെറ്റായചിന്തയെന്നും സ്നേഹമെന്നവികാരം പരിശുദ്ധമാണെന്നും അവർ
ഉറപ്പിച്ചുപറയുന്നു തൻ്റെ കഥാപാത്രങ്ങളിലൂടെ.
ഒരുസ്ത്രീയുടെ വിചാരവികാരങ്ങളെ, സ്വപ്നങ്ങളെ, പ്രതീക്ഷകളെയെല്ലാം സത്യസന്ധമായി അവർ ആവിഷ്ക്കരിച്ചു.
ഒട്ടനവധി സാഹിത്യസൃഷ്ടികൾ മലയാളത്തിൽ
പിറവികൊണ്ടിട്ടും ഇന്നും
ചർച്ചചെയ്യപ്പെടുന്ന കഥകളാണ് മാധവിക്കുട്ടിയുടെ കഥകൾ. പെണ്ണിൻ്റെ ആർദ്രവും ചപലവും ലോലവുമായ മനസ്സ് തുറന്നുകാട്ടുന്ന കഥകൾ.
കീഴ്‌വഴക്കങ്ങളെ ലംഘിച്ചു കൊണ്ട് മലയാളിയുടെ സാംസ്ക്കാരികലോകത്ത് പുതുവിപ്ലവത്തിന് തുടക്കമിട്ട മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ടനീലാംബരി എന്ന കഥാസമാഹാരത്തിലെ ഓരോകഥയിലും നിറഞ്ഞുനില്ക്കുന്നത് സ്ത്രീയുടെ വിവിധഭാവങ്ങളാണ്.
യാഥാർത്ഥ്യവും ഭാവനയും ഇടകലർന്ന കഥാലോകത്ത് നിർവ്വചനങ്ങളില്ലാതെ സ്ത്രീയുടെ സ്വത്വം തുറന്നുകാട്ടാൻ ധൈര്യംകാണിച്ച കഥാകാരി.
ഒരുപെണ്ണ്പറയാൻ
പാടില്ലെന്ന്
സമൂഹംവിലക്കുന്ന കാര്യങ്ങൾ തുറന്നുപറഞ്ഞെന്ന് ആരോപിച്ച് കണ്ണുരുട്ടിയവർ പോലും
ആ തൂലികയിൽവിരിഞ്ഞ പ്രണയാക്ഷരങ്ങളെ ഹൃദയത്തോടു ചേർത്തുവെച്ച് താലോലിച്ചിരുന്നു. മറ്റുള്ളവർ കാണാതെയാണെന്നു മാത്രം.
ഇന്നും മാധവിക്കുട്ടിയുടെ കഥകൾ വായനാലോകം വായിച്ചാസ്വദിക്കുകയാണ്.
.പ്രണയം അങ്ങനെയാണ്.
ആനന്ദമേകുന്നതിനെ ആരും നിരാകരിക്കില്ല. പ്രണയം ആനന്ദമാകുന്നു.
ഒരു തെളിനീരുറവ പോലെ ഒഴുകിപ്പരക്കുന്ന പ്രണയവികാരത്തെ മാധവിക്കുട്ടി തൻ്റെ ചിന്തയിലുടനീളം ചാലിച്ചുചാർത്തി അത് ഓരോരോ രചനകളിലൂടെ
വായനാമനസ്സുകളിലേക്ക് തുറന്നുവിട്ടിരുന്നു എന്ന് കാണാം.
ശാശ്വതമായ
ആസത്യത്തിൻ്റെ
ഉറവതേടി ഒരു ഏകാന്തപഥികയെ പോലെ
മാധവിക്കുട്ടി ഇന്നും പ്രണയമാനസങ്ങളുടെ ഇഷ്ടതോഴിയായി ജീവിക്കുന്നു.

ഒ.കെ.ശൈലജടീച്ചർ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *